യുകെയുടെ കൊവിഡ് മഹാമാരി തുടങ്ങിയ ഘട്ടത്തില്‍ രാജ്ഞിയെ മുഖാമുഖം കാണാന്‍ ഒരുങ്ങിയ പ്രധാനമന്ത്രി ബോറിസ് ജോണ്‍സനെ താനാണ് തടഞ്ഞതെന്ന് മുന്‍ മുഖ്യ ഉപദേശകന്‍ ഡൊമനിക് കമ്മിംഗ്‌സ്. ആ സമയത്ത് 93 വയസ്സുണ്ടായിരുന്ന രാജ്ഞിക്ക് കൊവിഡ് പിടിപെട്ടാല്‍ ചിലപ്പോള്‍ മരിച്ച് പോകാന്‍ കാരണമാകുമെന്ന് താന്‍ മുന്നറിയിപ്പ് നല്‍കിയെന്നാണ് മുന്‍ ഉപദേശകന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍.
പ്രധാനമന്ത്രിയുടെ ഭാര്യയുമായി തെറ്റിയാണ് ഡൊമനിക് കമ്മിംഗ്‌സിന് മുഖ്യ ഉപദേശക പദവി നഷ്ടമായതെന്നാണ് കരുതുന്നത്. ബോറിസുമായി മോശം ബന്ധമായതോടെ ഇദ്ദേഹത്തിന് എതിരായ പ്രസ്താവനകളിലൂടെ കമ്മിംഗ്‌സ് വിവാദങ്ങളില്‍ ഇടംപിടിക്കുന്നുണ്ട്. ബിബിസിക്ക് നല്‍കിയ അഭിമുഖത്തിലാണ് ബോറിസ് രാജ്ഞിയെ കാണാന്‍ ഒരുങ്ങിയപ്പോള്‍ തടയേണ്ടി വന്നതായി കമ്മിംഗ്‌സ് വെളിപ്പെടുത്തിയത്.
നം.10ലെ പല ജീവനക്കാരും കൊറോണാവൈറസ് ബാധിച്ച് രോഗബാധിതരാകുന്ന ഘട്ടത്തിലായിരുന്നു ഇത്. പൊതുജനങ്ങളോട് മറ്റുള്ളവരുമായി അനാവശ്യ സമ്പര്‍ക്കങ്ങള്‍ ഒഴിവാക്കാന്‍ പ്രധാനമന്ത്രി നിര്‍ദ്ദേശിക്കുകയും ചെയ്തു. ഈ ഘട്ടത്തിലാണ് രാജ്ഞിയെ നേരിട്ട് കാണാന്‍ ബോറിസ് ശ്രമിച്ചത്.
ഓഫീസില്‍ പലര്‍ക്കും കൊറോണ ബാധിച്ചതിനാല്‍ രാജ്ഞിക്ക് വൈറസ് കൈമാറുന്ന അവസ്ഥ ഒഴിവാക്കാനാണ് താന്‍ പ്രധാനമന്ത്രിയെ തടഞ്ഞതെന്ന് കമ്മിംഗ്‌സ് അവകാശപ്പെട്ടു. എന്നാല്‍ പതിവ് പോലെ ഇങ്ങനെയൊരു സംഭാഷണം നടന്നിട്ടില്ലെന്ന് ഡൗണിംഗ് സ്ട്രീറ്റ് അവകാശപ്പെട്ടു.