കര്‍ണാടകയില്‍ വിവാഹ ചടങ്ങിനിടെ ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് മുസ്ലീം വരനും വധുവിന്റെ കുടുംബാംഗങ്ങള്‍ക്കുമെതിരെ കേസെടുത്തു. ബണ്ട്വാള്‍ താലൂക്കിലെ വിട്‌ല പഡ്‌നൂരു ഗ്രാമത്തില്‍ നിന്നുള്ള ചേതന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. വരന്‍ തുളുനാട് പ്രദേശത്തെ ഹിന്ദു ആള്‍ദൈവമായ കൊറഗജ്ജയുടെ വേഷം ധരിച്ചു എന്നാണ് കേസെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.
വ്യാഴാഴ്ച രാത്രി ബണ്ട്വാള്‍ താലൂക്കിലെ കോള്‍നാട് വില്ലേജിലെ സാലേത്തൂരില്‍ അസീസിന്റെ വസതിയില്‍ നടന്ന വിവാഹ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ മഞ്ചേശ്വരത്തിനടുത്തുള്ള ഉപ്പള സ്വദേശി ബാഷിത്താണ് കൊറഗജ്ജയുടെ വേഷം ധരിച്ചത്. ഇയാള്‍ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ സുഹൃത്തുക്കള്‍ക്കൊപ്പം നൃത്തം ചെയ്തു എന്നും പരാതിയില്‍ പറയുന്നു.
യുവാക്കള്‍ നൃത്തത്തിന്റെ വീഡിയോ ക്ലിപ്പിംഗുകള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പ്രചരിപ്പിച്ചു, അത് പിന്നീട് വൈറലായി.
ഐപിസി സെക്ഷന്‍ 153 (എ) (വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തല്‍), 295 (മതത്തെ അവഹേളിക്കുക എന്ന ഉദ്ദേശത്തോടെ ആരാധനാലയം അശുദ്ധമാക്കല്‍) എന്നിവ പ്രകാരം ശിക്ഷാര്‍ഹമായ കുറ്റങ്ങള്‍ക്കാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.