കെവിന്‍ കേസില്‍ ശിക്ഷിക്കപ്പെട്ടവര്‍ക്ക് ജീവിതാവസാനം വരെ അകത്ത് കിടക്കാനുള്ള വകുപ്പുണ്ടെങ്കിലും ജയിലില്‍ പ്രതികളുടെ സ്വഭാവവും സര്‍ക്കാരിന്റെ കാരുണ്യവും അനുകൂലമായാല്‍ 14 വര്‍ഷം കഴിഞ്ഞ് പുറത്തിറങ്ങാനാകുമെന്ന് നിയമ വിദഗ്ദ്ധര്‍ പറയുന്നു. സുപ്രീംകോടതി വിധിയനുസരിച്ച് ജീവപര്യന്തം ശിക്ഷ ജീവിതാവസാനംവരെ തടവ് എന്നാണെങ്കിലും സര്‍ക്കാര്‍ ഇടപെട്ട് പുറത്തിറക്കാം.
ജീവപര്യന്തം തടവ് കേസുകളില്‍ 14 വര്‍ഷത്തിന് ശേഷം തീരുമാനമെടുക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ട്. കെവിന്‍ കേസില്‍ ഇരട്ടജീവപര്യന്തം ഉള്‍പ്പെടെ ഒന്നിലേറെ തടവു ശിക്ഷകള്‍ വിധിച്ചിട്ടുണ്ടെങ്കിലും ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതിയെന്നതിനാല്‍ ഒരു ജീവപര്യന്തം കാലയളവിലെ ശിക്ഷ അനുഭവിച്ചാല്‍ മതി. മാനസാന്തര സാഹചര്യമുണ്ടെന്ന് ബോദ്ധ്യപ്പെടുകയും നല്ലനടപ്പാണെന്ന് കണ്ടെത്തി ജയില്‍ അധികൃതര്‍ റിപ്പോര്‍ട്ട് നല്‍കുകയും ചെയ്താല്‍ 14 വര്‍ഷത്തിന് ശേഷം സര്‍ക്കാരിന് ഇടപെടാം. എന്നാല്‍, എല്ലാ കേസുകളിലും ഇടപെടലുണ്ടാകണമെന്നുമില്ല.
ഇതുവരെ റിമാന്‍ഡില്‍ കഴിഞ്ഞ കാലാവധി, പൊതു അവധി ദിവസങ്ങള്‍, ഞായറാഴ്ചകള്‍ എന്നിവ പരിഗണിച്ചാല്‍ 14 വര്‍ഷത്തിന് മുമ്പേ സര്‍ക്കാരിന് മുന്നില്‍ ഇവര്‍ക്കെത്താമെന്നും നിയമവിദഗ്ദ്ധര്‍ സൂചന നല്‍കുന്നു. സര്‍ക്കാര്‍ കനിഞ്ഞില്ലെങ്കില്‍ ജീവിതകാലം മുഴുവന്‍ ഉള്ളില്‍ കിടക്കേണ്ടി വരും.