ബെഡുകള്‍ ക്ലിയര്‍ ചെയ്ത് വെയ്ക്കാന്‍ ആശുപത്രികള്‍ക്ക് മുന്നറിയിപ്പ്. അടുത്ത ഏതാനും ആഴ്ചകളില്‍ കുതിച്ചുയരാന്‍ സാധ്യതയുള്ള കൊറോണാവൈറസ് രോഗികളുടെ എണ്ണത്തെ നേരിടാനുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായാണ് ഈ മുന്നറിയിപ്പ്. കൊവിഡ്-19 കേസുകളും, ആശുപത്രി അഡ്മിഷനും, മരണസംഖ്യയും ഉയരുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ നല്‍കുന്ന വിവരം ആശാവഹമല്ല.
കൊറോണ കേസുകള്‍ കുതിച്ചുയര്‍ന്ന നോര്‍ത്ത് ഈസ്റ്റ് മേഖലയില്‍ പുതിയ വിലക്കുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 10 മില്ല്യണിലേറെ ജനങ്ങള്‍ ലോക്കല്‍ ലോക്ക്ഡൗണിലേക്ക് നീങ്ങുമെന്നാണ് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറില്‍ 3395 കൊവിഡ്-19 ഇന്‍ഫെക്ഷനുകളാണ് രേഖപ്പെടുത്തിയത്. ഇതോടെ ഏഴ് ദിവസത്തെ ശരാശരി പ്രകാരം ദിവസേന 2 ശതമാനം വര്‍ദ്ധനവാണ് സംഭവിക്കുന്നത്. ഒരാഴ്ച കൊണ്ട് 33% വര്‍ദ്ധനവും കേസുകളില്‍ രേഖപ്പെടുത്തി.
കേസുകളിലെ ഈ വര്‍ദ്ധന ഒരു രണ്ടാംഘട്ട വ്യാപനത്തിലേക്ക് രാജ്യം നീങ്ങുന്നതിന്റെ സൂചനയാണ് നല്‍കുന്നത്. തലസ്ഥാന നഗരത്തില്‍ കിടക്കകള്‍ ഒഴിവാക്കി വെയ്ക്കാനുള്ള പദ്ധതികളെ കുറിച്ച് ലണ്ടനിലെ എംപിമാര്‍ക്ക് വിവരം നല്‍കിയെന്ന് ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു. ആശുപത്രിയില്‍ ചികിത്സ നല്‍കാതെ തന്നെ ഐസൊലേഷനില്‍ രോഗമുക്തി നേടാന്‍ കഴിയുന്ന കൊറോണാവൈറസ് രോഗികള്‍ക്ക് വേണ്ടി ഈ ബെഡുകള്‍ മാറ്റിവെയ്ക്കാനാണ് തീരുമാനം.
ആശുപത്രിയില്‍ നിന്ന് പുറത്തിറങ്ങുകയും, രോഗമുക്തിക്കായി സ്ഥലം ആവശ്യമുള്ളവര്‍ക്കും വേണ്ടി ആശുപത്രികള്‍ ബെഡ് റിസര്‍വ്വ് ചെയ്തതായാണ് വിവരമെന്ന് ഒരു എംപി വെളിപ്പെടുത്തി. ലോക്ക്ഡൗണിന്റെ ആദ്യ ഘട്ടത്തില്‍ ആളുകളെ കെയര്‍ ഹോമിലേക്കും, മറ്റ് സൗകര്യങ്ങളിലേക്കും അയച്ചത് ദുരന്തം സമ്മാനിച്ചിരുന്നു. ഈ അനുഭവത്തിലാണ് ചികിത്സ കഴിഞ്ഞ് രോഗമുക്തിക്കായി പ്രത്യേക സൗകര്യം തയ്യാറാക്കുന്നത്. കൗണ്‍സിലുകളോട് അധിക ബെഡുകള്‍ കണ്ടെത്താനും നിര്‍ദ്ദേശിച്ചതായാണ് റിപ്പോര്‍ട്ട്.