അഭയ കേസിലെ സിസ്റ്റര്‍ അനുപമയുടെ കൂറുമാറ്റത്തിന് പിന്നാലെ കന്യാസ്ത്രീ മഠത്തിലെ തിന്മകളെ കുറിച്ച് മഠം വിട്ടിറങ്ങിയ സിസ്റ്റര്‍ ജെസ്മി തുറന്നെഴുതുന്നു. അസത്യം പറയരുത് എന്ന് പഠിപ്പിക്കുന്ന മഠങ്ങള്‍ തന്നെ അനുസരണവ്രതപ്രകാരം അസത്യം പറയാനും ചെയ്യാനും കല്‍പ്പിക്കുമെന്ന് സിസ്റ്റര്‍ ജെസ്മി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
ഫെയ്‌സ്ബുക്ക് കുറിപ്പ്
സിസ്റ്റര്‍ അനുപമ കൂറുമാറി
ഫ്രാങ്കോ ബിഷപ്പിന്റെ ബലാത്സംഗ കേസില്‍ ബിഷപ്പിനെതിരെ ശബ്ദമുയര്‍ത്തുന്ന സിസ്റ്റര്‍ അനുപമ അല്ല ഇത്. പേര് ഒന്നാണെങ്കിലും വ്യക്തിത്വവും മനസ്സും ഒക്കെ വേറെയാണ്. 27 വര്‍ഷങ്ങള്‍ക്കു ശേഷം നടക്കുന്ന സിസ്റ്റര്‍ അഭയ വിചാരണക്കേസിലെ സാക്ഷി വിസ്താരത്തിലെ ആദ്യസാക്ഷിയാണ് മൊഴി മാറ്റിയത്. സിസ്റ്റര്‍ അഭയയുടെ ഒരു ചെരിപ്പും വെള്ളം ഒഴുകിക്കൊണ്ടിരുന്ന ഒരു കുപ്പിയും സിസ്റ്ററിന്റെ ശിരോവസ്ത്രവും സംഭവസ്ഥലത്ത് കണ്ടു എന്നായിരുന്നു സിസ്റ്റര്‍ ആദ്യം നല്‍കിയ മൊഴി.
പോലീസോ സി.ബി.ഐ സംഘമോ നിര്‍ബന്ധിച്ച് സിസ്റ്റര്‍ അനുപമ നല്‍കിയതല്ല ആ മൊഴി. ഇക്കാര്യത്തെക്കുറിച്ച് റിട്ടയര്‍ ചെയ്ത ഒരു ഉന്നത പൊലീസുദ്യോഗസ്ഥന്‍ ഒരു ചാനല്‍ ചര്‍ച്ചയില്‍ വാദിച്ചത് ഇപ്രകാരമായിരുന്നു. 'ഉറക്കമെണീറ്റു വന്ന സിസ്റ്റര്‍, നൈറ്റിയോടുകൂടി ശിരോവസ്ത്രം ധരിക്കാന്‍ ഇടയില്ല'.
ഞാന്‍ മഠത്തില്‍ ആയിരുന്നപ്പോള്‍ ഞാനുള്‍പ്പെടെ മുറിക്കു പുറത്തിറങ്ങുന്ന എല്ലാ കന്യാസ്ത്രികളും നിര്‍ബന്ധമായി ശിരോവസ്ത്രം ധരിക്കേണ്ടതുണ്ടായിരുന്നു. ഒരു പക്ഷെ ആദ്യവ്രത വേളയില്‍ പണ്ട് തല മുണ്ഡനം ചെയ്യുന്ന പതിവുള്ളതിനാല്‍ (മൊട്ടച്ചി എന്ന് കന്യാസ്ത്രികളെ പുറത്തുള്ളവര്‍ അരിശപ്പെട്ടു വിളിക്കാറുണ്ട്) മൊട്ടത്തല മറ്റുള്ളവര്‍ കാണാതിരിക്കാനാകാം തല മൂടുന്ന തുണി എപ്പോഴും ഇടുന്ന പതിവ് തുടങ്ങിയത്. അതുപോലെ പൌലോസ് ശ്ലീഹാ 'സ്ത്രീകള്‍ പൊതുസ്ഥലത്ത് തല മൂടണം ' എന്ന നിബന്ധനയും കാരണമാകാം.
