CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 44 Minutes 41 Seconds Ago
Breaking Now

നായനാരുടെ കാലത്തെ ഇന്ത്യയല്ല ഇപ്പോള്‍, സംസ്ഥാന ഭരണം കേന്ദ്രം അസ്ഥിരപ്പെടുത്താം, ലോകായുക്തയില്‍ ചര്‍ച്ചയാകാമെന്ന് കോടിയേരി

സംസ്ഥാന സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്താനുള്ള നീക്കം തടയലാണ് ലക്ഷ്യമെന്ന് പാര്‍ട്ടി മുഖപത്രത്തില്‍ എഴുതിയ ലേഖനത്തില്‍ കോടിയേരി വ്യക്തമാക്കി.

ലോകായുക്ത ഓര്‍ഡിനന്‍സ് വിഷയത്തില്‍ സി.പി.ഐക്കും, പ്രതിപക്ഷത്തിനും മറുപടിയുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സംസ്ഥാന സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ കേന്ദ്രത്തിന് നിലവിലെ നിയമ സംവിധാനത്തിലൂടെ സാധിക്കും. ഗവര്‍ണ്ണര്‍ വഴി കേന്ദ്രം ഇടപെടാതിരിക്കാനാണ് ലോകായുക്ത നിയമം ഭേദഗതി ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്താനുള്ള നീക്കം തടയലാണ് ലക്ഷ്യമെന്ന് പാര്‍ട്ടി മുഖപത്രത്തില്‍ എഴുതിയ ലേഖനത്തില്‍ കോടിയേരി വ്യക്തമാക്കി.

ലോകായുക്ത ശിപാര്‍ശ തള്ളാനും കൊള്ളാനുമുള്ള അവകാശത്തില്‍ നിന്ന് ജനങ്ങള്‍ തിരഞ്ഞെടുത്ത സംസ്ഥാന സര്‍ക്കാരിനെ ഒഴിവാക്കുന്ന നിലവിലെ വ്യവസ്ഥ കേന്ദ്ര ഭരണ കക്ഷിയുടെ ഇടംകോലിടല്‍ രാഷ്ട്രീയത്തിന് വാതില്‍ തുറന്ന് കൊടുക്കുന്നതാണ്. നായനാരുടെ കാലത്തെ ഇന്ത്യയല്ല ഇപ്പോളെന്നും, സംസ്ഥാന ഭരണം കേന്ദ്രം അസ്ഥിരപ്പെടുത്തിയേക്കാമെന്നും കോടിയേരി പറഞ്ഞു. നിയമത്തെ ദുരുദ്ദേശത്തോടെ ഉപയോഗിച്ച് സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താം എന്ന സാധ്യത നില്‍ക്കുന്നുണ്ടെന്നും, അതിനാലാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ നിയമ ഭേദഗതിക്ക് ഒരുങ്ങുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അഴിമതിക്കെതിരേ നടപടിയെടുക്കാന്‍ എല്‍.ഡി.എഫ് സര്‍ക്കാരിന് അര്‍ദ്ധ  ജുഡീഷ്യല്‍ സംവിധാനത്തിന്റെ ആവശ്യമില്ല. അഴിമതി വിരുദ്ധതയാണ് മുഖമുദ്രയെന്നും, ആരോപണങ്ങളില്‍ കഴമ്പുണ്ടെങ്കില്‍ മന്ത്രിമാര്‍ അടക്കം ഉളളവര്‍ക്കെതിരെ നടപടി എടുക്കാന്‍ പിണറായി സര്‍ക്കാര്‍ ധീരത കാണിക്കുന്നുണ്ടൈന്നും കോടിയേരി പറഞ്ഞു. അര്‍ദ്ധ ജുഡീഷ്യല്‍ സംവിധാനത്തിന്റേയും കോടതിയുടേയോ നിര്‍ദ്ദേശത്തിന്റെ ഭാഗമായിട്ടല്ല ഇതൊന്നും ചെയ്യുന്നത്.

നീതിന്യായ സംവിധാനത്തിന്റെ വിലയിടിക്കുന്ന നടപടികളാണ് ബി.ജെ.പിയുടേയും കോണ്‍ഗ്രസിന്റേയും ഭരണങ്ങള്‍ സ്വീകരിക്കുന്നതെന്നും അത്തരം നീതികേടൊന്നും എല്‍.ഡി.എഫ് സര്‍ക്കാര്‍ ചെയ്യില്ലെന്നും കോടിയേരി വ്യക്തമാക്കി. അതേസമയം ഓര്‍ഡിനന്‍സ് ബില്ലായി നിയമസഭയില്‍ വരുമ്പോള്‍ പ്രതിപക്ഷത്തിന് അഭിപ്രായം പറയാം. ചര്‍ച്ച നടത്തി സ്വീകരിക്കേണ്ട അഭിപ്രായങ്ങള്‍ കൈക്കോള്ളും. അല്ലാത്തവ തള്ളുമെന്നും കോടിയേരി പറഞ്ഞു.

 




കൂടുതല്‍വാര്‍ത്തകള്‍.