പാലക്കാട് മെഡിക്കല്‍ കോളേജില്‍ നടന്ന സംഭവത്തില്‍ വിശദീകരണവുമായി സംവിധായകന്‍ അനില്‍ രാധാകൃഷ്ണ മേനോന്‍. മെഡിക്കല്‍ കോളേജിലെ അതിഥിയായി നടന്‍ ബിനീഷ് ബാസ്റ്റിയനൊപ്പം വേദി പങ്കിടില്ലെന്ന് അനില്‍ രാധാകൃഷ്ണ മേനോന്‍ പറഞ്ഞതോടെയാണ് സംഭവം വിവാദമായത്. വേദിയില്‍ നിലത്തിരുന്ന് ബിനീഷ് പ്രതിഷേധം അറിയിച്ചതോടെ സംഭവം വാര്‍ത്തയായി. ഇതില്‍ അനില്‍ നല്‍കുന്ന വിശദീകരണമിങ്ങനെ
മാസിക പ്രകാശനം ചെയ്യാനാണ് എന്നെ ക്ഷണിച്ചത്. ഞാന്‍ വരില്ലെന്ന് പറഞ്ഞു. കാരണം തലേ ദിവസമാണ് ക്ഷണിച്ചത്. പിന്നീട് പോകാമെന്ന് കരുതി. എന്നാല്‍ ഔദ്യോഗികമായി വന്നു ക്ഷണിക്കണമെന്ന് സംഘാടകരോട് പറഞ്ഞു. ക്ഷണിക്കാന്‍ വന്നപ്പോള്‍ ആരൊക്കെയുണ്ടെന്ന് ചോദിച്ചു. വൈകി ക്ഷണിച്ചതിനാല്‍ ആരും വരാന്‍ തയ്യാറല്ലെന്നും അവര്‍ പറഞ്ഞു. ഞാന്‍ പണം വാങ്ങാതെയാണ് ഇത്തരം പരിപാടികള്‍ക്ക് പോകുന്നത്. മറ്റൊരാളുടെ ലൈം ലൈറ്റ് പങ്കുവയ്ക്കാന്‍ ആഗ്രഹിക്കുന്നില്ല. അതിനാല്‍ ഞാന്‍ അല്ലാതെ മറ്റൊരാള്‍ ഉണ്ടെങ്കില്‍ തന്നെ ഒഴിവാക്കാന്‍ പറയും. പിറ്റേ ദിവസം ബിനീഷ് ഉണ്ടെന്ന് പറഞ്ഞപ്പോള്‍ തന്നെ ഒഴിവാക്കണമെന്ന് പറഞ്ഞു. ബിനീഷ് അതിഥിയായതിനാലല്ല അങ്ങനെ പറഞ്ഞത്. അതിഥിയായി മറ്റൊരാള്‍ വരുന്നെങ്കില്‍ തന്നെ ഒഴിവാക്കൂ എന്നാണ് പറഞ്ഞത്. പിന്നീട് സംഘാടകര്‍ എന്നെ വിളിച്ച് ആ പരിപാടി മാറ്റുവച്ചു, എന്നോട് വരണമെന്ന് പറഞ്ഞു.
ബിനീഷ് വന്നപ്പോള്‍ ഞാന്‍ തന്നെയാണ് എല്ലാവരോടും കൈയ്യടിക്കാന്‍ പറഞ്ഞത്. ബിനീഷിന്റെ സാമിപ്യം എനിയ്ക്ക് പ്രശ്‌നമെന്ന് പറഞ്ഞിലല്ല. കസേരയില്‍ ഇരിക്കാന്‍ പറഞ്ഞെങ്കിലും കേട്ടില്ല. എന്റെ പേരിനൊപ്പം മേനോന്‍ ഉണ്ടെന്ന് കരുതി സവര്‍ണനായി മുദ്രക്കുത്തരുത്. ഞാന്‍ അങ്ങനെ ചിന്തിക്കുന്ന ആളല്ല. ബിനീഷിനെ എനിക്കിഷ്ടമാണ്. എന്റെ അടുത്ത ചിത്രത്തില്‍ ചെറിയൊരു വേഷവും എഴുതിയിട്ടുണ്ട്. ഞാന്‍ കാരണം ബിനീഷിന് വിഷമമുണ്ടായെങ്കില്‍ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് മാപ്പു ചോദിക്കുന്നു.