കൊറോണാവൈറസിന് എതിരായ പോരാട്ടത്തില്‍ തന്റെ രാജ്യം വിജയിക്കുകയാണെന്ന് പ്രഖ്യാപിച്ച് ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആന്‍ഡന്‍. 24 മണിക്കൂറില്‍ 29 പുതിയ കേസുകള്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തതോടെയാണ് ന്യൂസിലാന്‍ഡ് കൊറോണയെ പിടിച്ചുകെട്ടുന്നതായി സ്ഥിരീകരിച്ചത്. ന്യൂസിലാന്‍ഡിന് പുറമെ ഓസ്‌ട്രേലിയയും മാര്‍ച്ച് 20-നകം അതിര്‍ത്തികള്‍ അടച്ചതോടെ ഇന്‍ഫെക്ഷന്‍ നിരക്ക് കുറയ്ക്കുന്നതിന് സാക്ഷ്യം വഹിച്ചു. ബ്രിട്ടന്‍ ഇതുവരെ ഇക്കാര്യം ചെയ്തിട്ടില്ല.
അതിവേഗത്തില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് പുറമെ പ്രതിരോധത്തിന്റെ മതില്‍ തീര്‍ത്ത് വൈറസിന്റെ വ്യാപനം തടഞ്ഞ ജനതയ്ക്ക് ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി പ്രശംസ അറിയിച്ചു. മഹാമാരി രാജ്യത്ത് പ്രവേശിച്ച് ആറ് ആഴ്ച മാത്രം എടുത്താണ് ന്യൂസിലാന്‍ഡ് വിജയം കുറിച്ചത്. ഇതുവരെ 992 പേര്‍ പോസിറ്റീവായപ്പോള്‍ ഒരു മരണം മാത്രമാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തത്. ഒരാഴ്ചയ്ക്കുള്ളില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുമെന്ന് ആര്‍ഡന്‍ വ്യക്തമാക്കി. എംപ്ലോയേഴ്‌സിന് സാമൂഹിക അകലം ഉറപ്പ് വരുത്താന്‍ കഴിയുമെങ്കില്‍ ജോലിക്കാരെ ജോലിക്ക് തിരിച്ചെത്തിക്കാമെന്നും അവര്‍ വ്യക്തമാക്കി.
ഓസ്‌ട്രേലിയയും വിജയകരമായി വൈറസിനെ പിടിച്ചുകെട്ടുന്ന വഴിയിലാണ്. അതിവേഗത്തില്‍ ടെസ്റ്റിംഗ് നടത്തിയതാണ് ഇരുരാജ്യങ്ങള്‍ക്കും തുണയായത്. ജനുവരി 25നാണ് ഓസ്‌ട്രേലിയയില്‍ ആദ്യത്തെ കൊറോണ കേസ് റിപ്പോര്‍ട്ട് ചെയ്തത്. ഇത് കഴിഞ്ഞ് ആറാം ദിനം ചൈനയില്‍ നിന്നുള്ള വിദേശികളുടെ പ്രവേശനം ഓസ്‌ട്രേലിയ വിലക്കി. പിന്നാലെ ഇറാന്‍, സൗത്ത് കൊറിയ, ഇറ്റലി എന്നിവിടങ്ങള്‍ക്കും നിരോധനം ഏര്‍പ്പെടുത്തി.
മാര്‍ച്ച് 20ന് ഓസ്‌ട്രേലിയ അതിര്‍ത്തികള്‍ പൂര്‍ണ്ണമായി അടച്ചു. മാര്‍ച്ച് 15 മുതല്‍ തന്നെ പുറത്ത് നിന്നെത്തിയവര്‍ക്ക് ക്വാറന്റൈനും ഏര്‍പ്പെടുത്തി. അതിവേഗത്തില്‍ ജനങ്ങളുടെ പൊതുസഞ്ചാരം അവസാനിപ്പിച്ച് വീടുകളില്‍ ഒതുക്കിയാണ് ഈ രാജ്യങ്ങള്‍ വിജയകരമായി കൊറോണയെ പിടിച്ചുകെട്ടിയത്.