ഇന്ത്യന്‍ സമ്പദ്ഘടന ഏപ്രില്‍-ജൂണ്‍ പാദത്തില്‍ 8.2% വളര്‍ച്ചാനിരക്ക് രേഖപ്പെടുത്തി. 15 പാദങ്ങളില്‍ വെച്ച് ഏറ്റവും ഉയര്‍ന്ന വളര്‍ച്ചയാണ് ആദ്യ പാദത്തില്‍ കാഴ്ചവെച്ചത്. നിര്‍മ്മാണ, കാര്‍ഷിക മേഖലയിലെ മികച്ച പ്രകടനമാണ് സാമ്പത്തികവര്‍ഷത്തിലെ ആദ്യ പാദത്തില്‍ അനുകൂലമായ ഫലം സൃഷ്ടിച്ചതെന്ന് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കി.
ഇതിന് മുന്‍പുള്ള ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന ജിഡിപി വളര്‍ച്ച 2014-15 കാലത്തായിരുന്നു. ആ വര്‍ഷം ജൂലൈ-സെപ്റ്റംബര്‍ മാസത്തില്‍ 8.4 ശതമാനമായിരുന്നു വളര്‍ച്ച. 2018-19 വര്‍ഷത്തിലെ ആദ്യ പാദത്തിലെ ജിഡിപി 33.74 ലക്ഷം കോടിയുടേതാണ്.
2017-18 വര്‍ഷത്തിലെ ആദ്യ പാദത്തില്‍ ഇത് 31.18 ലക്ഷം കോടിയായിരുന്നു. 8.2% വളര്‍ച്ചാനിരക്കാണ് രേഖപ്പെടുത്തിയതെന്ന് സെന്‍ഡ്രല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് വ്യക്തമാക്കി. 2018-ലെ ആദ്യ മൂന്ന് മാസങ്ങളില്‍ ഇന്ത്യ 7.7% വാര്‍ഷിക വളര്‍ച്ചയും രേഖപ്പെടുത്തി.
ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സാമ്പത്തിക ശക്തിയായ ചൈനയുടെ വളര്‍ച്ച ജൂണ്‍ പാദത്തില്‍ 6.7 ശതമാനമാണ്. മാര്‍ച്ചില്‍ ഇത് 6.8 ശതമാനമായിരുന്നു. 2017-ല്‍ 2.597 ട്രില്ല്യണ്‍ ഡോളര്‍ സമ്പത്തുമായി ഫ്രാന്‍സിനെ മറികടന്ന് ഇന്ത്യ ലോകത്തിലെ ആറാമത്തെ സാമ്പത്തിക ശക്തിയായി മാറിയിരുന്നു.