പശ്ചിമ ബംഗാളില്‍ മമതാ ബാനര്‍ജിക്കെതിരെ അട്ടിമറി വിജയം കരസ്ഥമാക്കാമെന്ന ബിജെപിയുടെ മോഹത്തിന് കനത്ത തിരിച്ചടി. അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 'ഹൈ വോള്‍ട്ടേജ്' തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ അരങ്ങുതകര്‍ന്ന പശ്ചിമ ബംഗാളില്‍ ഒരു ഘട്ടത്തില്‍ ബിജെപി അധികാരം പിടിക്കുമെന്ന ട്രെന്‍ഡ് വന്നതോടെ സകല അടവുകളും പുറത്തെടുത്ത് പയറ്റി തെരുവിലിറങ്ങിയ മമതയുടെ നീക്കങ്ങള്‍ വിജയം കണ്ടുവെന്നാണ് ഫലപ്രഖ്യാപനങ്ങള്‍ വ്യക്തമാക്കുന്നത്.
തൃണമൂല്‍ കോണ്‍ഗ്രസ് 200-ലേറെ സീറ്റുകളില്‍ ലീഡ് നിലനിര്‍ത്തുമ്പോള്‍ ബിജെപിക്ക് 83 സീറ്റുകളിലാണ് മുന്നേറ്റം സൃഷ്ടിക്കാന്‍ സാധിച്ചത്. നന്ദിഗ്രാമില്‍ ബിജെപിയുടെ സുവേന്ദു അധികാരിക്ക് എതിരെ മത്സരിക്കുന്ന മമത ഇപ്പോള്‍ വിരലിലെണ്ണാവുന്ന വോട്ടുകള്‍ക്ക് മാത്രമാണ് പിന്നിലുള്ളതെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ട്. ഇടത് ഭരണം തകര്‍ത്ത് അധികാരം പിടിച്ച മമതാ ബാനര്‍ജി ഇതോടെ മൂന്നാം തവണയും മുഖ്യമന്ത്രി പദത്തിലേക്ക് എത്തുമെന്ന് ഏറെക്കുറെ ഉറപ്പായി.
ബിജെപിയുടെ മോഹം പശ്ചിമ ബംഗാളില്‍ ഫലം കാണില്ലെന്ന് ഉറപ്പായതോടെ അരവിന്ദ് കെജ്രിവാളും, ശരത് പവാറും ഉള്‍പ്പെടെയുള്ള നേതാക്കള്‍ മമതാ ബാനര്‍ജിക്ക് അഭിനന്ദനം അറിയിച്ച് രംഗത്തെത്തി. അതേസമയം തെരഞ്ഞെടുപ്പില്‍ വന്‍ മുന്നേറ്റം നേടിയതോടെ തൃണമൂല്‍ പ്രവര്‍ത്തകര്‍ വിജയം ആഘോഷിക്കാന്‍ കൊല്‍ക്കത്തയിലെ തെരുവിലിറങ്ങി. വിജയാഘോഷങ്ങള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്ക് ഏര്‍പ്പെടുത്തിയതൊന്നും പരിഗണിക്കാതെയാണ് ആഘോഷങ്ങള്‍.