ലോക്‌സഭാ തെരഞ്ഞെടുപ്പിന് ചൂടേറിയതോടെ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ പണവും, മദ്യവും അങ്ങിനെ ആവശ്യമുള്ളതെല്ലാം നല്‍കുന്ന അവസ്ഥയാണ് ചിലയിടങ്ങളില്‍. ഇത് പിടികൂടാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനും പോലീസും ഒത്തുപിടിച്ചപ്പോള്‍ പണത്തിന് പുറമെ സ്വര്‍ണ്ണവും, മയക്കുമരുന്നും വരെ വലയില്‍ കുടുങ്ങുന്നുണ്ട്. ഇതോടെ രാജ്യത്തെ സ്വര്‍ണ്ണ കള്ളക്കടത്തുകാര്‍ പ്രവര്‍ത്തനം കുറച്ചതായാണ് റിപ്പോര്‍ട്ട്.
വോട്ടിന് പകരമായി പണവും, മറ്റ് സാധനങ്ങളും രാഷ്ട്രീയ പാര്‍ട്ടികള്‍ വോട്ടര്‍മാര്‍ക്ക് നല്‍കുന്നത് പതിവാണ്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇത് തടയാന്‍ വിവിധ ഇടങ്ങളില്‍ പരിശോധന കര്‍ശനമാക്കിയിരുന്നു. എന്നാല്‍ ഇത് കള്ളക്കടത്തുകാര്‍ക്ക് കുരുക്കായി. കഴിഞ്ഞ മാസം മുംബൈയിലാണ് ഏറ്റവും വലിയ വേട്ട നടന്നത്. 30 കോടി മൂല്യമുള്ള 107 കിലോ സ്വര്‍ണ്ണമാണ് റവന്യൂ ഇന്റലിജന്‍സ് ഡയറക്ടറേറ്റ് പിടിച്ചത്.
കള്ളക്കടത്ത് കുറഞ്ഞതോടെ ബാങ്കുകളില്‍ സ്വര്‍ണ്ണ ഇറക്കുമതി വര്‍ദ്ധിച്ചു. ഇത് ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സ്വര്‍ണ്ണം വാങ്ങലുകാരായ രാജ്യത്തിന് ആഗോള നിരക്കില്‍ പ്രീമിയം ഈടാക്കാന്‍ ബാങ്കുകള്‍ക്ക് അവസരം നല്‍കുകയാണ്. തെരഞ്ഞെടുപ്പ് സമയത്ത് റിസ്‌ക് എടുക്കേണ്ടെന്നാണ് കരിഞ്ചന്തക്കാരുടെ നിലപാടെന്ന് ജിജെസി ചെയര്‍മാന്‍ അനന്ത പത്മനാഭന്‍ ചൂണ്ടിക്കാണിക്കുന്നു.