കൊറോണ വൈറസിന്റെ വ്യാപനം തടയാനായി രാജ്യത്ത് പ്രഖ്യാപിച്ച യാത്ര നിയന്ത്രണം അവസാനിപ്പിക്കാനൊരുങ്ങി ചൈന. ലോകം മുഴുവന്‍ വൈറസിനെ അകറ്റാന്‍ യാത്ര നിയന്ത്രണങ്ങളും ലോക് ഡൗണും പ്രഖ്യാപിക്കുന്നതിനിടയിലാണ് കൊറോണ വൈറസിന്റെ പ്രഭവകേന്ദ്രമായ ചൈനയില്‍ നിയന്ത്രണങ്ങള്‍ അവസാനിപ്പിക്കുന്നത്.
കഴിഞ്ഞവര്‍ഷം അവസാനം കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ട ചൈനയിലെ ഹുബൈ പ്രവിശ്യയില്‍ ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ആരോഗ്യമുള്ള താമസക്കാരെ യാത്ര ചെയ്യാന്‍ അനുവദിക്കുമെന്ന അധികൃതര്‍ അറിയിച്ചു. ചൈനയിലെ ജനങ്ങള്‍ പുറംലോകം കണ്ടിട്ട് രണ്ട് മാസത്തിലേറെയായി. കൊറോണ വൈറസിനെ തിരിച്ചറിയാന്‍ വൈകിയതുമൂലം മൂവായിരത്തിലേറെ ജീവനുകളാണ് ചൈനയ്ക്ക് നഷ്ടമായത്.ആദ്യം പതറിയെങ്കിലും രോഗത്തെ കണ്‍ട്രോളിലാക്കാനുള്ള 'തന്ത്രം' ചൈന വൈകാതെ പുറത്തെടുത്തു. ഇതോടെ പുതുതായി വൈറസ് ബാധിക്കുന്നവരുടെ എണ്ണം വളരെകുറഞ്ഞു. കൊറോണ പൊട്ടിപ്പുറപ്പെട്ടെന്ന് കരുതുന്ന വുഹാനിലടക്കം സ്ഥാപിച്ചിരുന്ന താത്കാലിക ആശുപത്രികളെല്ലാം നേരത്തേ പ്രവര്‍ത്തനം അവസാനിപ്പിച്ചിരുന്നു. വൈറസിനെ പിടിച്ചുകെട്ടാന്‍ ഡ്രോണുകള്‍, യന്ത്രമനുഷ്യര്‍ എന്നിവ ഉള്‍പ്പെടെ പുത്തന്‍ സാങ്കേതിക വിദ്യയുടെ പൂര്‍ണസഹായം ചൈന പ്രയോജനപ്പെടുത്തി. അതിലൂടെ കൂടുതല്‍ പേരിലേക്ക് വൈറസ് ബാധിക്കുന്നത് തടയാനായി.
അതേസമയം, കൊറോണയുമായി ബന്ധപ്പെട്ട് ലോകമെമ്പാടും കര്‍ശന നടപടികളാണ് നടത്തുന്നത്. രോഗവ്യാപനം തടയാന്‍ യാത്രവിലക്കുള്‍പ്പെടെയുള്ള നടപടികളിലേക്ക് കടന്നിരിക്കുകയാണ് മിക്കരാജ്യങ്ങളും. ചിലര്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു കഴിഞ്ഞു.ഫലപ്രദമായ വാക്‌സിന്‍ കണ്ടെത്താനാകാത്തതിനാല്‍ത്തന്നെ രോഗത്തെ ഇതുവരെ വരുതിയിലാക്കാന്‍ സാധിച്ചിട്ടില്ല എന്നത് ജനങ്ങളില്‍ ആശങ്ക കൂട്ടുകയാണ്.