CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 39 Minutes 42 Seconds Ago
Breaking Now

മഴ ദുരിതത്തില്‍ സംസ്ഥാനം ; ഇടുക്കിയിലും മുല്ലപ്പെരിയാറിലും ജലനിരപ്പ് ഉയര്‍ന്നു ; മലവെള്ളത്തില്‍ ഒലിച്ചുപോയ കാറിലുണ്ടായയാളുടെ മൃതദേഹം കണ്ടെത്തി

അണക്കെട്ട് പരിസരത്ത് മഴ കൂടുതലായി ലഭിക്കുന്നതും നീരൊഴുക്ക് കൂടുന്നതും ജലനിരപ്പ് ഇനിയും ഉയര്‍ത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

സംസ്ഥാനത്ത് മഴ ശക്തമായതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. നിലവില്‍ 127.2 അടിയിലേക്ക് ജലനിരപ്പ് എത്തി. നാലടിയാണ് കഴിഞ്ഞ ഒരു ദിവസം കൊണ്ട് ജലനിരപ്പ് ഉയര്‍ന്നത്. അണക്കെട്ട് പരിസരത്ത് മഴ കൂടുതലായി ലഭിക്കുന്നതും നീരൊഴുക്ക് കൂടുന്നതും ജലനിരപ്പ് ഇനിയും ഉയര്‍ത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇടുക്കി അണക്കെട്ടില്‍ 2,349.15 അടിയാണ് ജലനിരപ്പ്. കഴിഞ്ഞ വര്‍ഷം ഇതേസമയം 2,316.64 അടിയായിരുന്നു ജലനിരപ്പ്. 

ഇടുക്കി ഏലപ്പാറ നല്ലതണ്ണിയില്‍ മലവെള്ളപാച്ചിലില്‍ ഒലിച്ചുപോയ കാറിലുണ്ടായിരുന്ന ഒരാളുടെ മൃതദേഹം കണ്ടെത്തി. നല്ലതണ്ണി സ്വദേശി മാര്‍ട്ടിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഒപ്പമുണ്ടായിരുന്ന നല്ലതണ്ണി സ്വദേശി അനീഷിനെ കണ്ടെത്താനായില്ല.

പീരുമേട്ടില്‍ മൂന്നിടത്ത് ഉരുള്‍പൊട്ടി. കോഴിക്കാനം, അണ്ണന്‍തമ്പിമല, ഏലപ്പാറ മേഖലകളിലെ തോട്ടങ്ങളില്‍ ഉരുള്‍പൊട്ടലുണ്ടായി. തോട് കരകവിഞ്ഞ് ഏലപ്പാറ ജങ്ഷനില്‍ വെള്ളപ്പൊക്കമുണ്ടായി. വീടുകളിലും വെള്ളം കയറി. ഭൂതത്താന്‍കെട്ട് ഡാമിന്റെ എല്ലാ ഷട്ടറുകളും തുറന്നതിനെ തുടര്‍ന്ന് പെരിയാറില്‍ ജലനിരപ്പ് ഉയരും. ഇടുക്കി പൊന്‍മുടി ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ഉയര്‍ത്തും.

ജില്ലയില്‍ ഇടുക്കി, മുല്ലപ്പെരിയാര്‍ അണക്കെട്ടുകളൊഴികെയുള്ള മറ്റു ഡാമുകളിലും ജലനിരപ്പ് സംഭരണശേഷിയോട് അടുക്കുകയാണ്. ജില്ലയില്‍ അതിതീവ്ര മഴ പെയ്യുന്ന സാഹചര്യത്തില്‍ മണ്ണിടിച്ചിലിനും മലവെള്ളപ്പാച്ചിലിനും സാധ്യതയുള്ളതിനാല്‍ മലയോരമേഖലയിലേക്കുള്ള ഗതാഗതം രാത്രി ഏഴുമുതല്‍ രാവിലെ ആറുവരെ നിരോധിച്ചു.

 




കൂടുതല്‍വാര്‍ത്തകള്‍.