
















ഇറാന്‍ ആക്രമിച്ച യുഎഇയിലെ ഫുജൈറ ഓയില്‍ ടെര്‍മിനലില്‍ നിന്ന് ഇന്ത്യന്‍ പതാക വഹിക്കുന്ന 'ജഗ് ലാഡ്കി' എന്ന കപ്പല്‍ സുരക്ഷിതമായി യാത്ര തിരിച്ചു. ഫുജൈറ ഓയില്‍ ടെര്‍മിനലിന് നേരെ ആക്രമണമുണ്ടായ സമയത്ത് അവിടെ വെച്ച് എണ്ണ നിറയ്ക്കുകയായിരുന്ന കപ്പല്‍ ഇന്ന് സുരക്ഷിതമായി പുറപ്പെട്ടുവെന്ന് പെട്രോളിയം മന്ത്രാലയം അറിയിച്ചു.
മാര്‍ച്ച് 14 ന്, ഇന്ത്യന്‍ പതാകയുള്ള കപ്പലായ ജഗ് ലാഡ്കി യുഎഇയിലെ ഫുജൈറയില്‍ ക്രൂഡ് ഓയില്‍ കയറ്റിക്കൊണ്ടിരിക്കുമ്പോഴാണ്, എണ്ണ ടെര്‍മിനല്‍ ഇറാന്‍ ആക്രമിച്ചത്. ഫുജൈറയില്‍ നിന്ന് സുരക്ഷിതമായി യാത്ര തിരിച്ച കപ്പലും അതിലുള്ള എല്ലാ ഇന്ത്യന്‍ നാവികരും സുരക്ഷിതരാണെന്ന് പെട്രോളിയം വകുപ്പ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.
ഫുജൈറയിലെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ട ഇന്ത്യന്‍ എണ്ണ ടാങ്കറിനെ നാവിക സേന അനുഗമിക്കുന്നുണ്ട്.ഇന്ത്യന്‍ ടാങ്കറുകള്‍ക്കും കപ്പലുകള്‍ക്കും സുരക്ഷ ഒരുക്കാനായി ഗള്‍ഫ് മേഖലയില്‍ ഇന്ത്യന്‍ യുദ്ധകപ്പലുകളെ വിന്യസിച്ചിട്ടുമുണ്ട്. നിലവില്‍ 24 ഇന്ത്യന്‍ കപ്പലുകള്‍ ഗള്‍ഫ് മേഖലയിലൂടെ സഞ്ചരിക്കുന്നുണ്ടെന്ന് ഷിപ്പിംഗ് മന്ത്രാലയം വ്യക്തമാക്കി. ഇതില്‍ രണ്ട് കപ്പലുകള്‍ എല്‍പിജിയുമായി മുന്ദ്ര, കണ്ട്‌ല തുറമുഖങ്ങളിലേക്ക് വരികയാണ്. യുദ്ധസാഹചര്യത്തില്‍ ഗള്‍ഫ് മേഖലയില്‍ ഏകദേശം 23,000 ഇന്ത്യന്‍ നാവികര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് കണക്ക്. ഇതില്‍ 276 പേരെ വിവിധ കമ്പനികള്‍ ഇതിനകം ഒഴിപ്പിച്ചു. കുടുതല്‍ ഇന്ത്യന്‍ ടാങ്കറുകള്‍ ഹോര്‍മുസ് കടലിടുക്ക് കടന്ന് വരുന്നതിലും ചര്‍ച്ച തുടരുകയാണ്.
ശനിയാഴ്ചയാണ് യുഎഇയിലെ ഫുജൈറ ഓയില്‍ ടെര്‍മിനല്‍ ആക്രമിക്കപ്പെട്ടത്. ഫുജൈറ തുറമുഖത്തെ പ്രധാന എണ്ണ ടെര്‍മിനലുകള്‍ ലക്ഷ്യമിട്ട് ഇറാന്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ വന്‍ നാശനഷ്ടമുണ്ടായി. പ്രതിരോധസേന തകര്‍ത്ത ഡ്രോണിന്റെ അവശിഷ്ടങ്ങള്‍ വീണ് വന്‍ തീപിടിത്തമുണ്ടായി. ഇതോടെ എണ്ണ കയറ്റുമതി ഭാഗികമായി തടസ്സപ്പെട്ടു.