പത്തനംതിട്ടയില്‍ മന്ത്രി വീണാ ജോര്‍ജിനെതിരെ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടവര്‍ക്കെതിരെ നടപടി വന്നേക്കും. പോസ്റ്റുകള്‍ വിശദമായി പരിശോധിക്കുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി രാജു എബ്രഹാം പ്രതികരിച്ചു. പുറത്താക്കപ്പെട്ട സിഡബ്ലുസി ചെയര്‍മാന്‍ എന്‍ രാജീവാണ് പരിഹസിച്ചവരില്‍ ഒരാള്‍. മന്ത്രി അല്ല എംഎല്‍എ പോലും ആകാന്‍ അര്‍ഹതയില്ലെന്നായിരുന്നു ഇലന്തൂര്‍ ലോക്കല്‍ കമ്മിറ്റി അംഗം പിജെ ജോണ്‍സന്റെ പോസ്റ്റ്.
പത്തനംതിട്ട ഇലന്തൂര്‍ ലോക്കല്‍ കമ്മിറ്റി അംഗം ജോണ്‍സണ്‍ പിജെ ആണ് ആരോഗ്യ മന്ത്രിക്കെതിരെ പരസ്യ വിമര്‍ശനവുമായി രംഗത്തെത്തിയത്. എസ്എഫ്‌ഐ മുന്‍ ജില്ലാ പ്രസിഡന്റ് ആണ് ജോണ്‍സണ്‍ പിജെ. കോട്ടയം മെഡിക്കല്‍ കോളേജിലെ കെട്ടിടം തകര്‍ന്നുവീണ് അപകടമുണ്ടായതിന് മന്ത്രി നടത്തിയ പ്രതികരണങ്ങളാണ് സിപിഎം പ്രവര്‍ത്തകരെയടക്കം പ്രകോപിപ്പിച്ചത്. ഇതിനിടെ വീണാ ജോര്‍ജിനെ പരോക്ഷമായി പരിഹസിച്ച് സിപിഎം ഏരിയ കമ്മറ്റി അംഗവും രഗത്തെത്തി. പത്തനംതിട്ട സിഡബ്ല്യുസി മുന്‍ ചെയര്‍മാന്‍ അഡ്വ എന്‍ രാജീവാണ് ആരോഗ്യമന്ത്രിയെ പരിഹസിച്ച് ഫേസ്ബുക്കില്‍ കുറിപ്പിട്ടത്. 'കുട്ടിയായിരിക്കെ താന്‍ ക്ലാസ് പരീക്ഷാ ദിവസം വയറുവേദന എന്ന കളവ് പറഞ്ഞു വീട്ടില്‍ ഇരിക്കുമായിരുന്നു, അങ്ങനെ താന്‍ പരീക്ഷകളില്‍ നിന്നും രക്ഷപ്പെട്ടു, ഇവിടെ ചോദ്യങ്ങളില്‍ നിന്നും' എന്നാണ് രാജീവന്റെ പരിഹാസം. മന്ത്രി വീണാ ജോര്‍ജ് ആശുപത്രിയില്‍ ചികിത്സ തേടിയതിനെയാണ് സിപിഎം ഇരവിപേരൂര്‍ ഏരിയ കമ്മറ്റി അംഗം കൂടിയായ രാജീവ പരിഹസിക്കുന്നത്.
ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലാണ് മന്ത്രിയെ പ്രവേശിപ്പിച്ചത്. കോട്ടയത്ത് നിന്ന് തിരുവനന്തപുരത്ത് പോകുന്നതിനിടെയാണ് ശാരീരിക ബുദ്ധിമുട്ടുകള്‍ നേരിട്ട മന്ത്രിയെ ആശുപത്രിയിലേക്ക് മാറ്റിയത്. പിന്നീട് മണിക്കൂറുകള്‍ക്ക് ശേഷം മന്ത്രി തിരുവനന്തപുരത്തേക്ക് തിരിച്ചു.