CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Minutes 52 Seconds Ago
Breaking Now

തിരുവനന്തപുരം വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുന്ന ബ്രിട്ടീഷ് നാവികസേനയുടെ എഫ്-35ബി വിമാനം പൊളിച്ച് എയര്‍ ലിഫ്റ്റ് ചെയ്യാന്‍ നീക്കം

ഏതൊക്കെ ഭാഗങ്ങളാണ് പൊളിച്ചുമാറ്റുന്നതെന്ന് വ്യക്തമായിട്ടില്ല.

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുന്ന ബ്രിട്ടീഷ് നാവികസേനയുടെ എഫ്-35ബി വിമാനത്തിന്റെ തകരാര്‍ പരിഹരിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ വിമാനം പൊളിച്ച് എയര്‍ ലിഫ്റ്റ് ചെയ്യാന്‍ നീക്കം.  ജെറ്റ് മാറ്റുന്നതിനായി ബ്രിട്ടീഷ് നാവികസേന ഒരു വലിയ വിമാനം കൊണ്ടുവരുമെന്നും വിമാനം ഇതുവരെ സൂക്ഷിച്ചതിനുള്ള പാര്‍ക്കിംഗ്, ഹാംഗര്‍ ചാര്‍ജുകള്‍ ഉള്‍പ്പെടെ ഇന്ത്യയ്ക്കുള്ള എല്ലാ ഫീസുകളും അവര്‍ നല്‍കുമെന്നും ഉന്നത വൃത്തങ്ങള്‍ അറിയിച്ചു. എയര്‍ലിഫ്റ്റ് ചെയ്ത് കൊണ്ടുപോകുന്നതിനായി സി.17 ഗ്ലോബ്മാസ്റ്റര്‍ എന്ന കൂറ്റന്‍ വിമാനം എത്തിക്കുമെന്നാണ് സൂചന.

ഏതൊക്കെ ഭാഗങ്ങളാണ് പൊളിച്ചുമാറ്റുന്നതെന്ന് വ്യക്തമായിട്ടില്ല. ചിറകുകള്‍ അഴിച്ചുമാറ്റാന്‍ തീരുമാനമായിട്ടുണ്ട്. ഇതിനായി യുകെയില്‍ നിന്നുള്ള ബ്രിട്ടീഷ്- അമോരിക്കന്‍ വിദഗ്ധ സംഘം തിരുവനന്തപുരത്തേക്കെത്തുന്നുണ്ട്. വിമാനത്താവളത്തിലെ മെയിന്റനന്‍സ്, റിപ്പയര്‍, ഓവര്‍ഹോള്‍ സൗകര്യത്തിലേക്ക് വിമാനം മാറ്റാനുള്ള ഓഫര്‍ യുകെ സ്വീകരിച്ചതായി ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് കഴിഞ്ഞ ആഴ്ച വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു. യുകെയിലെ എഞ്ചിനീയറിംഗ് ടീമുകള്‍ പ്രത്യേക ഉപകരണങ്ങളുമായി എത്തിക്കഴിഞ്ഞാല്‍ വിമാനം ഹാംഗറിലേക്ക് മാറ്റും.

സാങ്കേതിക തകരാര്‍ അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് രണ്ടാഴ്ചയിലേറെയായി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിശ്രമിക്കുകയാണ് എഫ്-35 വിമാനം. അറബിക്കടലിലെ സൈനികാഭ്യാസത്തിനെത്തിയതായിരുന്നു  ബ്രിട്ടീഷ് പോര്‍ വിമാനം. യുകെ വിമാനവാഹിനിക്കപ്പലായ എച്ച്എംഎസ് പ്രിന്‍സ് ഓഫ് വെയിസ് എന്ന യുദ്ധക്കപ്പലില്‍നിന്നു പറന്നുയര്‍ന്ന എഫ്-35 വിമാനം പ്രതികൂല കാലാവസ്ഥ കാരണം തിരികെ കപ്പലിലേക്ക് ലാന്‍ഡ് ചെയ്യാന്‍ കഴഞ്ഞിരുന്നില്ല. തുടര്‍ന്നാണ് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യുന്നത്. ലാന്‍ഡ് ചെയ്തതിന് ശേഷമാണ് സാങ്കേതിക തകരാറുണ്ടാകുന്നത്. വിമാനത്തിന്റെ ഹൈഡ്രോളിക് സിസ്റ്റത്തില്‍ സംഭവിച്ച തകരാര്‍ പിന്നീട് സ്റ്റാര്‍ട്ടിംഗ് സിസ്റ്റത്തിലേക്ക് വ്യാപിക്കുകയായിരുന്നു. തിരുവനന്തപുരം എയര്‍പോര്‍ട്ടിന്റെ നാലാം നമ്പര്‍ ബേയില്‍ സിഐഎസ്എഫിന്റെ സുരക്ഷാവലയത്തിലാണ് നിലവില്‍  എഫ്-35.

 




കൂടുതല്‍വാര്‍ത്തകള്‍.