CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
41 Minutes 2 Seconds Ago
Breaking Now

യുകെ സ്‌കൂളുകള്‍ രണ്ട് മാസം അടച്ചിടുന്നു? ബ്രിട്ടനില്‍ കൊറോണാവൈറസ് കേസുകള്‍ ഒറ്റദിവസം കൊണ്ട് 25% വര്‍ദ്ധിച്ചു; പകര്‍ച്ചവ്യാധിയെ തടഞ്ഞുനിര്‍ത്താന്‍ അടിയന്തര പദ്ധതി; പൊതുപരിപാടികള്‍ റദ്ദാക്കണമെന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍

വന്‍തോതില്‍ ബ്രിട്ടീഷ് സമൂഹത്തില്‍ രോഗം പടരാന്‍ അധികം സമയം ബാക്കിയില്ലെന്നാണ് ചീഫ് മെഡിക്കല്‍ ഓഫീസര്‍ പ്രവചിക്കുന്നത്

കൊറോണാവൈറസ് പകര്‍ച്ചവ്യാധികളെ തടഞ്ഞുനിര്‍ത്താന്‍ അടിയന്തര പദ്ധതികള്‍ തയ്യാറാക്കി ഹെല്‍ത്ത് ഉദ്യോഗസ്ഥര്‍. ഇതുപ്രകാരം സ്‌കൂളുകള്‍ രണ്ട് മാസത്തേക്കെങ്കിലും അടച്ചിടും. ഫുട്‌ബോള്‍ മത്സരങ്ങള്‍, കണ്‍സേര്‍ട്ടുകള്‍, മറ്റ് ആളുകള്‍ കൂടിച്ചേരുന്ന പൊതുപരിപാടികള്‍ എന്നിവ റദ്ദാക്കേണ്ടി വരുമെന്നും ചീഫ് മെഡിക്കല്‍ ഓഫീസര്‍ പ്രൊഫസര്‍ ക്രിസ് വിറ്റി വ്യക്തമാക്കി. 

നിലവില്‍ ഒരു നടപടിയും ഉണ്ടാകില്ലെന്ന് സ്ഥിരീകരിക്കാന്‍ പ്രൊഫസര്‍ വിറ്റി തയ്യാറായിട്ടില്ല. എന്നിരുന്നാലും സ്‌കൂളുകള്‍ അടച്ചിടുന്നത് അത്രയേറെ ആവശ്യം വന്നാല്‍ മാത്രമാകുമെന്നാണ് കരുതുന്നത്. സമൂഹത്തിലും, സാമ്പത്തിക വ്യവസ്ഥയിലും ഇത് മൂലം വന്നുചേരുന്ന വലിയ പ്രത്യാഘാതം പരിഗണിച്ചാണ് സ്‌കൂള്‍ അടയ്ക്കുന്ന കാര്യം അന്തിമ തീരുമാനമാകൂ. 

'ഇത് ചെയ്യണമെന്ന് പറയുന്നില്ല, എന്നാലും ഇതും പരിഗണിക്കേണ്ടി വരും', ചീഫ് മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു. ഇതിനിടെ യുകെയില്‍ മൂന്ന് കേസുകള്‍ കൂടി സ്ഥിരീകരിച്ചതായി സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഇതോടെ ആകെ കേസുകളുടെ എണ്ണം 16 ആയി. ഇതുവരെ കൊറോണയില്‍ ആരും മരിച്ചിട്ടില്ലെന്നതാണ് ബ്രിട്ടന് ആശ്വാസമാകുന്നത്. ഡെര്‍ബിഷയര്‍ ബക്‌സ്റ്റണിലെ ബര്‍ബേജ് പ്രൈമറി സ്‌കൂളാണ് ഒരു കേസ് സ്ഥിരീകരിച്ചതോടെ അടച്ച ആദ്യത്തെ സ്‌കൂള്‍. 

ഈ കുട്ടിയുമായി ബന്ധമുള്ള ഒരു മുതിര്‍ന്ന വ്യക്തിയാണ് പുതുതായി കണ്ടെത്തിയ മൂന്ന് കേസുകളില്‍ ഒരാള്‍. പട്ടണത്തിലെ ഒരു ജിപി സര്‍ജറിയും അടച്ചു. നോര്‍ത്തേണ്‍ ഇറ്റലിയില്‍ നിന്നും സ്‌കീ ട്രിപ്പ് കഴിഞ്ഞ് മടങ്ങിയെത്തിയ സറേയില്‍ നിന്നുള്ള ആളാണ് രണ്ടാമത്തെ രോഗി. നോര്‍ത്തേണ്‍ അയര്‍ലണ്ടിലാണ് മൂന്നാമത്തെ കേസ്. ഇദ്ദേഹവും ഇറ്റാലിയന്‍ യാത്ര കഴിഞ്ഞ് മടങ്ങിയതാണ്. 

വൈറസിനെ പിടിച്ചുനിര്‍ത്താന്‍ പല രാജ്യങ്ങളും തയ്യാറല്ലെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പിന് ഇടെയാണ് ബ്രിട്ടനില്‍ കേസുകള്‍ വര്‍ദ്ധിക്കുന്നത്. വന്‍തോതില്‍ ബ്രിട്ടീഷ് സമൂഹത്തില്‍ രോഗം പടരാന്‍ അധികം സമയം ബാക്കിയില്ലെന്നാണ് ചീഫ് മെഡിക്കല്‍ ഓഫീസര്‍ പ്രവചിക്കുന്നത്. സ്‌കൂളുകള്‍ക്ക് അവധി നല്‍കിയാല്‍ മക്കളെ നോക്കാന്‍ ഡോക്ടര്‍മാരും, നഴ്‌സുമാരും, പാരാമെഡിക്കുകളും ഉള്‍പ്പെടെയുള്ളവര്‍ വീട്ടിലിരിക്കുമെന്നതിനാല്‍ ഈ പദ്ധതി ഒടുവിലേയ്ക്കായി മാറ്റിവെച്ചിരിക്കുകയാണ്. 




കൂടുതല്‍വാര്‍ത്തകള്‍.