മൂന്ന് ദശകങ്ങളായി ബിബിസി റേഡിയോ ഫോറിന്റെ തോട്ട് ഫോര്‍ ദി ഡേയുടെ ഭാഗമായിരുന്ന വിംബിള്‍ഡണിലെ ലോര്‍ഡ് സിംഗ് രാജിവെച്ചു. കോര്‍പ്പറേഷന്‍ മേധാവികളുടെ നിലപാടുകളെ നിശിതമായി വിമര്‍ശിച്ചാണ് രാജി. 35 വര്‍ഷക്കാലമായി ടുഡേ പ്രോഗ്രാമിന്റെ സിഖ് ശബ്ദമായിരുന്നു അദ്ദേഹം. 17-ാം നൂറ്റാണ്ടില്‍ ഇന്ത്യയില്‍ ഹിന്ദുക്കളെ നിര്‍ബന്ധിതമായി ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം നടത്തുന്നതിന് എതിരെ സിഖ് മതത്തില്‍ പെട്ട ഒരു ഗുരു പോരാടിയ വിഷയം ചര്‍ച്ച ചെയ്യുന്നതില്‍ നിന്നും ബിബിസി ഇദ്ദേഹത്തെ വിലക്കാന്‍ ശ്രമിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം.
മതവൈവിധ്യത്തിനായി പരിശ്രമിക്കുന്ന ഇന്ദ്രജിത്ത് സിംഗ് ബിബിസിയില്‍ നിലനില്‍ക്കുന്ന മുന്‍ധാരണകള്‍ക്കും, അസഹിഷ്ണുതയ്ക്കും എതിരെ ആഞ്ഞടിച്ചു. ഇസ്ലാമിനെ കുറ്റം പറയുന്നില്ലെങ്കിലും മുസ്ലീങ്ങള്‍ക്ക് ഈ ചര്‍ച്ച ബുദ്ധിമുട്ട് സൃഷ്ടിച്ചേക്കാമെന്നാണ് ബ്രോഡ്കാസ്റ്റ് സിംഗിനെ അറിയിച്ചത്. ബിബിസിയുടെ രാഷ്ട്രീയ ശരിപ്പെടുത്തലിനെയും അദ്ദേഹം വിമര്‍ശിച്ചു.
പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ കേള്‍വിക്കാര്‍ക്ക് പരാതി ഉന്നയിക്കാന്‍ കഴിയാത്ത രീതിയില്‍ അഭിപ്രായം പറയണമെന്ന് ബിബിസി നിര്‍ബന്ധിക്കുകയാണെന്നും സിംഗ് പറയുന്നു. 'ജൂതന്‍മാര്‍ക്ക് ബുദ്ധിമുട്ടാകുമെന്ന പേരില്‍ ഒരു ക്രിസ്ത്യാനി ഈസ്റ്ററിനെ കുറിച്ച് ഒന്നും മിണ്ടിപ്പോകരുതെന്ന് പറയുന്നത് പോലെയാണ് ഇത്', ലോര്‍ഡ് സിംഗ് അഭിപ്രായപ്പെട്ടു.
എന്നാല്‍ തന്റെ മതപരമായ നിലപാടുകളെ അപമാനിക്കുന്നതിലും ഭേദം രാജിവെയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയതോടെയാണ് ബിബിസി പരിപാടി തുടരാന്‍ അനുവദിച്ചത്. അഭിപ്രായം കേട്ട ആരും പരാതി ഉന്നയിച്ചതുമില്ല. ഇതിന് ശേഷമാണ് അദ്ദേഹം ബിബിസി വിട്ടത്. തനിക്ക് നേരിട്ട കാര്യങ്ങള്‍ ബിബിസി റേഡിയോ ഡയറക്ടറെ അറിയിച്ചെങ്കിലും പരാതി തള്ളുകയും ചെയ്തു.