കൊറോണാവൈറസ് നമ്മുടെയൊക്കെ സാധാരണ ജീവിതം താറുമാറാക്കിയെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ ഇതുമൂലം ഗര്‍ഭം ധരിക്കാന്‍ കൂടി വയ്യെന്ന അവസ്ഥ വന്നാലോ? എല്ലാം നേടിയെന്ന് അഹങ്കരിച്ച് നില്‍ക്കുന്ന മനുഷ്യന്റെ ദുരവസ്ഥ തന്നെ!
കൊറോണാവൈറസ് മഹാമാരി കടന്നുപോകുന്നത് വരെ സ്ത്രീകള്‍ ഗര്‍ഭം ധരിക്കുന്നത് മാറ്റിവെയ്ക്കണമെന്നാണ് ബ്രസീലിലെ ആരോഗ്യ വകുപ്പ് അധികൃതര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ബ്രസീലില്‍ കണ്ടെത്തിയിട്ടുള്ള കൊവിഡ് വേരിയന്റുകള്‍ ഗര്‍ഭിണികളായ അമ്മമാര്‍ക്ക് കൂടുതല്‍ അപകടകരമാണെന്ന് ബ്രസീലിയന്‍ ഹെല്‍ത്ത് മിനിസ്ട്രി പ്രൈമറി ഹെല്‍ത്ത് കെയര്‍ സെക്രട്ടറി റാഫേല്‍ കമാര പറഞ്ഞു.
'സ്ത്രീകള്‍ സാധിക്കുമെങ്കില്‍ ഗര്‍ഭം ധരിക്കുന്നത് കുറച്ച് കൂടി മെച്ചപ്പെട്ട സമയത്തേക്ക് മാറ്റിവെയ്ക്കണം. ഇതുവഴി കൂടുതല്‍ സമാധാനപരമായ ഗര്‍ഭകാലം ലഭിക്കും', പത്രസമ്മേളനത്തില്‍ കമാര വ്യക്തമാക്കി. ഗര്‍ഭധാരണവും, വൈറസ് വേരിയന്റുകളും സംബന്ധിച്ചുള്ള പ്രശ്‌നങ്ങളെ കുറിച്ച് മന്ത്രാലയം പഠനം നടത്തിവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗര്‍ഭിണികളില്‍ പുതിയ വേരിയന്റ് കടുത്ത അക്രമണം നടത്തുന്നതായി വിദഗ്ധര്‍ നിരീക്ഷിച്ചിട്ടുണ്ട്. നേരത്തെ ഗര്‍ഭകാലത്തിന്റെ അവസാന മാസങ്ങളില്‍ കണ്ടുവന്ന പ്രശ്‌നങ്ങള്‍ രണ്ടാം ട്രൈമെസ്റ്ററിലും, ആദ്യ ട്രൈമെസ്റ്ററിലും കാണുന്നു, അദ്ദേഹം വ്യക്തമാക്കി. ലോകത്തില്‍ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ റെക്കോര്‍ഡ് മരണസംഖ്യയുള്ള രാജ്യമാണ് ബ്രസീല്‍.