നടപടിക്രമങ്ങള്‍ അനായാസമാക്കി ഇന്ത്യാ ഗവണ്‍മെന്റ് ഒസിഐ നിയമങ്ങളില്‍ ഇളവ് വരുത്തി. പുതിയ നിയമങ്ങള്‍ പ്രകാരം 50 വയസ്സിന് ശേഷം ഒസിഐ കാര്‍ഡ് പുതുക്കേണ്ട ആവശ്യമില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ഇതിന് പുറമെ പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് പാസ്‌പോര്‍ട്ട് മാറ്റുമ്പോള്‍ ഒസിഐ കാര്‍ഡ് പുതുക്കേണ്ടതില്ല. ഇതിന് പുറമെ 20 വയസ്സിന് ശേഷം ഒസിഐ കാര്‍ഡ് നേടിയവര്‍ക്കും, പാസ്‌പോര്‍ട്ട് മാറ്റുന്ന ഓരോ തവണയും, വിലാസം മാറുമ്പോഴുമെല്ലാം ഇനി ഒസിഐ പുതുക്കേണ്ടതില്ല.
ഇതിന് പകരം ഒസിഐ സേവനങ്ങള്‍ നല്‍കുന്ന വെബ്‌സൈറ്റില്‍ ഈ മാറ്റങ്ങള്‍ രേഖപ്പെടുത്താനുള്ള അവസരമാണ് പുതിയ നിയമം നല്‍കുന്നത്. നിലവിലെ പാസ്‌പോര്‍ട്ടും, ഫോട്ടോയും വെബ്‌സൈറ്റില്‍ രേഖപ്പെടുത്തണം
https://ociservices.gov.in/welcome
. ഇതിന് യാതൊരു വിധത്തിലുള്ള ഫീസോ, മറ്റ് ഫോമുകള്‍ പൂരിപ്പിക്കുകയോ ചെയ്യേണ്ടതില്ല. ഓണ്‍ലൈന്‍ സേവനമായതിനാല്‍ അപ്പോയിന്റ്‌മെന്റ് എടുത്ത് കാത്തിരിക്കേണ്ടതില്ലെന്നതും സവിശേഷതയാണ്.
എപ്പോഴാണ് ഒസിഐ കാര്‍ഡ് പുതുക്കേണ്ടത്?
20 വയസ്സിന് ശേഷം പുതിയ പാസ്‌പോര്‍ട്ട് ലഭിക്കുന്ന ഒരൊറ്റ തവണ മാത്രമാണ് കാര്‍ഡ് പുതുക്കല്‍ ആവശ്യമുള്ളത്. ഒസിഐ 20 വയസ്സിന് മുന്‍പ് ലഭിച്ചവര്‍ക്കാണ് ഇത് ആവശ്യമായി വരിക. ഇതിന് പുറമെ പേരും, പൗരത്വവും മാറുമ്പോഴും ഒസിഐ കാര്‍ഡ് പുതുക്കണം.
ഇന്ത്യയിലേക്ക് യാത്ര ചെയ്യാന്‍ പഴയ പാസ്‌പോര്‍ട്ട് വേണോ?
നിയമങ്ങളില്‍ ഇളവ് നല്‍കിയ സര്‍ക്കാര്‍ ഒസിഐ കാര്‍ഡുമായി ബന്ധിപ്പിച്ച പഴയ പാസ്‌പോര്‍ട്ട് കൈയില്‍ സൂക്ഷിക്കേണ്ടതില്ലെന്നും വ്യക്തമാക്കുന്നു. ഇന്ത്യയിലേക്ക് യാത്ര ചെയ്യുമ്പോള്‍ ഒസിഐ കാര്‍ഡും, നിലവിലെ പാസ്‌പോര്‍ട്ടും കൈയില്‍ സൂക്ഷിച്ചാല്‍ മതിയാകും. ഇതോടൊപ്പം പുതിയ ഫോട്ടോയും, പാസ്‌പോര്‍ട്ടും വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്യണം.
പുതുതായി ഒസിഐ കാര്‍ഡിന് അപേക്ഷിക്കുന്നവര്‍ക്ക് വിശദവിവരങ്ങള്‍ മനസ്സിലാക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യാം:
https://www.hcilondon.gov.in/docs/1605272008Document%20Requirement%2004112020.pdf