
















ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ നിഖാബ് (മുഖാവരണം) വലിച്ചു താഴ്ത്തിയ സംഭവത്തില്‍ മുസ്ലിം വനിതാ ഡോക്ടര്‍ നുസ്രത് പര്‍വീണ്‍ ജോലി ഉപേക്ഷിക്കുന്നതായി കുടുംബം. നിയമനക്കത്ത് കൈമാറുന്ന ചടങ്ങിലാണ് നിതീഷ് കുമാര്‍ നുസ്രത്തിന്റെ മുഖാവരണം നീക്കിയത്. അപമാനഭാരം കാരണം ജോലിക്കു ചേരുന്നില്ലെന്ന് നുസ്രത്ത് അറിയിച്ചതായി കുടുംബം അറിയിച്ചു. നുസ്രത്തിന്റെ തീരുമാനത്തില്‍ മാറ്റം വരുത്താന്‍ ശ്രമിക്കുന്നുണ്ടെന്നും കുടുംബം പറഞ്ഞു. ഈ മാസം 20 നു ജോലിയില്‍ ചേരാനാണു നിയമനക്കത്ത് ലഭിച്ചത്.
ഡിസംബര്‍ 15നായിരുന്നു വിവാദപരമായ സംഭവം. ഡോക്ടര്‍ക്ക് നിയമനക്കത്ത് നല്‍കുന്നതിനിടെ അവരുടെ ഹിജാബ് ഊരിമാറ്റാന്‍ മുഖ്യമന്ത്രി ശ്രമിക്കുകയായിരുന്നു. ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെ രൂക്ഷവിമര്‍ശനമുയര്‍ന്നു.
മുഖ്യമന്ത്രിയുടെ നീക്കത്തിനിടെ ഉദ്യോഗസ്ഥന്‍ നുസ്രത്തിനെ തിടുക്കത്തില്‍ മാറ്റി നിര്‍ത്താന്‍ ശ്രമിച്ചു. കൂടെയുണ്ടായിരുന്ന ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരി, നിതീഷ് കുമാറിന്റെ കൈയില്‍ പിടിച്ച് തടയാനും ശ്രമിച്ചു. വീഡിയോ വൈറലായതോടെ പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്നും സിവില്‍ സൊസൈറ്റി ഗ്രൂപ്പുകളില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നു. നുസ്രത്തിന്റെ ഭര്‍ത്താവ് കോളേജില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റാണെന്ന് കുടുംബം പറയുന്നു. രാഷ്ട്രീയ ജനതാദളും കോണ്‍ഗ്രസും ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളും രം?ഗത്തെത്തി. മനോനില തകരാറിലായ നിതീഷ് കുമാര്‍ മുഖ്യമന്ത്രി സ്ഥാനത്ത് തുടരരുതെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്. നിതീഷ് കുമാറിന്റെ പ്രവര്‍ത്തി നീചമാണെന്ന് വിശേഷിപ്പിച്ച കോണ്‍ഗ്രസ്, മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് അദ്ദേഹം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു.
നിതീഷ് കുമാര്‍ ഹിജാബ് ഊരിയത് ജെഡിയു - ബിജെപി സഖ്യത്തിന്റെ സ്ത്രീകളോടുള്ള മനോഭാവമാണെന്ന് ആര്‍ജെഡി വക്താവ് ഇജാസ് അഹമ്മദ് പറഞ്ഞു. നിഖാബ് സംഭവത്തില്‍ ബിഹാര്‍ മുഖ്യമന്ത്രിയെ വിമര്‍ശിച്ച് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള ബുധനാഴ്ച രംഗത്തെത്തി. നിതീഷ് കുമാര്‍ പതുക്കെ തന്റെ യഥാര്‍ത്ഥ സ്വഭാവം വെളിപ്പെടുത്തുന്നുണ്ടാകാമെന്ന് അദ്ദേഹം പറഞ്ഞു. ഒരുകാലത്ത് മതേതര നേതാവായി കണക്കാക്കപ്പെട്ടിരുന്ന നിതീഷ് കുമാര്‍ പതുക്കെ തന്റെ യഥാര്‍ത്ഥ നിറം വെളിപ്പെടുത്തുന്നുണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു.