
















പൊതുവിദ്യാഭ്യാസം സംരക്ഷിക്കുവാനും എല്ലാവര്ക്കും വിദ്യാഭ്യാസം എന്ന അവകാശം കോവിഡ് കാലഘട്ടത്തില്‍ ആര്‍ക്കും നഷ്ടപ്പെടാതിരിക്കുവാനും വേണ്ടി സമീക്ഷ യു കെ നടത്തിയ ടി വി ചലഞ്ചിന് അഭൂതപൂര്‍വ്വമായ പ്രതികരണമാണ് യുകെ യിലെ മലയാളി പ്രവാസി സമൂഹത്തില്‍ നിന്ന് ലഭിച്ചത് . നിര്‍ദ്ധനരായ വിദ്യാര്‍ത്ഥികളുടെ ഓണ്‍ലൈന്‍ പഠനസൗകര്യം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ഡിവൈഎഫ്‌ഐ നടത്തുന്ന ടി വി ചലഞ്ചിലേയ്ക്ക് 72 ടെലിവിഷന്‍ സെറ്റുകളാണ് സമീക്ഷ യുകെ സംഭാവനയായി നല്‍കിയത്.

അവകാശപോരാട്ടങ്ങളുടെ ചുവന്ന ഭൂമിയായ ആലപ്പുഴയിലെ മാരാരിക്കുളത്തെ ശ്രീ ചിത്തിര മഹാരാജവിലാസം ഗവ: യു പി സ്‌കൂളിലെ പത്തു കുട്ടികള്‍ക്ക് ടെലിവിഷന്‍ സീറ്റുകള്‍ നല്‍കി അവരുടെ അതിജീവനസ്വപ്നങ്ങള്‍ക്കു സമീക്ഷ യു കെ DYFI യുടെ സഹായത്തോടെ നിറം പകര്‍ന്നു.

സ്‌കൂള്‍ അങ്കണത്തില്‍ നടന്ന മഹനീയ ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് ചെയര്‍മാനായ ശ്രീ.കെ.ടി.മാത്യു വിതരണോത്ഘാടനം നിര്‍വഹിച്ചു. DYFI ജില്ലാ സെക്രട്ടറി ശ്രീ.ആര്‍.രാഹുല്‍., KSTA സംസ്ഥാന സെക്രട്ടറി ശ്രീ. ഡി .സുധീഷ് , ശ്രീ. ശ്രീജിത്ത് , ശ്രീ . അരുണ്‍ പ്രസാദ് , ശ്രീ സജി രാജന്‍ തുടങ്ങിയവര്‍ പങ്കെടുത്തു . സമീക്ഷ സെക്രട്ടറി ശ്രീ ദിനേശ് വെള്ളാപ്പള്ളിയുടെയും പ്രസിഡന്റ് ശ്രീമതി.സ്വപ്ന പ്രവീണിന്റേയും ആശംസ സന്ദേശങ്ങള്‍ ചടങ്ങില്‍ വായിച്ചു.

സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ ശ്രീ പി ജി വേണു , സ്റ്റാഫ് സെക്രട്ടറി ശ്രീ യേശുദാസ് എന്നിവര്‍ സമീക്ഷയും DYFI യും നടത്തിയ നന്മ നിറഞ്ഞ ഈ മഹനീയ പ്രവര്‍ത്തനത്തിന് നന്ദി പറഞ്ഞു . പ്രവാസ ലോകത്തിരിക്കുമ്പോളും സ്വന്തം നാടിനോടും നാട്ടുകാരോടും സമീക്ഷയും അതിലെ അംഗങ്ങളും കാണിക്കുന്ന കരുതല്‍ മാതൃകാപരമാണെന്നു അവര്‍ കൂട്ടിച്ചേര്‍ത്തുകൊണ്ട് സംഘടനകുടെ തുടര്‍ന്നുള്ള പ്രവര്‍ത്തനത്തിന് എല്ലാവിധ ഭാവുകങ്ങളും നേര്‍ന്നു.

കേരളത്തിലെ കുരുന്നുകളുടെ വിദ്യാഭ്യാസ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനു സമീക്ഷ നടത്തിയ പ്രവര്‍ത്തനങ്ങളുമായി സഹകരിച്ച നന്മനിറഞ്ഞ എല്ലാ മനസ്സുകള്‍ക്കും സമീക്ഷാ യുകെയുടെ നാഷണല്‍ കമ്മിറ്റി നന്ദി രേഖപ്പെടുത്തി.

വാര്‍ത്ത; ബിജു ഗോപിനാഥ്.