CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
30 Minutes 13 Seconds Ago
Breaking Now

യുക്മ സാംസ്‌ക്കാരികവേദിയുടെ ജ്വാല ഇ മാഗസിന്‍ ഈസ്റ്റര്‍ വിഷു ലക്കം പ്രസിദ്ധീകരിച്ചു............. വ്യത്യസ്തതകളുടെ നേര്‍ക്കാഴ്ചയായി കാക്കനാടന്റെ മുഖചിത്രം....

ലോക പ്രവാസി മലയാളികളുടെ പ്രിയ ഓണ്‍ലൈന്‍ പ്രസിദ്ധീകരണമായ ജ്വാല ഇമാഗസിന്റെ മാര്‍ച്ച് ലക്കം പ്രസിദ്ധീകരിച്ചു. ഈസ്റ്റര്‍  വിഷു ആശംസകളുമായി പുറത്തിറങ്ങിയ 'ജ്വാല' എഴുപത്തിയൊന്നാം പതിപ്പിന്റെ മുഖചിത്രം സുപ്രസിദ്ധ കഥാകാരന്‍ യശഃശരീരനായ കാക്കനാടന്‍ ആണ്.

പ്രസിദ്ധീകരണത്തിന്റെ ഏഴാം വര്‍ഷം, വെല്ലുവിളികളെ സധൈര്യം ഏറ്റെടുത്ത് എഴുപത്തിയൊന്നാം പതിപ്പ് പ്രസിദ്ധീകരിക്കാന്‍ കഴിയുകയെന്ന അഭിമാനകരമായ നേട്ടം കൈവരിച്ച വേളയില്‍, ജ്വാല ഇ  മാഗസിന്റെ വളര്‍ച്ചയില്‍ പിന്നില്‍ നിന്ന് സഹായിച്ചവരെ നന്ദിപൂര്‍വം സ്മരിക്കുകയാണ് എഡിറ്റോറിയലില്‍ ചീഫ് എഡിറ്റര്‍ റജി നന്തികാട്ട്. ഒപ്പം, കേരള നിയമസഭയിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍, പ്രവാസികളുടെ ആവശ്യങ്ങള്‍ കൂടി പരിഗണിച്ച്, അവ താല്പര്യപൂര്‍വ്വം നടപ്പിലാക്കുവാന്‍ ശ്രമിക്കുന്ന ഒരു സര്‍ക്കാര്‍ ഭരണത്തില്‍ വരണമെന്ന് എഡിറ്റോറിയല്‍ പ്രത്യാശ പ്രകടിപ്പിക്കുന്നു. 

മുന്‍ ലക്കങ്ങളിലേതുപോലെ തന്നെ, വായനയെ ഗൗരവമായി കാണുന്ന അനുവാചകര്‍ക്കൊപ്പം, എല്ലാ വിഭാഗത്തില്‍പെട്ട വായനക്കാര്‍ക്കും ഇഷ്ടപ്പെടുന്ന രചനകളാല്‍ സമ്പന്നമാണ്  മാര്‍ച്ച് ലക്കവും . നാടകത്തിലായാലും സിനിമയിലായാലും അഭിനയത്തില്‍ നമ്മെ വിസ്മയിപ്പിച്ച നടന്‍ പി ജെ ആന്റണിയെ വായനക്കാര്‍ക്ക് കൂടുതല്‍ അടുത്തറിയാന്‍ സാധിക്കുന്നു ആര്‍. ഗോപാലകൃഷ്ണന്‍ എഴുതിയ 'മലയാളികളുടെ സ്വന്തം വെളിച്ചപ്പാട്' എന്ന ലേഖനത്തിലൂടെ. 

 

പ്രസിദ്ധ പ്രഭാഷകനും എഴുത്തുകാരനുമായ ഡോ. സുനില്‍ പി. ഇളയിടം എഴുതിയ 'ഗാന്ധിയുടെ ലണ്ടന്‍' എന്ന ലേഖനത്തില്‍ ലണ്ടനില്‍ നടത്തിയ യാത്രയുടെ അനുഭവങ്ങള്‍ അദ്ദേഹം വളരെ മനോഹരമായി വിവരിച്ചിരിക്കുന്നു.

