CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 18 Minutes 31 Seconds Ago
Breaking Now

മലയാളം മിഷന്‍ യു കെ ചാപ്റ്ററിന്റെ മലയാളം ഡ്രൈവില്‍ മലയാളം മിഷന്‍ ഭാഷാധ്യാപകന്‍ ഡോ എം ടി ശശി 'മലയാളത്തനിമയുടെ ഭേദങ്ങള്‍' എന്ന വിഷയത്തില്‍ ഇന്ന് നാലു മണിക്ക് പ്രഭാഷണവും സംവാദവും നടത്തുന്നു

മലയാളം മിഷന്‍ യുകെ ചാപ്റ്ററിന്റെ ശത ദിന കര്‍മ്മ പരിപാടിയായ മലയാളം ഡ്രൈവില്‍  മലയാളം മിഷന്‍ ഭാഷാധ്യാപകനും, മലയാളം മിഷന്‍ അധ്യാപക പരിശീലന വിഭാഗം മേധാവിയുമായ ഡോ എം ടി ശശി ഇന്ന് 4 PM ന് 'മലയാളത്തനിമയുടെ .ഭേദങ്ങള്‍' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുന്നു.  പ്രശസ്ത  മലയാള പണ്ഡിതനായ ഡോ എം ടി ശശി മലയാളം മിഷന്‍ യുകെ ചാപ്റ്ററിന്റെ ഫേസ്ബുക്ക് പേജിലൂടെ നടത്തുന്ന ഈ പ്രഭാഷണത്തിലും സംവാദത്തിലും തത്സമയം പങ്കെടുക്കുവാന്‍ എല്ലാ മലയാള ഭാഷാസ്‌നേഹികളെയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നു. കാലിക്കട്ട് സര്‍വ്വകലാശാല സെനറ്റ് അംഗമായിരുന്ന ഡോ എം ടി ശശി എം എ, എം എഡ്, എം ഫില്‍ ബിരുദധാരിയാണ്.   'ആര്‍ രാമചന്ദ്രന്റെ കാവ്യ ജീവിതം ദര്‍ശന പരവും ശൈലീ പരവുമായ അപഗ്രഥനം' എന്ന വിഷയത്തില്‍ കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഡോക്ടറേറ്റ് നേടി. ഇദ്ദേഹം മലപ്പുറം ജില്ലയിലെ ഇരിമ്പിളിയം സ്വദേശിയാണ്. ഹയര്‍ സെക്കണ്ടറി അധ്യാപക നായിരുന്ന ഡോ എം ടി ശശി ഇപ്പോള്‍ ഡെപ്യൂട്ടേഷനില്‍ മലയാളം മിഷന്‍ അധ്യാപക പരിശീലനം വിഭാഗം മേധാവിയായി പ്രവര്‍ത്തിക്കുന്നു.  ആനുകാലികങ്ങളില്‍ എഴുതാറുള്ള  ഇദ്ദേഹം 'നവ സാഹിത്യ പാഠങ്ങള്‍  ' എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. മലയാളം മിഷന്‍ പ്രവര്‍ത്തകര്‍ക്ക് സുപരിചിതനും മലയാളം മിഷന്‍ അധ്യാപകരുടെ വഴികാട്ടിയുമായ ഡോ എം ടി ശശിയുടെ  പ്രഭാഷണം ശ്രവിക്കുന്നതിനും സംവാദങ്ങളില്‍ പങ്കെടുക്കുന്നതിനുമായി എല്ലാ മലയാള ഭാഷാ സ്‌നേഹികളെയും മലയാളം മിഷന്‍ യുകെ ചാപ്റ്റര്‍  ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നു.

മലയാളം മിഷന്‍ യുകെ ചാപ്റ്റര്‍ കേരളപ്പിറവിദിനത്തില്‍ മലയാളഭാഷാ പ്രചാരണത്തിനായി തുടക്കം കുറിച്ച മലയാളം ഡ്രൈവിന്റെ ഭാഗമായി ഫെബ്രുവരി രണ്ടാം വാരം അവസാനിക്കുന്ന നൂറുദിന കര്‍മ്മ പരിപാടികള്‍ ആണ്  വിഭാവനം ചെയ്തിരിക്കുന്നത്. മലയാളം മിഷന്‍ യുകെ ചാപ്റ്ററിന്റെ ഫേസ്ബുക്ക് പേജിലൂടെ നടത്തുന്ന ഈ സാംസ്‌കാരിക പരിപാടികള്‍ക്ക് വിവിധ മേഖലകളില്‍ നിന്നുമുള്ള ആളുകളുടെ മികച്ച പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത് . ഇക്കഴിഞ്ഞയാഴ്ച പ്രശസ്ത സാഹിത്യ വിമര്‍ശകനും മാധ്യമ പ്രവര്‍ത്തകനുമായ ഡോ പി കെ രാജശേഖരന്‍ 'മലയാള സാഹിത്യവും ചലച്ചിത്ര ലോകവും' എന്ന വിഷയത്തില്‍ ചലച്ചിത്ര ശകലങ്ങളുടെ അകമ്പടിയോടു കൂടി നടത്തിയ പ്രഭാഷണം ഒരു വേറിട്ട അനുഭവം ആയിരുന്നു എന്ന് അത് ശ്രവിച്ചവര്‍ അറിയിച്ചു. ഡോ പി കെ രാജശേഖരന്റെ പ്രഭാഷണത്തോടൊപ്പം

