ഫേസ്ബുക്കില്‍ ഒരു അഭിപ്രായം കുറിയ്ക്കുമ്പോള്‍ തന്റെ ജീവിതം മാറ്റിമറിക്കാനുള്ള കാര്യങ്ങളിലേക്ക് സംഗതി നയിക്കുമെന്ന് ഫെലിക്‌സ് ഗോള്‍ സ്വപ്‌നത്തില്‍ പോലും കണ്ടിരുന്നില്ല. സ്വവര്‍ഗ്ഗ വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ തന്റെ വിശ്വാസം അനുവദിക്കാത്തതിനാല്‍ ഇത് ചെയ്ത് നല്‍കാതിരുന്ന അമേരിക്കന്‍ ഉദ്യോഗസ്ഥയുടെ നിലപാടിനെ പ്രതിരോധിക്കാന്‍ ബൈബിളിലെ വാക്യം ഉദ്ധരിച്ച് കൊണ്ടാണ് കടുത്ത ക്രിസ്തീയ വിശ്വാസിയായ ഫെലിക്‌സ് ഫേസ്ബുക്കില്‍ ഒരു പോസ്റ്റിട്ടത്.
എന്നാല്‍ സാധാരണ നിലയില്‍ കുറിച്ച ആ വാക്കുകള്‍ക്ക് ഫെലിക്‌സ് നല്‍കേണ്ടി വന്നത് വലിയ വിലയാണ്. സ്വവര്‍ഗ്ഗപ്രേമത്തോട് വിരോധമുള്ള വ്യക്തിയെന്ന് മുദ്രകുത്തിയാണ് സോഷ്യല്‍ വര്‍ക്കറായി പരിശീലനം നേടുകയായിരുന്ന യൂണിവേഴ്‌സിറ്റിയില്‍ നിന്നും അദ്ദേഹത്തെ പുറത്താക്കിയത്. മതഭ്രാന്തനെന്ന് മുദ്രകുത്തപ്പെട്ടതോടെ ജോലി നേടാനുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെട്ടു. മാസങ്ങള്‍ നീണ്ട അലച്ചിലിനൊടുവില്‍ ലഭിച്ച ജോലി കുടുംബത്തില്‍ നിന്നും മാറിത്താമസിക്കാനുള്ള വഴിയും ഒരുക്കി.
മൂന്ന് വര്‍ഷമായി നീളുന്ന ഈ ദുരനുഭവങ്ങള്‍ക്കൊടുവില്‍ ബ്രിട്ടനിലെ ക്രിസ്തീയ വിശ്വാസികള്‍ക്കായി ചരിത്ര പ്രാധാന്യമുള്ള വിധി സമ്പാദിക്കുന്നതില്‍ വിജയിച്ചിരിക്കുകയാണ് 41-കാരനായ ഫെലിക്‌സ്. കോര്‍ട്ട് ഓഫ് അപ്പീലാണ് വിശ്വാസിക്കൊപ്പം നിലകൊള്ളുന്ന വിധി പുറപ്പെടുവിച്ചത്. ഒരു സ്വവര്‍ഗ്ഗപ്രേമിയെയും അധിക്ഷേപിക്കാത്ത ഫെലിക്‌സ് ഇവരുടെ വിരോധി അല്ലെന്നും ജഡ്ജ് വ്യക്തമാക്കി. തന്റെ ക്രിസ്ത്യന്‍ വിശ്വാസം സംരക്ഷിക്കപ്പെടുമെന്ന് കരുതിയ ബ്രിട്ടനില്‍ ഇത് ചോദ്യം ചെയ്യപ്പെട്ടത് എങ്ങിയെന്ന് തിരിച്ചറിയാന്‍ ഫെലിക്‌സിന് ഇപ്പോഴും സാധിച്ചിട്ടില്ല.
ക്രിസ്തു മതത്തില്‍ വിശ്വസിച്ച് പോയതിന്റെ പേരില്‍ സ്വദേശമായ കാമറൂണില്‍ കൂട്ടക്കൊലയ്ക്ക് ഇരയാകുമെന്ന് ഭയന്ന് പലായനം ചെയ്ത ഫെലിക്‌സ് അഭയാര്‍ത്ഥിയായാണ് ബ്രിട്ടീഷ് മണ്ണിലെത്തിയത്. നിയമം തനിക്കൊപ്പം നിന്നെങ്കിലും ഇത് കൊണ്ടൊന്നും അഭിപ്രായ സ്വാതന്ത്ര്യവും, വിശ്വാസവും സംരക്ഷിക്കപ്പെടുമെന്ന വിശ്വാസം ഇദ്ദേഹത്തിനില്ല. യൂണിവേഴ്‌സിറ്റി ഓഫ് ഷെഫീല്‍ഡിലെ ഇടതുപക്ഷക്കാരാണ് തന്നെ പുറത്താക്കാന്‍ ഒത്താശ കൂടിയതെന്ന് ഫെലിക്‌സ് ഉറച്ച് വിശ്വസിക്കുന്നു.
അധ്യാപകനായിരുന്ന ഫെലിക്‌സ് സൗത്ത് യോര്‍ക്ക്ഷയറിലെ ബാണ്‍സ്ലിയില്‍ അധ്യാപികയായ ഭാര്യ പെപ്‌സിക്കൊപ്പമാണ് താമസം. ഇവര്‍ക്ക് മൂന്ന് മക്കളുണ്ട്. പ്രാദേശിക പള്ളിയില്‍ ഇരുവരും സജീവമാണ്. വിധി അനുകൂലമായതോടെ പഠനം പുനരാരംഭിക്കാമെന്ന പ്രതീക്ഷയിലാണ് ഫെലിക്‌സ്.