ചലച്ചിത്ര ഗാനങ്ങളുടെ പിറവികളെ കുറിച്ച് ശ്രദ്ധേയമായ ലേഖനങ്ങള്‍ എഴുതി വായനക്കാര്‍ക്ക് സുപരിചിതനായ രവി മേനോന്‍ പ്രസിദ്ധ മലയാള സിനിമ സംഗീത സംവിധായകനായ ദേവരാജന്‍ മാസ്റ്ററുമായി നടത്തിയ ഒരു അഭിമുഖത്തിന്റെ ഓര്‍മ്മകള്‍ പങ്കുവെയ്ക്കുന്നു 'ജാതകകുറിപ്പ് കീറി വലിച്ചെറിഞ്ഞ അച്ഛന്റെ മകന്‍' എന്ന ലേഖനത്തില്‍.

ബുദ്ധ മതത്തെ പഠനവിധേയമാക്കുകയാണ് ഡോ. മനോജ് കുറൂര്‍ 'ബുദ്ധ ദര്‍ശനം; അടിസ്ഥാന തത്വങ്ങള്‍' എന്ന ലേഖനത്തില്‍. മലയാളത്തിലെ യുവ എഴുത്തുകാരില്‍ ശ്രദ്ധേയനായ ഷാഹുല്‍ ഹമീദ് കെ.ടി എഴുതിയ 'മഞ്ഞക്കടല്‍ ചുവന്ന കണ്ണുകള്‍ കറുത്ത നദി' എന്ന അപസര്‍പ്പക കഥ വായനക്കാരെ ത്രസിപ്പിക്കുന്ന രചനയാണ്. 

അതോടൊപ്പം ജ്യോതി എസ് കരുപ്പൂര് എഴുതിയ '23 വര്‍ഷങ്ങള്‍', ശ്രീകല മേനോന്‍ എഴുതിയ 'സൈറ' എന്നീ കഥകളും, ജയദേവന്‍ കെ എസ് രചിച്ച 'വെള്ളിത്തളിക', കല്ലറ അജയന്‍ രചിച്ച 'ഏകാന്തം' എന്നീ കവിതകളും 'ജ്വാല'യുടെ മാര്‍ച്ച് ലക്കത്തെ പ്രൗഢമാക്കുന്നു. 

മാര്‍ച്ച് ലക്കം പ്രസിദ്ധീകരിച്ചുകൊണ്ട്  ചീഫ് എഡിറ്റര്‍ ശ്രീ റെജി നന്തികാട്ടിന്റെ നേതൃത്വത്തിലുള്ള ജ്വാല എഡിറ്റോറിയല്‍ ബോര്‍ഡ്  ഏഴ് വര്‍ഷത്തെ സേവനം അഭിമാനകരമായി പൂര്‍ത്തിയാക്കുകയാണ്. ലോക പ്രവാസി മലയാളി സാഹിത്യ പ്രേമികള്‍ക്കിടയില്‍ യുക്മക്ക് ഏറെ അഭിമാനകരമാകും വിധം 'ജ്വാല' യുകെയിലെയും ലോകമെമ്പാടുമുള്ള വളര്‍ന്ന് വരുന്ന സാഹിത്യകാരന്‍മാര്‍ക്കും കലാകാരന്‍മാര്‍ക്കും ഉത്തേജനം പകരാനും, പ്രശസ്ത വ്യക്തികളുടെ മികച്ച സൃഷ്ടികള്‍ പരിചയപ്പെടുത്തുവാനും പ്രത്യേകം ശ്രദ്ധ പതിപ്പിച്ചിട്ടുണ്ട്. പ്രസിദ്ധീകരണത്തിന് നട്ടെല്ലായി നിന്ന് നേതൃത്വം നല്‍കിയ റെജി നന്തികാടിന്റെ പ്രത്യേക താല്പര്യമൊന്ന് മാത്രമാണ്  യുക്മ ജ്വാലയുടെ പ്രയാണത്തിലെ പ്രേരകശക്തിയെന്ന് യുക്മ ദേശീയ സമിതി വിലയിരുത്തി.

https://issuu.com/jwalaemagazine/docs/march_2021

 

സജീഷ് ടോം 

(യുക്മ നാഷണല്‍ പി ആര്‍ ഒ & മീഡിയ കോര്‍ഡിനേറ്റര്‍)




കൂടുതല്‍വാര്‍ത്തകള്‍.