മുന്‍ ആഴ്ചകളില്‍  മലയാളം മിഷന്‍ രജിസ്ട്രാര്‍ ശ്രീ എം സേതുമാധവന്‍, ദളിത് ആക്ടിവിസ്റ്റ് ശ്രീമതി മൃദുലാദേവി എസ്, ബല്ലാത്ത പഹയന്‍ ശ്രീ വിനോദ് നാരായണന്‍, ഗോള്‍ഡ് 101.3 FM ന്യൂസ് എഡിറ്റര്‍ തന്‍സി ഹാഷിര്‍, ഉത്തരാധുനീക സാഹിത്യകാരന്‍ ശ്രീ പി.എന്‍ ഗോപീകൃഷ്ണന്‍, മാധ്യമ പ്രവര്‍ത്തകന്‍ ശ്രീ സി അനൂപ്, മലയാളം സര്‍വ്വകാശാല വൈസ് ചാന്‍സലര്‍ ഡോ അനില്‍ വള്ളത്തോള്‍, മലയാളം മിഷന്‍ ഡയറക്ടര്‍ പ്രൊഫ സുജ സൂസന്‍ ജോര്‍ജ് എന്നിവര്‍ നടത്തിയിരുന്ന പ്രഭാഷണങ്ങളും  കേള്‍ക്കുവാന്‍ നിരവധി ആളുകളാണ് താല്പര്യപൂര്‍വ്വം ലൈവില്‍ എത്തിയിരുന്നത്. ഭാഷാ സ്‌നേഹികളായ പല ആളുകളും പ്രഭാഷകരോട് ചോദ്യങ്ങള്‍ ചോദിക്കുകയും ക്രിയാത്മകമായ സംവാദങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തിരുന്നു. ആയിരങ്ങള്‍ ആ പ്രഭാഷണങ്ങള്‍ ശ്രവിക്കുകയും ചെയ്തു.

മലയാളം മിഷന്‍ അധ്യാപകര്‍ക്കും കുട്ടികള്‍ക്കും ഭാഷാ സ്‌നേഹികള്‍ക്കും പ്രയോജനപ്രദമായ മലയാളം മിഷന്‍ യുകെ ചാപ്റ്ററിന്റെ നേതൃത്വത്തില്‍ നടത്തുന്ന മലയാളം ഡ്രൈവിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത് പ്രവര്‍ത്തക സമിതി അംഗങ്ങളായ ആഷിക് മുഹമ്മദ് നാസര്‍, ജനേഷ് നായര്‍, ബേസില്‍ ജോണ്‍ എന്നിവരാണ്.

മലയാളം മിഷന്‍ യുകെ ചാപ്റ്ററിന്റെ ഫേസ്ബുക്ക് പേജിലൂടെ എല്ലാവര്‍ക്കും പ്രയോജനപ്രദമായ ലൈവ് പ്രഭാഷണങ്ങളും, ഭാഷാ ഉന്നമനത്തിനായി നടത്തുന്ന പരിപാടികളും, ഭാഷാസ്‌നേഹികളായ മുഴുവന്‍ ആളുകളും പ്രോത്സാഹിപ്പിക്കണമെന്ന് മലയാളം മിഷന്‍ യുകെ ചാപ്റ്റര്‍ പ്രസിഡന്റ് സി എ ജോസഫും സെക്രട്ടറി ഏബ്രഹാം കുര്യനും അഭ്യര്‍ത്ഥിച്ചു.

ഇന്ന്  (17/01/2021) ഞായറാഴ്ച്ച  വൈകിട്ട് യുകെ സമയം 4PM, ഇന്‍ഡ്യന്‍ സമയം 09.30 PMനുമാണ്  ഡോ എം ടി ശശി 'മലയാളത്തനിമയുടെ ഭേദങ്ങള്‍' എന്ന വിഷയത്തില്‍ പ്രഭാഷണവും സംവാദവും നടത്തുന്നത്.  തത്സമയം പരിപാടിയില്‍ പങ്കെടുക്കുന്നതിന് താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക . മലയാളം മിഷന്‍ യുകെ ചാപ്റ്ററിന്റെ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്തും പരിപാടികള്‍ ഷെയര്‍ ചെയ്തും പ്രോത്സാഹിപ്പിക്കുക.

 

https://www.facebook.com/MAMIUKCHAPTER/live/

 

ഏബ്രഹാം കുര്യന്‍

 




കൂടുതല്‍വാര്‍ത്തകള്‍.