Breaking Now

നിത്യത പുല്‍കി ഫാ. വില്‍സണ്‍ യാത്രയായി; വിശുദ്ധ ജീവിതം നയിച്ച പുരോഹിതനെന്ന് മാര്‍ സ്രാമ്പിക്കല്‍; കണ്ണീരോടെ വിട നല്‍കി അജഗണങ്ങള്‍

ദിവ്യബലിക്കും അന്തിമോപചാരം പ്രാര്‍ത്ഥനയ്ക്കും രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യകാര്‍മ്മികത്വം വഹിക്കുകയും ചെയ്തു.

കെറ്ററിംഗ്: അപ്രതീക്ഷിതമായി തങ്ങളില്‍നിന്ന് വേര്‍പിരിഞ്ഞു സ്വര്‍ഗ്ഗീയ സമ്മാനത്തിനായി വിളിക്കപ്പെട്ട പ്രിയ ഇടയന്‍ ഫാ. വില്‍സണ്‍ കൊറ്റത്തിലിന് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴിയേകി യുകെയിലെ വിശ്വാസസമൂഹം. ഇന്നലെ ഉച്ചകഴിഞ്ഞ് നാല് മുപ്പതിന് അദ്ദേഹം സേവനം ചെയ്തിരുന്ന കെറ്ററിംഗ് സെന്റ്  എഡ്‌വേര്‍ഡ് ദൈവാലയത്തില്‍ അദ്ദേഹത്തിന്റെ ഭൗതികശരീരം കൊണ്ടുവരികയും തുടര്‍ന്ന് നടന്ന ദിവ്യബലിക്കും അന്തിമോപചാരം  പ്രാര്‍ത്ഥനയ്ക്കും രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യകാര്‍മ്മികത്വം വഹിക്കുകയും ചെയ്തു. ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയില്‍ ശുശ്രുഷ ചെയ്യുന്ന നിരവധി വൈദികര്‍, സിസ്റ്റേഴ്‌സ്, കെറ്ററിംഗ് വിശ്വാസസമൂഹം, വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള വിശ്വാസിപ്രതിനിധികള്‍ തുടങ്ങി ദൈവാലയം നിറഞ്ഞുകവിഞ്ഞ് വിശ്വാസികള്‍ ചടങ്ങുകള്‍ക്ക് സാക്ഷികളായി. 

വിശുദ്ധ ജീവിതം നയിച്ചിരുന്ന അനുപമമായ വ്യക്തിത്വമായിരുന്നു ഫാ. വില്‍സന്റെത് എന്ന് ദിവ്യബലിമധ്യേ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അനുസ്മരിച്ചു. വി. കൊച്ചുത്രേസ്യായെപ്പോലെ, സ്വര്‍ഗീയ മലര്‍ വാടിയില്‍ ഇരുന്നുകൊണ്ട് അദ്ദേഹം നമുക്കുവേണ്ടി ഇപ്പോള്‍ പ്രാര്ഥിക്കുകയാണെന്നും റോസാപ്പൂക്കളാല്‍ അലംകൃതമായ അദ്ദേഹത്തിന്റെ അന്ത്യവിശ്രമപേടകത്തെ വിശേഷിപ്പിച്ചു മാര്‍ സ്രാമ്പിക്കല്‍ പറഞ്ഞു.

ഉന്നത സ്ഥാനങ്ങള്‍ അലങ്കരിക്കുമ്പോഴും ഹൃദയത്തില്‍ എളിമയും പെരുമാറ്റത്തില്‍ സ്‌നേഹസാമീപ്യവും അദ്ദേഹം സൂക്ഷിച്ചു. ഇപ്പോഴും ഹൃദയത്തില്‍ സമാധാനം കൊണ്ടുനടന്നിരുന്ന അദ്ദേഹം ഏല്‍പ്പിക്കപ്പെട്ട ഉത്തരവാദിത്വങ്ങള്‍ ഭംഗിയായി നിറവേറ്റിയെന്നും ഓരോ ശുശ്രുഷയിലും യജമാനനായ ഈശോയുടെ ഹിതമാണ് അന്വേഷിച്ചതെന്നും മാര്‍ സ്രാമ്പിക്കല്‍ അനുസ്മരിച്ചു. 

