ബാലഭാസ്‌കറിന്റെയും മകളുടെയും മരണത്തിന് കാരണമായ വാഹനാപകടത്തില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യവുമായി ബാലഭാസ്‌കറിന്റെ അച്ഛന്‍ കെ.സി ഉണ്ണി മുഖ്യമന്ത്രിയെ കണ്ടു. കേസില്‍ സര്‍ക്കാരിന്റെ നിലപാട് അറിഞ്ഞ ശേഷം കോടതിയില്‍ പോകുന്നത് ആലോചിക്കുമെന്നും ഉണ്ണി പറഞ്ഞു.
ബാലഭാസ്‌കറിന്റെ മരണത്തില്‍ അസ്വാഭാവികത ഇല്ലെന്നാണ് ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തല്‍. അമിത വേഗതയിലോടിയ കാര്‍ നിയന്ത്രണം തെറ്റി മരത്തില്‍ ഇടിച്ചുണ്ടായ വാഹനാപകടം മാത്രമാണ് ബാലഭാസ്‌ക്കറിന്റേതെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിഗമനം.
അതേസമയം, വാഹനാപകടം നടക്കുമ്പോള്‍ കാറോടിച്ചിരുന്നത് ഡ്രൈവര്‍ അര്‍ജുനായിരുന്നുവെന്ന് ക്രൈം ബ്രാഞ്ച് സ്ഥിരീകരിച്ചു. ശാസ്ത്രീയമായ തെളിവുകളുടേയും സാക്ഷി മൊഴികളുടേയും അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് ഈ നിഗമനത്തിലെത്തിയത്. അപകടമുണ്ടായതിന് പിന്നാലെ വാഹനമോടിച്ചത് ബാലഭാസ്‌കര്‍ ആയിരുന്നുവെന്നാണ് അര്‍ജുന്‍ പൊലീസില്‍ പറഞ്ഞത്.
അപകടത്തിന് ശേഷം കാറോടിച്ചത് ബാലഭാസ്‌കറാണെന്ന് ഡ്രൈവറായ അര്‍ജുനും ബാലഭാസ്‌കര്‍ പിറകിലെ സീറ്റിലായിരുന്നുവെന്ന് ഭാര്യയായ ലക്ഷമിയും പൊലീസിന് മൊഴി നല്‍കിയതോടെയാണ് അപകടത്തില്‍ ദുരൂഹത ശക്തമായത്.