'ഇതൊന്നും ആളുകളറിയാനായി ചെയ്തതല്ല. ദൈവത്തിന് മുന്നിലേ കണക്കുവയ്‌ക്കേണ്ടതുള്ളൂ, അതേ ചെയ്തുള്ളൂ' സോഷ്യല്‍ മീഡിയയില്‍ താരമായപ്പോഴും പി.എം. നൗഷാദിന്റെ വാക്കുകളില്‍ എളിമ. പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് കച്ചവടത്തിനെത്തിച്ച വസ്ത്രങ്ങള്‍ ചാക്കുകളില്‍ വാരിക്കെട്ടി നല്‍കിയാണ് നൗഷാദ് കരുണകാട്ടിയത്.
ദുരിതാശ്വാസത്തിന് സംഭാവന ചെയ്യണോ വേണ്ടയോയെന്ന് സംശയിച്ചവരുടെ മുന്നിലേക്കാണ് പെരുന്നാള്‍, ഓണം കച്ചവടത്തിനെത്തിച്ച വസ്ത്രങ്ങള്‍ നൗഷാദ് വാരി നല്‍കിയത്. വലിയ നഷ്ടമല്ലേ ചോദ്യത്തോട് 'പോകുമ്പോള്‍ നമ്മളാരും ഇത് കൊണ്ടുപോകൂല്ലല്ലോ. ഇതാണ് എന്റെ പെരുന്നാള്‍' എന്നായിരുന്നു മറുപടി. സിനിമതാരം രാജേഷ് ശര്‍മ്മയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് നൗഷാദിന്റെ നല്ല മനസ് ലോകം അറിഞ്ഞത്.പിന്നീട് നൗഷാദിന്റെ ഫോണിന് വിശ്രമമില്ലായിരുന്നു.
അമേരിക്ക, കാനഡ, ആസ്‌ട്രേലിയ, ഇറ്റലി, ഗള്‍ഫ് രാജ്യങ്ങള്‍ തുടങ്ങിയ എല്ലാ ഭാഗത്ത് നിന്നും വിളികളായിരുന്നു. രാത്രി രണ്ട് മണിക്ക് ഫോണ്‍ സൈലന്റാക്കിയതോടെയാണ് ഉറങ്ങാന്‍ കഴിഞ്ഞതെന്ന് ഭാര്യ നിസ പറയുന്നു. പെരുന്നാള്‍ ദിനത്തില്‍ നൗഷാദ് പള്ളിയില്‍ പോയപ്പോള്‍ ഭാര്യ ഫോണെടുത്തപ്പോളും അഭിനന്ദന പ്രവാഹമായിരുന്നു. അവരില്‍ സൂപ്പര്‍ സ്റ്റാര്‍ മമ്മൂട്ടി മുതല്‍ ജയസൂര്യവരെയുണ്ട്.കൂടാതെ മന്ത്രി കെ.കെ. ശൈലജ ഫേസ്ബുക്കില്‍ അഭിനന്ദിച്ചു. കണ്ടും കേട്ടുമറിഞ്ഞ് വീട്ടിലുമെത്തിയത് നിരവധി അതിഥികള്‍. നഷ്ടം നികത്താന്‍ ചിലര്‍ പണവും വാഗ്ദാനം ചെയ്തു. 'എനിക്ക് പണം വേണ്ട. അത് പാവപ്പെട്ട രോഗികള്‍ക്കോ പണത്തിന് ബുദ്ധിമുട്ടുന്നവര്‍ക്കോ നല്‍കിയാല്‍ മതി' സ്‌നേഹപൂര്‍വം നിരസിക്കുകയാണ് നൗഷാദ്.അഞ്ചു വര്‍ഷമായി വൈപ്പിന്‍ മാലിപ്പുറത്തെ പനച്ചിക്കല്‍ വീട്ടില്‍ ഭാര്യ നിസയ്ക്കും മക്കള്‍ ഫര്‍സാനയ്ക്കും ഫഹദിനൊപ്പമാണ് താമസം.