വി. കുര്‍ബാനയുടെ സമാപനത്തില്‍, വില്‍സണ്‍ അച്ചന്റെ ബന്ധുക്കളുടെയും വിശ്വാസികളുടെയും പ്രതിനിധികള്‍ അദ്ദേഹത്തെ അനുസ്മരിച്ചു സംസാരിച്ചു. തുടര്‍ന്ന്, വൈദികരുടെ മൃതസംസ്‌കാരശുശ്രുഷകളില്‍ നടത്തുന്ന അത്യന്തം ഹൃദയസ്പര്‍ശിയായ 'ദേവാലയത്തോട് വിട ചൊല്ലുന്ന' പ്രാര്‍ത്ഥനാശുശ്രുഷകള്‍ നടന്നു.

ഫാ. വില്‍സണ്‍ന്റെ ഭൗതികശരീരം ഉള്‍ക്കൊള്ളുന്ന പേടകം അള്‍ത്താരയിലും ദേവാലയത്തിന്റെ മൂന്നു വശങ്ങളിലും സ്പര്‍ശിച്ചു വിടചൊല്ലുന്ന ഈ കര്‍മ്മത്തില്‍ അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരായ ബഹു. വൈദികരാണ് പേടകം വഹിച്ചത്. തുടര്‍ന്ന് വൈദികരും പിന്നീട് അല്മായരും പേടകത്തിന് സമീപമെത്തി ആദരമര്‍പ്പിച്ചു അന്ത്യയാത്രചൊല്ലി പിരിഞ്ഞു. 

ബഹു. വില്‍സണ്‍ അച്ചന് ഇന്ന് രാവിലെ പത്തു മണിക്ക് നോര്‍ത്താംപ്ടണ്‍ രൂപത ദിവ്യബലിയോടെ അന്തിമോപചാരമര്‍പ്പിക്കും. തുടര്‍ന്ന് നാട്ടിലേക്കു കൊണ്ടുപോകുന്ന മൃതദേഹം ഞായറാഴ്ച രാവിലെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലും ഉച്ചയ്ക്ക് 12: 00 മണിക്ക് ആറുമാനൂര്‍  കൊറ്റത്തില്‍ ഭവനത്തിലും എത്തിച്ചേരും. തുടര്‍ന്ന് പൊതുദര്‍ശനത്തിനു അവരസരമുണ്ടായിരിക്കും. തിങ്കളാഴ്ച രാവിലെ ആറു മണിക്ക് ഭവനത്തില്‍ ആരംഭിക്കുന്ന പ്രാര്‍ത്ഥനാശുശ്രുഷകള്‍ക്ക്, ആറുമാനുര്‍ മംഗളവാര്‍ത്തപള്ളി വികാരി റെവ. ഫാ. അലക്‌സ് പാലമറ്റം നേതൃത്വം നല്‍കും. 6: 30 ന്  ആറുമാനുര്‍ മംഗളവാര്‍ത്തപള്ളിയില്‍ നടക്കുന്ന ദിവ്യബലിക്ക്  കൊറ്റത്തില്‍ കുടുംബത്തിലെ ബഹു. വൈദികര്‍ നേതൃത്വം നല്‍കും. 

തുടര്‍ന്ന്, ഭൗതികശരീരം, ഫാ. വില്‍സണ്‍ അംഗമായിരുന്ന ഏറ്റുമാനൂര്‍ MSFS സെമിനാരിയിലേക്കു കൊണ്ടുപോകും. 11: 00 മണിക്ക് നടക്കുന്ന മൃതസംസ്‌കാര ശുശ്രുഷകള്‍ക്ക് ചങ്ങനാശ്ശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് പെരുംതോട്ടം മുഖ്യകാര്‍മ്മികത്വം വഹിക്കുകയും അനുശോചനസന്ദേശം നല്‍കുകയും ചെയ്യും. യുകെയില്‍ ഫാ. വില്‍സണ്‍ നടത്തിയ ശ്രെഷ്ഠമായ അജപാലനപ്രവര്‍ത്തനങ്ങളെ ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപത നന്ദിയോടെ ഓര്‍ക്കുകയും അദ്ദേഹത്തിന്റെ പാവനാത്മാവിന് നിത്യശാന്തി നേരുകയും ചെയ്യുന്നു. 

ഫാ. ബിജു കുന്നയ്ക്കാട്ട് PRO 




കൂടുതല്‍വാര്‍ത്തകള്‍.