CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
33 Minutes 57 Seconds Ago
Breaking Now

ലണ്ടനില്‍ ഇന്ത്യന്‍ ത്രിവര്‍ണ്ണ പതാക ചവിട്ടി അരച്ചു, ചുട്ടെരിച്ചു! ഓപ്പറേഷന്‍ ബ്ലൂ സ്റ്റാര്‍ വാര്‍ഷികത്തില്‍ ഖലിസ്ഥാന്‍ വാദികളുടെ റാലി; ആശങ്കാജനകമായ സംഭവമെന്ന് ഇന്ത്യന്‍ ഹൈക്കമ്മീഷന്‍; ത്രിവര്‍ണ്ണ പതാകയെ അപമാനിച്ചവര്‍ക്കെതിരെ നടപടി ഉറപ്പാക്കും; റാലിയില്‍ തമിഴ് പുലികളും?

അഞ്ച് ഖല്‍സ സിഖുകളാണ്, ഊരിപ്പിടിച്ച വാളുകളുമായി വെല്ലിംഗ്ടണ്‍ ആര്‍ച്ചില്‍ നിന്നും ട്രാഫല്‍ഗാര്‍ സ്‌ക്വയറിലേക്കുള്ള മാര്‍ച്ച് നയിച്ചത്

ഓപ്പറേഷന്‍ ബ്ലൂ സ്റ്റാറിന്റെ വാര്‍ഷികത്തില്‍ ലണ്ടനില്‍ ബ്രിട്ടീഷ് സിഖുകാര്‍ നടത്തിയ സ്മാരക മാര്‍ച്ചിലും, ഫ്രീഡം റാലിയിലും ഇന്ത്യയുടെ ദേശീയ പതാക അഗ്നിക്ക് ഇരയാക്കി, ചവിട്ടി അരച്ചു. സംഭവങ്ങളില്‍ അത്യധികം ആശങ്കയുണ്ടെന്നും, ബുദ്ധിമുട്ടിച്ചെന്നും ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ വ്യക്തമാക്കി. ത്രിവര്‍ണ്ണ പതാകയെ അപമാനിച്ചവര്‍ക്ക് എതിരെ നടപടി ഉറപ്പാക്കുമെന്നും ഹൈക്കമ്മീഷന്‍ പറഞ്ഞു. 

ട്രാഫല്‍ഗാര്‍ സ്‌ക്വയറില്‍ എത്തിച്ചേരേണ്ട റാലിയ്ക്കിടെയാണ് മുഖം മറച്ച പുരുഷന്‍ ത്രിവര്‍ണ്ണ പതാക നിലത്തെറിയുകയും, ലൈറ്റര്‍ ഉപയോഗിച്ച് തീകൊളുത്തുകയും ചെയ്തത്. തീ ആളിക്കത്താന്‍ ഒരു സ്‌പ്രേയും ഉപയോഗിച്ചു. പതാക ചാരമായി മാറിയതോടെ മറ്റൊരു പതാക കൂടി നിലത്തെറിച്ച് കത്തിച്ചു. ഈ സമയത്ത് ചിലര്‍ ചുറ്റും കൂടി 'ഖലിസ്ഥാന്‍ സിന്ദാബാദ്' മുദ്രാവാക്യം മുഴക്കി. 

സംഭവം ശ്രദ്ധിച്ച് രണ്ട് പോലീസ് ഓഫീസര്‍മാര്‍ സ്ഥലത്തെത്തിയപ്പോഴേക്കും തീ കെട്ടടങ്ങി. പ്രതി ഒരു ബോട്ടിലില്‍ നിന്നും ബാക്കി വന്നവയില്‍ വെള്ളമൊഴിച്ചു. പോലീസുകാരില്‍ ഒരാള്‍ പതാകയുടെ അവശിഷ്ടങ്ങള്‍ പെറുക്കിയ ശേഷമാണ് മടങ്ങിയത്. പതാക കത്തിച്ച സംഭവം അരങ്ങേറിയെന്നും, ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും മെട്രോപൊളിറ്റന്‍ പോലീസ് വ്യക്തമാക്കി. ബ്രിട്ടനില്‍ പതാക കത്തിക്കുന്നത് ക്രിമിനല്‍ കുറ്റവുമല്ല. 

പരമ്പരാഗത വേഷവിധാനം അണിഞ്ഞ അഞ്ച് ഖല്‍സ സിഖുകളാണ്, ഊരിപ്പിടിച്ച വാളുകളുമായി വെല്ലിംഗ്ടണ്‍ ആര്‍ച്ചില്‍ നിന്നും ട്രാഫല്‍ഗാര്‍ സ്‌ക്വയറിലേക്കുള്ള മാര്‍ച്ച് നയിച്ചത്. ഖലിസ്ഥാന്‍ ടി ഷര്‍ട്ടുകളും, സ്വറ്ററുകളും 10 പൗണ്ടിനും, 20 പൗണ്ടിനും പ്രദേശത്ത് വിറ്റിരുന്നു. 1984 ജൂണില്‍ അമൃത്സറിലെ സുവര്‍ണ്ണ ക്ഷേത്രത്തില്‍ സൈനിക ഓപ്പറേഷന് ഇടയാക്കിയ സായുധ ഖലിസ്ഥാന്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രബിന്ദു ജര്‍ണയില്‍ സിംഗ് ബിന്ദ്രന്‍വാലെയുടെ വലിയ ബാനറുകളും റാലിയിലുണ്ടായിരുന്നു. 

ഓപ്പറേഷന്‍ ബ്ലൂ സ്റ്റാറിന് പുറമെ ഇന്ത്യയില്‍ ഗൂഢാലോചന-കൊലപാതക കുറ്റങ്ങള്‍ക്ക് നേരിടുന്ന മൂന്ന് ബ്രിട്ടീഷ് സിഖ് പൗരന്‍മാരുടെ നാടുകടത്തല്‍ അപേക്ഷയ്ക്കും എതിരെയാണ് റാലിയെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു. ഇന്ത്യന്‍ പതാക കത്തിച്ച സംഭവത്തില്‍ നടപടി സ്വീകരിക്കുമെന്ന് ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ വക്താവ് പറഞ്ഞു. എല്‍ടിടിഇ (തമിഴ് പുലികള്‍) റാലിയില്‍ പങ്കെടുത്തത് അത്ഭുതപ്പെടുത്തി. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ അംഗങ്ങള്‍ കുറവാണെന്നത് ഖലിസ്ഥാന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യത്തിന് പിന്തുണ ഇല്ലെന്ന് വ്യക്തമാക്കുന്നു, വക്താവ് കൂട്ടിച്ചേര്‍ത്തു. 




കൂടുതല്‍വാര്‍ത്തകള്‍.