എന്തായാലും ഇവയൊന്നും കണ്ടില്ലെന്നാണ് സിസ്റ്റര്‍ അഭയയുടെ ക്ലാസ്സ് മേയ്റ്റും റൂം മേയ്റ്റുമായ സിസ്റ്റര്‍ അനുപമ ഇപ്പോള്‍ പറയുന്നത്. മഠം പറയുന്നത് അനുസരിച്ചില്ലെങ്കില്‍ പിന്നീട് സിസ്റ്റര്‍ അനുപമയുടെ ജഡവും ഒരുപക്ഷെ കിണറ്റില്‍ കാണാനിടയാകും എന്ന ഭയം സിസ്റ്റര്‍ അനുപമക്ക് ഉണ്ടാകും.
അനുസരണവ്രതത്തിന്റെ തീവ്രത സിസ്റ്റര്‍ ലൂസി കളപ്പുരയുടെ സംഭവങ്ങളുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പൊതുജനങ്ങള്‍ക്കും ബോധ്യമായിട്ടുണ്ടല്ലോ. മഠത്തില്‍ ആയിരുന്നപ്പോള്‍ എനിക്ക് വിഷം കലക്കിത്തരാന്‍ അധികാരികള്‍ പറഞ്ഞാല്‍ അത് ചെയ്യുമായിരുന്നോ എന്ന് ഇപ്പോഴും മഠത്തില്‍ കഴിയുന്ന എന്റെ സുഹൃത്ത് സിസ്റ്ററോട് ഞാന്‍ ഈയിടെ ചോദിച്ചപ്പോള്‍, അധികാരികള്‍ പറഞ്ഞാല്‍ അനുസരണ വ്രതത്തെപ്രതി
ഞാന്‍ അത് ചെയ്‌തേനെ എന്ന് ദുഖത്തോടെ അവള്‍ പ്രതിവചിച്ചു.
ഈ അന്ധമായ അനുസരണ വ്രതം തിരുത്താനുള്ള ശ്രമമാണ് സിസ്റ്റര്‍ ലൂസി നടത്തുന്നത്. അത് പല നല്ല വിശ്വാസികള്‍ക്കും നാട്ടുകാര്‍ക്കും ഇതിനകം മനസ്സിലായിക്കാണും. അസത്യം പറയരുത് എന്ന് പഠിപ്പിക്കുന്ന മഠങ്ങള്‍ തന്നെ അനുസരണവ്രതപ്രകാരം അസത്യം പറയാനും ചെയ്യാനും കല്‍പ്പിക്കും. അത്തരം നടപടിയുടെ ഇരയാണ് പാവം സിസ്റ്റര്‍ അനുപമ. അവര്‍ ഇപ്പോള്‍ ഉള്ളില്‍ നീറിനീറി കഴിയുന്നുണ്ടാകും. എന്നാലും ജീവന്‍ നഷ്ടപ്പെടില്ല എന്ന് സമാധാനിക്കാം.
നല്ല വൈദികരും കന്യാസ്ത്രികളും ധാരാളം ഉണ്ട് എന്ന് വാദിക്കുന്നവരോട് എനിക്ക് ഒരൊറ്റ ചോദ്യമേ ഉള്ളൂ. 'സിസ്റ്റം പല കാരണങ്ങളാല്‍ ചീഞ്ഞഴിയുന്നു. ഗുണ്ടാസംഘത്തിലെ നല്ല ഗുണ്ടകള്‍ക്ക് എന്ത് നന്മ ചെയ്യാന്‍ കഴിയും ???' ഒരു അഴിച്ചുപണി അത്യാവശ്യം…അത് എത്രയും വേഗം ഉണ്ടാകട്ടെ എന്ന പ്രാര്‍ത്ഥന മാത്രം ശരണം.