
















പാര്‍ലമെന്റിലെ തൊഴിലുറപ്പ് ഭേദഗതി ബില്‍ അവതരണത്തിനിടെയുള്ള രാഹുല്‍ ഗാന്ധിയുടെ ജര്‍മന്‍ സന്ദര്‍ശനത്തില്‍ വിമര്‍ശനവുമായി രാജ്യസഭാ എംപി ഡോ. ജോണ്‍ ബ്രിട്ടാസ്. രാജ്യത്തിന് ഒരു മുഴുവന്‍ സമയ പ്രതിപക്ഷ നേതാവിനെ വേണമെന്നും ജനവിരുദ്ധ ബില്ല് പാര്‍ലമെന്റില്‍ പരിഗണിക്കുമ്പോള്‍ രാഹുല്‍ഗാന്ധി ബിഎംഡബ്‌ള്യൂ ബൈക്ക് ഓടിക്കുകയായിരുന്നുവെന്നും ബ്രിട്ടാസ് പറഞ്ഞു.
ജനവിരുദ്ധ ബില്ല് പാര്‍ലമെന്റില്‍ വരുമ്പോള്‍ പ്രതിപക്ഷനേതാവ് എവിടെ എന്ന് ചോദിച്ച ബ്രിട്ടാസ് രാഹുല്‍ഗാന്ധിയുടെ അഭാവത്തില്‍ കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപിമാര്‍ക്കും അതൃപ്തിയുണ്ട് എന്നും ആരോപിച്ചു. ശൈത്യകാല സമ്മേളനത്തിന്റെ കലണ്ടര്‍ രാഹുലിന് നേരത്തേ അറിയാവുന്നതല്ലേ എന്നും ബിജെപി കുടിലതന്ത്രങ്ങള്‍ നടപ്പാക്കും എന്ന് അറിയാവുന്നതല്ലേ എന്നും ബ്രിട്ടാസ് ചോദിച്ചു. ബില്ല് പാര്‍ലമെന്റില്‍ പരിഗണിക്കുമ്പോള്‍ രാഹുല്‍ഗാന്ധി ബിഎംഡബ്‌ള്യൂ ബൈക്ക് ഓടിക്കുകയാണ്. ഒരാഴ്ച കഴിഞ്ഞ് ബൈക്ക് ഓടിച്ചാല്‍ പോരെ? ബിഎംഡബ്‌ള്യൂ കമ്പനി അവിടെതന്നെ ഉണ്ടാകുമല്ലോ,പൂട്ടിപ്പോകില്ലല്ലോ എന്നും ബ്രിട്ടാസ് ചോദിച്ചു.
തൊഴിലുറപ്പ് ഭേദഗതിയില്‍ പാര്‍ലമെന്റില്‍ നിര്‍ണായക ചര്‍ച്ചകള്‍ നടക്കുമ്പോള്‍ ജര്‍മന്‍ സന്ദര്‍ശനത്തിലായിരുന്നു രാഹുല്‍ ഗാന്ധി. മ്യൂണിച്ചിലുളള ബിഎംഡബ്ല്യൂവിന്റെ പ്ലാന്റ് സന്ദര്‍ശിച്ചശേഷം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച വീഡിയോയില്‍ രാഹുല്‍ ഇന്ത്യയിലെ ഉത്പാദനം കുറയുന്നതിലെ ആശങ്ക പങ്കുവെച്ചിരുന്നു.
ബിഎംഡബ്ല്യൂവിന്റെ ലോകോത്തര ഓട്ടോമോട്ടീവ് നിര്‍മാണവും എം സീരീസ്, ഇലക്ട്രിക് ബൈക്കുകള്‍, ബിഎംഡബ്ല്യു ഐഎക്സ്3, റോള്‍സ് റോയ്സ്, വിന്റേജ് ഇറ്റാലിയന്‍- പ്രചോദിത ബിഎംഡബ്ല്യു ഐസെറ്റ, മാക്സി സ്‌കൂട്ടറുകള്‍ എന്നിവയുള്‍പ്പെടെ ഏറ്റവും പുതിയ മോഡലുകള്‍ വരെ നേരിട്ട് കണ്ടതിന് ശേഷമാണ് രാഹുല്‍ ഇക്കാര്യം പറഞ്ഞത്. 'ശക്തമായ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ല് ഉല്‍പ്പാദനമാണ്. നിര്‍ഭാഗ്യവശാല്‍ ഇന്ത്യയില്‍ അത്തരം ഉല്‍പ്പാദനങ്ങള്‍ കുറയുകയാണ്. സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ച ത്വരിതപ്പെടുത്താന്‍ നമ്മള്‍ കൂടുതല്‍ ഉല്‍പ്പാദനം ആരംഭിക്കണം. അതിന് ഉതകുന്ന അന്തരീക്ഷം സൃഷ്ടിക്കണം. വലിയ തോതിലുളള ഉയര്‍ന്ന നിലവാരമുളള ജോലികള്‍ സൃഷ്ടിക്കപ്പെടണം': രാഹുല്‍ ഗാന്ധി പറഞ്ഞു.