Breaking Now

വന്ദേഭാരത് മിഷനില്‍ മലയാളികളോട് കടുത്ത അവഗണന സമീക്ഷ യുകെ യുടെ നേതൃത്വത്തില്‍ മലയാളികളുടെ കടുത്ത പ്രതിഷേധം

വന്ദേഭാരത് മിഷന്റെ ഭാഗമായി ലണ്ടനില്‍ നിന്ന് ഇന്ത്യയിലേക്ക് ഒരു വിമാനം ചൊവ്വാഴ്ച പുറപ്പെടുകയുണ്ടായി.  ഈ  വിമാനത്തില്‍ സീറ്റ് നല്‍കുന്നതില്‍ അര്‍ഹരായ പല  മലയാളികളെയും  തഴഞ്ഞതായുള്ള  വാര്‍ത്തകള്‍ ആണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത് .   സീറ്റു ലഭിച്ചിരുന്ന മലയാളികളായ പലരെയും അവസാന നിമിഷം  അധികാരികളുടെ  സ്വന്തക്കാരായ ചിലര്‍ക്ക് വേണ്ടി  വെട്ടിമാറ്റി

ലണ്ടനില്‍ നിന്ന് കൊച്ചിയിലേയ്ക്ക് ഉള്ള വിമാനം എന്നാണ് ആദ്യം തീരുമാനിച്ചിരുന്നത് എന്നാല്‍ പിന്നീട് ഇത് മുംബൈ വിശാഖപട്ടണം വഴി ആക്കുകയായിരുന്നു. അവസാന നിമിഷത്തില്‍ മുംബൈ വഴി വിമാനം തിരിച്ചുവിടാനുള്ള തീരുമാനം വേണ്ടപ്പെട്ടവരെ തിരുകികയറ്റാന്‍ വേണ്ടി ആയിരുന്നു എന്നാണ് മനസ്സിലാവുന്നത്.

നാട്ടിലേയ്ക്ക് മടങ്ങുന്നതിനു വിദ്യാര്‍ത്ഥികള്‍ക്കും ഗര്ഭണികള്‍ക്കും മുന്‍ഗണന ഉണ്ടായിരിക്കും എന്നാണ് പ്രധാനമന്ത്രിയും വിദേശകാര്യവകുപ്പും പ്രഖ്യാപിച്ചിരുന്നത് . ഇതനുസരിച്ചു ഈ വിമാനത്തില്‍ നാട്ടിലേയ്ക്ക് പോകാനായി  ബുക്ക് ചെയ്തിരുന്ന മലയാളികളായ പലരെയും അവസാന നിമിഷം  ഒഴിവാക്കിയാണ് മുന്‍ഗണനാക്രമം തെറ്റിച്ചു സ്വന്തക്കാരായ ചിലരെ തിരുകികയറ്റിയതു. 

പത്തനംതിട്ട  ഓതറ സ്വദേശിയായ ഫാദര്‍ . ബിനു തോമസ് ഇത്തരത്തില്‍ അവസാനനിമിഷം ഒഴിവാക്കപ്പെട്ടവരില്‍ ഒരാളാണ്. ഫ്‌ലൈറ്റില്‍ ടിക്കറ്റ് കണ്‍ഫേം ആണെന്ന് പറഞ്ഞു ഇദ്ദേഹത്തിന് എംബസിയില്‍ നിന്നും ഇമെയില്‍ വന്നിരുന്നു. എന്നാല്‍ പിന്നീട് ഇദ്ദേഹത്തിന്റെ പേര് ഈ ലിസ്റ്റില്‍നിന്നും യാതൊരു അറിയിപ്പുമില്ലാതെ വെട്ടിമാറ്റപെട്ടു . എംബസിയില്‍ നിന്നും വിളിവരുന്നതും കാത്തു  ചൊവ്വാഴ്ച പുലര്‍ച്ചെ വരെ കാത്തിരുന്ന ഇദ്ദേഹം പിന്നീട്  തിരിച്ചു ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും  എംബസ്സിയിലും എയര്‍ ഇന്ത്യ ഓഫീസിലും  ആരും ഫോണ്‍ എടുക്കുകയുണ്ടായില്ല . പന്തളം സ്വദേശിയായ  വിഷ്ണു എന്ന വിദ്യാര്‍ഥിക്കും ഇതേ ദൂരനുഭവം  ആണ് ഉണ്ടായത് . 

ഇദ്ദേഹത്തിന്റെ കൂടെയുള്ള ആന്ധ്രക്കാരനായ വേറൊരു വിദ്യാര്‍ത്ഥിക്ക് ലിസ്റ്റില്‍ ഇല്ലാതിരുന്നിട്ടുകൂടി നാട്ടിലേയ്ക്ക് പോകുവാനുള്ള  അവസരം ലഭിക്കുകയുണ്ടായി . പക്ഷപാതപരമായാണ് അധികാരികള്‍ പെരുമാറിയത് എന്നു ഇത് തെളിയിക്കുന്നു  .

ലണ്ടനില്‍ നിന്നും കേരളത്തിലേയ്ക്കു ഈ ഫ്‌ലൈറ്റില്‍ പോവുന്നവരുടെ ലിസ്റ്റ് കേരളസര്കാരിനെ അറിയിച്ചിട്ടുണ്ടായിരുന്നു. ഇതനുസരിച്ചു അവര്‍ക്കു വേണ്ട സൗകര്യങ്ങള്‍ ഒരുക്കാന്‍ വേണ്ടി ജില്ലാ ഭരണകൂടങ്ങള്‍ ഇവരുടെ വീട്ടുകാരെ ബന്ധപ്പെടുകയും ചെയ്തിരുന്നു.

മലയാളിയായ  ഒരു മന്ത്രി വിദേശകാര്യവകുപ്പില്‍ ഇരിക്കുമ്പോള്‍ പോലും പ്രവാസി  മലയാളി സമൂഹം ഇത്തരത്തിലുള്ള അവഗണനയ്ക്കു വിധേയമാവുന്നതു തീര്‍ത്തും പ്രതിഷേധാര്‍ഹമാണ്.

ഈ തിരിമറിയ്ക്കു പിന്നില്‍ പ്രവര്‍ത്തിച്ചത് ആരാണെന്നു കണ്ടുപിടിച്ചു അവര്‍ക്കെതിരെ  മാതൃകാപരമായ നടപടികള്‍ എടുക്കണം എന്നും മലയാളി പ്രവാസി സമൂഹത്തോട് ഭാവിയില്‍ അവഗണന ഉണ്ടാവില്ലെന്ന്  ഉറപ്പാക്കണമെന്നും  സമീക്ഷ യുകെ ആവശ്യപ്പെട്ടു .  ഇത് സംബന്ധിച്ചു  പ്രധാനമന്ത്രി നരേന്ദ്രമോദി  കേരളമുഖ്യമന്ത്രി പിണറായി വിജയന്‍ വിദേശകാര്യമന്ത്രി ജയശങ്കര്‍  എന്നിവര്‍ക്ക് പരാതി സമര്‍പ്പിക്കുമെന്നും സമീക്ഷ ഭാരവാഹികള്‍ അറിയിച്ചു

വാര്‍ത്ത; ബിജു ഗോപിനാഥ്

 

 

 

 

 

 
കൂടുതല്‍വാര്‍ത്തകള്‍.