CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 10 Minutes 8 Seconds Ago
Breaking Now

2 മാസത്തെ ആശുപത്രി വാസം കഴിഞ്ഞു; കൊവിഡിനെ തോല്‍പ്പിച്ച് ബിനു മടങ്ങിയെത്തി; കൈയടിച്ച്, പൂക്കള്‍ നല്‍കി ധീര പോരാളിയെ വരവേറ്റ് പീറ്റര്‍ബറോ മലയാളികള്‍

കുടുംബത്തിന്റെ സന്തോഷത്തിലേക്ക് തിരിച്ചെത്തിയ ബിനുവിനെ സ്വീകരിക്കാന്‍ പീറ്റര്‍ബറോ മലയാളികള്‍ ഒത്തുകൂടിയത് ഹൃദയം നിറയ്ക്കുന്ന കാഴ്ചയായിരുന്നു

കൊറോണാവൈറസ് ഉയര്‍ത്തുന്ന ആശങ്കകളും, വേദനകളുമാണ് വാര്‍ത്തകളില്‍ സാധാരണയായി നിറയാറുള്ളത്. ഇതിനൊപ്പം രോഗമുക്തി നേടി ജീവിതത്തിലേക്ക് മടങ്ങുന്നവരും ഏറെയുണ്ട്. ആശ്വാസത്തിന്റെ കണിക ബാക്കിവെച്ച് അദൃശ്യനായ വൈറസിനെ തോല്‍പ്പിച്ച് വിലപ്പെട്ട ജീവിതം തിരിച്ചുപിടിക്കുന്നവര്‍. രണ്ട് മാസക്കാലം കൊവിഡ്-19 രോഗത്തോട് മല്ലിട്ട്, ഒടുവില്‍ ചികിത്സയും പ്രാര്‍ത്ഥനയും ഫലപ്രാപ്തിയില്‍ എത്തുകയും ചെയ്തതോടെയാണ് പീറ്റര്‍ബറോയിലെ മലയാളികള്‍ക്കിടയിലേക്ക് ബിനു രോഗമുക്തി നേടി തിരിച്ചെത്തിയത്.

കുടുംബത്തിന്റെ സന്തോഷത്തിലേക്ക് തിരിച്ചെത്തിയ ബിനുവിനെ സ്വീകരിക്കാന്‍ പീറ്റര്‍ബറോ മലയാളികള്‍ ഒത്തുകൂടിയത് ഹൃദയം നിറയ്ക്കുന്ന കാഴ്ചയായിരുന്നു. സര്‍ക്കാര്‍ നല്‍കിയ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് കൊണ്ടാണ് 2 മാസക്കാലത്തെ ആശുപത്രി വാസത്തിന് ശേഷം മടങ്ങിയെത്തിയ ബിനുവിനെ മലയാളി സമൂഹം വരവേറ്റത്. കാറില്‍ നിന്നിറങ്ങുമ്പോള്‍ തന്റെ പ്രിയ സുഹൃത്തുക്കളും, കുടുംബാംഗങ്ങളും നല്‍കിയ കൈയടികള്‍ ബിനുവിന്റെ മുഖത്ത് അനിവാര്യമായ ആ പുഞ്ചിരി തിരികെ എത്തിച്ചു. 

കുട്ടികളും, മുതിര്‍ന്നവരും ഉള്‍പ്പെടെയുള്ളവര്‍ ബിനുവിന് പൂച്ചെണ്ടുകള്‍ കൈമാറി. ബിനുവിന്റെ തിരിച്ചുവരവ് പീറ്റര്‍ബറോയിലെ മലയാളികളെ സംബന്ധിച്ച് എത്രത്തോളം സന്തോഷമേകുന്ന കാര്യമാണെന്ന് വ്യക്തമാക്കുന്നതായിരുന്നു വരവേല്‍പ്പ്. കൊവിഡ്-19നെതിരെ പൊരുതിയ ഘട്ടത്തില്‍ ബിനുവിന്റെ രോഗമുക്തിക്കായി പ്രാര്‍ത്ഥിച്ച, കുടുംബത്തെ ചേര്‍ത്തുപിടിച്ച് ഒപ്പംനിന്ന എല്ലാവര്‍ക്കും പീറ്റര്‍ബറോ മലയാളി സമൂഹം നന്ദി അറിയിച്ചു. 




കൂടുതല്‍വാര്‍ത്തകള്‍.