സ്വദേശത്ത് പോയി ഇഷ്ടമുള്ള കാര്യങ്ങളെല്ലാം ചെയ്ത് യുകെയില്‍ തിരിച്ചെത്തി സുഖമായി ജീവിക്കാമെന്ന് വിചാരിച്ചാണ് ഫിസിക്‌സ് അധ്യാപകനായ ജോഷിം നൂര്‍ ഇറങ്ങിത്തിരിച്ചത്. എന്നാല്‍ വീട്ടുകാര്‍ നിശ്ചയിച്ചുറപ്പിച്ചത് അനുസരിച്ച് വെറും 13 വയസ്സ് മാത്രം പ്രായമുള്ള പെണ്‍കുട്ടിയെ വിവാഹം കഴിക്കുകയും, പ്രായപൂര്‍ത്തിയാകാത്ത ആ കുട്ടിയുമായി ലൈംഗികതയില്‍ ഏര്‍പ്പെടുകയും ചെയ്ത കുറ്റത്തിന് അധ്യാപക ജോലിയില്‍ നിന്നും ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയത് വരെ നീണ്ടു ആ തീരുമാനത്തിന്റെ പ്രത്യാഘാതങ്ങള്‍. ഇപ്പോള്‍ 34 വയസ്സുള്ള നൂര്‍ 2006-ലാണ് സ്വദേശമായ ബംഗ്ലാദേശിലെത്തി പെണ്‍കുട്ടിയെ വിവാഹം ചെയ്യുന്നത്. പെണ്‍കുട്ടിയുടെ പിതാവ് മകളെ വെച്ച് തയ്യാറാക്കിയ വീഡിയോ കണ്ട് ഇഷ്ടപ്പെട്ട ശേഷമായിരുന്നു വിവാഹം.
വിവാഹം കഴിക്കാന്‍ പോകുന്ന വ്യക്തിയെ കേവലം ചടങ്ങിന് മൂന്ന് ദിവസം മുന്‍പാണ് ചൈല്‍ഡ് എ എന്ന് മാത്രം അഭിസംബോധന ചെയ്യുന്ന പെണ്‍കുട്ടി കണ്ടുമുട്ടിയത്. വിവാഹരാത്രിയില്‍ തന്നെ ഇയാള്‍ പെണ്‍കുട്ടിയെ ലൈംഗികമായി ഉപയോഗിച്ചു. യുകെയിലേക്ക് കുട്ടിയെ എത്തിച്ച ശേഷം ഒരു ഫാമിലി പ്ലാനിംഗ് ക്ലിനിക്കിലേക്കാണ് ആദ്യം കൊണ്ടുപോയത്. ഇവിടെ നിന്നും കോണ്‍ട്രാസെപ്റ്റീവ് മരുന്ന് നല്‍കപ്പെട്ടു. ആ സമയത്ത് നൂര്‍ ബ്ലാക്ക്ഫ്രയാഴ്‌സിലെ ലണ്ടന്‍ നോട്ടിക്കല്‍ സ്‌കൂളില്‍ ഫിസിക്‌സ് അധ്യാപകനായി ജോലി നോക്കുകയായിരുന്നു. 18 വയസ്സ് തികഞ്ഞതായി ധരിച്ചാണ് പെണ്‍കുട്ടിയെ വിവാഹം ചെയ്തതെന്ന നൂറിന്റെ വാദങ്ങള്‍ കവന്‍ട്രി ടീച്ചിംഗ് റെഗുലേഷന്‍ അതോറിറ്റി പാനല്‍ തള്ളി.
ഈ വാദങ്ങള്‍ വിശ്വസിക്കാന്‍ തയ്യാറാകാതിരുന്ന പാനല്‍ വധുവിന്റെ വാക്കുകളെ അംഗീകരിച്ചു. വിവാഹത്തിന് മൂന്ന് ദിവസം മുന്‍പ് തനിക്ക് 13 വയസ്സ് മാത്രം ആയിട്ടുള്ളെന്നും, 8-ാം ക്ലാസിലാണ് പഠിക്കുന്നതെന്നും പെണ്‍കുട്ടി വ്യക്തമാക്കിയിരുന്നു. പെണ്‍കുട്ടിയുടെ മാതാപിതാക്കളാണ് തന്നെ ചതിച്ചതെന്നാണ് നൂര്‍ ആരോപിച്ചത്. കുട്ടിയുടെ യഥാര്‍ത്ഥ പ്രായത്തെക്കുറിച്ച് തനിക്ക് അറിവുണ്ടായില്ലെന്നും ഇയാള്‍ പറയുന്നു. 2013-ല്‍ പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കുകയും, ബോണ്‍ ടെസ്റ്റില്‍ വിവാഹ സമയത്ത് പ്രായപൂര്‍ത്തി ആയിരുന്നില്ലെന്ന് സ്ഥിരീകരിക്കുകയുമായിരുന്നു. ദമ്പതികള്‍ എങ്ങിനെയാണ് ഒരുമിച്ച് താമസിച്ചതെന്നും, ഇവര്‍ക്ക് കുട്ടികള്‍ ഉണ്ടായിട്ടുണ്ടോയെന്നും വ്യക്തമല്ല.
2006-ല്‍ ഭാര്യക്ക് 13 വയസ്സായിരുന്നുവെന്ന് പാനലിന് മുന്നില്‍ നൂര്‍ ഒടുവില്‍ സമ്മതിച്ചു. എന്നാല്‍ തനിക്ക് ഇതേക്കുറിച്ച് അറിവുണ്ടായിരുന്നില്ലെന്ന വാദത്തില്‍ ഇയാള്‍ ഉറച്ചുനിന്നു. അധ്യപകനായി ജോലി നോക്കുന്ന ഒരു വ്യക്തിയുടെ ഈ വീഴ്ച അംഗീകരിക്കാന്‍ കഴിയില്ലെന്ന് പാനല്‍ വ്യക്തമാക്കി. ഇതോടൊപ്പം ഇനി ഭാവിയില്‍ നൂര്‍ അധ്യാപനത്തിന് ഇറങ്ങില്ലെന്നും പാനല്‍ ഉത്തരവിട്ടു.