മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംസ്ഥാന സര്‍ക്കാര്‍ ധനസമാഹരണ അഭ്യര്‍ഥന നടത്താതെ തന്നെ ഒറ്റ ദിവസം കൊണ്ടു വന്നെത്തിയതു 2.55 കോടി രൂപ. സര്‍ക്കാരിനു സംഭാവന നല്‍കരുതെന്ന തരത്തിലുള്ള തെറ്റായ പ്രചാരണത്തിനെതിരെ പ്രമുഖരും രംഗത്തെത്തിയതോടെ കേരളം മഴക്കെടുതിയെ ഒറ്റക്കെട്ടായി അതിജീവിക്കുകയാണ്.
സാമൂഹിക മാധ്യമങ്ങള്‍ വഴി തുടക്കമിട്ട സംഭാവന ചാലഞ്ചാണു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു വീണ്ടും പണമൊഴുക്കു കൂട്ടിയത്. സാധാരണ 25 മുതല്‍ 35 ലക്ഷം രൂപ വരെയാണ് ദുരിതാശ്വാസ നിധിയിലേക്കു ദിവസേന എത്തുക. എന്നാല്‍, ഞായറാഴ്ച രാത്രി മുതല്‍ ഇന്നലെ വൈകിട്ടുവരെ 15,029 പേര്‍ ചെറുതും വലുതുമായ തുക സംഭാവന നല്‍കിയതോടെ ഒറ്റ ദിവസത്തെ വരവ് 1.60 കോടി കവിഞ്ഞു.
റിമ കല്ലിങ്കല്‍, ബിജിബാല്‍, ആഷിഖ് അബു, ടോവിനോ തോമസ് തുടങ്ങി സിനിമാ മേഖലയിലെ നിരവധി പേരാണ് രണ്ട് ദിവസമായി സോഷ്യല്‍ മീഡിയ വഴി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കിയത്. ദുരന്തബാധിതരെ സഹായിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു കഥാകൃത്ത് ടി.പത്മനാഭന്‍ ഒരു ലക്ഷം രൂപ സംഭാവന നല്‍കി.
സര്‍ക്കാര്‍ ജീവനക്കാരുടെ വിഹിതമായ സാലറി ചാലഞ്ചും ഇതര സംസ്ഥാന സര്‍ക്കാരുകളുടെയും ജനങ്ങളുടെയും വിഹിതമായ തുകയും ചേര്‍ത്ത് ആകെ 4,356 കോടി രൂപയാണ് ഇതുവരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ എത്തിയത്. വീടു വയ്ക്കാനും ചികില്‍സയ്ക്കും ആശ്വാസധനമായും ഒക്കെ ആകെ വിതരണം ചെയ്തതു 2008 കോടി രൂപയാണ്.