CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 7 Minutes 7 Seconds Ago
Breaking Now

സിസ്റ്റര്‍ ലൂസിയെ അപമാനിക്കാന്‍ ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിച്ച സംഭവം ; ഫാദര്‍ നോബിള്‍ പാറയ്ക്കലിനെതിരെ കേസെടുത്തു

വീഡിയോയില്‍ സിസ്റ്റര്‍ ലൂസി മഠത്തിന്റെ പിന്‍വാതിലിലൂടെ മഠത്തിനകത്തേയ്ക്ക് കയറി, തിരിച്ചിറങ്ങുന്ന ദൃശ്യങ്ങള്‍ വെവ്വേറെ കട്ട് ചെയ്താണ് പുറത്തുവിട്ടിരിക്കുന്നത്

സിസ്റ്റര്‍ ലൂസി കളപ്പുരയ്‌ക്കെതിരെ അപവാദപ്രചാരണം നടത്തിയ മാനന്തവാടി രൂപതാ പിആര്‍ഒ ഫാദര്‍ നോബിള്‍ പാറയ്ക്കല്‍ നിയമക്കുരുക്കിലേക്ക് നീങ്ങുകയാണ്. ഫാദര്‍ നോബിളിനെ ഒന്നാം പ്രതിയാക്കി വെള്ളമുണ്ട പൊലീസ് കേസെടുത്തു. സിസ്റ്റര്‍ ലൂസി നല്‍കിയ പരാതിയിലാണ് കേസ്. സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ അപവാദപ്രചാരണം നടത്തി, അപകീര്‍ത്തികരമായ വ്യാജപ്രചാരണം നടത്തി എന്നീ കുറ്റങ്ങളാണ് ഫാദര്‍. നോബിള്‍ പാറയ്ക്കലിനെതിരായി ചുമത്തിയിരിക്കുന്നത്. കേസിലാകെ ആറ് പ്രതികളുണ്ട്. മദര്‍ സുപ്പീരിയറും പ്രതിപ്പട്ടികയിലുള്‍പ്പെട്ടിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് സിസ്റ്റര്‍ ലൂസിയുടെ മൊഴി ഉടന്‍ സ്വീകരിക്കുമെന്ന് വെള്ളമുണ്ട പൊലീസ് വ്യക്തമാക്കി. 

വാര്‍ത്താശേഖരണവുമായി ബന്ധപ്പെട്ട് സിസ്റ്റര്‍ ലൂസി കളപ്പുരയെ കാണാന്‍ എത്തിയ രണ്ടു പ്രദേശിക മാധ്യമ പ്രവര്‍ത്തകര്‍ കാരയ്ക്കാമല മഠത്തിലേക്ക് വരുന്ന സിസിടിവി ദൃശ്യങ്ങളാണ് മാനന്തവാടി രൂപത പിആര്‍ഒയും വൈദികനുമായ ഫാദര്‍ നോബിള്‍ തോമസ് പാറക്കല്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്. 

''ഒരു പൂട്ടിയിടല്‍ അപാരത'' എന്നതടക്കമുള്ള പരിഹാസപരാമര്‍ശങ്ങളുള്ള വീഡിയോയില്‍ സിസ്റ്റര്‍ ലൂസി മഠത്തിന്റെ പിന്‍വാതിലിലൂടെ മഠത്തിനകത്തേയ്ക്ക് കയറി, തിരിച്ചിറങ്ങുന്ന ദൃശ്യങ്ങള്‍ വെവ്വേറെ കട്ട് ചെയ്താണ് പുറത്തുവിട്ടിരിക്കുന്നത്. എഡിറ്റ് ചെയ്ത് തെറ്റിദ്ധാരണ ജനിപ്പിക്കുന്ന തരത്തിലാണ് ദൃശ്യങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. സിസ്റ്റര്‍ ലൂസിയെ കാണാനെത്തിയവരില്‍ ഒരാളുടെ ഭാര്യയും ഒപ്പമുണ്ടായിരുന്നു. അവരുടെ ദൃശ്യങ്ങള്‍ കട്ട് ചെയ്ത് കളഞ്ഞ് പ്രസിദ്ധീകരിച്ചത് വിവാദമായിരുന്നു. ഇതോടെയാണ് സിസ്റ്റര്‍ കേസുമായി മുന്നോട്ട് പോയത്.

സഭയുടെ സ്ത്രീവിരുദ്ധ നിലപാടുകള്‍ക്കെതിരെ പ്രതികരിച്ചതിന്റെ പേരില്‍ പീഡനം നേരിടുന്ന സിസ്റ്റര്‍ ലൂസി കളപ്പുര, ആത്മകഥ പ്രസിദ്ധീകരിക്കാനൊരുങ്ങുന്നു. ''ദൈവനാമത്തില്‍'' എന്നാകും ആത്മകഥയുടെ പേര്. തനിക്കെതിരെ ഇപ്പോള്‍ നടക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ക്കടക്കം പിന്നില്‍ സഭയും ഫ്രാന്‍സിസ്‌കന്‍ സന്യാസസമൂഹവുമുണ്ടെന്ന് സിസ്റ്റര്‍ പറഞ്ഞു.




കൂടുതല്‍വാര്‍ത്തകള്‍.