CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
53 Minutes 56 Seconds Ago
Breaking Now

കുരിശിന് മുകളില്‍ കയറി നിന്ന് കുട്ടികള്‍ ഫോട്ടോയെടുത്ത സംഭവം ; ഈരാറ്റുപേട്ട പള്ളി ഇമാം ഉള്‍പ്പെടെയുള്ളവര്‍ പള്ളിയിലെത്തി ഖേദം പ്രകടിപ്പിച്ചു

സാമുദായിക സംഘര്‍ഷം ലക്ഷ്യമിട്ട് സമൂഹമാധ്യമങ്ങളിലൂടെ വിദ്വേഷ പ്രചാരണം നടന്നിരുന്നു. ഇതിന് പിന്നാലെയാണ് ഖേദപ്രകടനമുണ്ടായത്.

പൂഞ്ഞാറിലെ പുല്ലപ്പാറ കുരിശിന് മുകളില്‍ കയറി നിന്ന് കുട്ടികള്‍ ഫോട്ടോയെടുത്ത സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് ഈരാറ്റുപേട്ട മഹല്ല് കമ്മിറ്റി. ഈരാറ്റുപേട്ട പള്ളി ഇമാം ഉള്‍പ്പെടെയുള്ളവര്‍ സെന്റ് മേരീസ് ഫൊറോന പള്ളിയിലെത്തി കുട്ടികളുടെ പ്രവൃത്തിയില്‍ പുരോഹിതരോടും വിശ്വാസികളോടും ക്ഷമ ചോദിക്കുകയായിരുന്നു. മഹല്ല് കമ്മിറ്റി വൈദികരെ കണ്ട ശേഷം ക്രിസ്ത്യന്‍ പള്ളിക്കു മുന്നില്‍ നില്‍ക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

കുരിശിനെ അപകീര്‍ത്തിപ്പെടുത്തിയെന്ന വാര്‍ത്തയെ തുടര്‍ന്ന് സാമുദായിക സംഘര്‍ഷം ലക്ഷ്യമിട്ട് സമൂഹമാധ്യമങ്ങളിലൂടെ വിദ്വേഷ പ്രചാരണം നടന്നിരുന്നു. ഇതിന് പിന്നാലെയാണ് ഖേദപ്രകടനമുണ്ടായത്.

സെന്റ് മേരീസ് പള്ളിയുടെ പരാതിയില്‍ 14 കുട്ടികളുടെ അറസ്റ്റ് ഈരാറ്റുപേട്ട പൊലീസ് രേഖപ്പെടുത്തിയിരുന്നു. മൂന്ന് വ്യത്യസ്ത മതവിഭാഗത്തില്‍പ്പെട്ട കുട്ടികളാണ് കേസില്‍ ഉള്‍പ്പെട്ടിരുന്നത്. കുട്ടികള്‍ക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ സ്റ്റേഷനില്‍ വെച്ച് തന്നെ കേസ് ഒത്തുതീര്‍പ്പാക്കി. പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജിന്റെ മധ്യസ്ഥതയിലായിരുന്നു ഇത്. പൂഞ്ഞാര്‍ പള്ളിയിയിലെ വൈദികരോടും അധികാരികളോടും കുട്ടികള്‍ മാതാപിതാക്കളുടെ സാന്നിധ്യത്തില്‍ മാപ്പ് പറയണമെന്ന വ്യവസ്ഥയിന്മേലായിരുന്നു ഒത്തുതീര്‍പ്പ്. കുരിശിനെ അധിക്ഷേപിക്കുക എന്ന ഉദ്ദേശ്യത്തോടെയല്ല കുട്ടികള്‍ ചിത്രമെടുത്തതെന്ന് പൊലീസ് പറഞ്ഞു.

കുരിശിനെ അപമാനിച്ചതില്‍ പ്രതിഷേധം രേഖപ്പെടുത്തി പൂഞ്ഞാര്‍ ഇടവക പ്രതിനിധിയോഗം രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രി, ഡിജിപി, കോട്ടയം ജില്ലാ കളക്ടര്‍, ജില്ലാ പൊലീസ് മേധാവി എന്നിവര്‍ക്കും സഭ പരാതി നല്‍കുകയുണ്ടായി. 

 




കൂടുതല്‍വാര്‍ത്തകള്‍.