CURRENCY RATE -
1 GBP :
95.57 INR
1 EUR :
82.33 INR
1 USD :
78.95 INR
Last Updated :
3 Hours 9 Seconds Ago
Breaking Now

വള്ളംകളിയുടെ വിജയാരവങ്ങളുടെ അകമ്പടിയോടെ ജോ വില്‍ട്ടന്‍ ആന്റണിയുടെ നേതൃത്വത്തില്‍ ഗ്ലോസ്റ്റര്‍ മലയാളി അസ്സോസിയേഷന്റെ പുത്തന്‍ ഭരണസമിതി അരങ്ങത്ത് ; പ്രസിഡന്റ് ജോ വില്‍ട്ടന്‍ ആന്റണിയുടെയും സെക്രട്ടറി ദേവലാലിന്റെയും നേതൃത്വത്തില്‍ പ്രവര്‍ത്തനം തുടങ്ങി

ജോ വില്‍ട്ടനും ദേവലാലിനുമൊപ്പം മനോജ് വേണുഗോപാല്‍ (ട്രഷറര്‍ ) സന്തോഷ് ലൂക്കോസ് (വൈസ് പ്രസിഡന്റ്) സജി വര്‍ഗീസ് (ജോയിന്റ് സെക്രട്ടറി) സ്റ്റീഫന്‍ അലക്‌സ് (ജോയിന്റ് ട്രഷറര്‍) എന്നിവരെയും ഇക്കഴിഞ്ഞ പൊതുയോഗത്തില്‍ അംഗങ്ങള്‍ തിരഞ്ഞെടുത്തു .

സ്തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് ഗ്ലോസ്റ്റര്‍ മലയാളികളുടെ  സാമൂഹ്യ ജീവിതത്തിലെ അവിഭാജ്യ ഘടകമായി വിരാജിക്കുന്ന ഗ്ലോസ്റ്റര്‍ മലയാളി അസോസിയേഷന്റെ   യുവത്വം തുളുമ്പുന്ന   നവനേതൃത്വം  പ്രവര്‍ത്തനം ആരംഭിച്ചു.  കോവിഡിന്റെ അതിപ്രസരത്തില്‍ മുടങ്ങിപ്പോയ   ആഘോഷങ്ങളും പ്രവര്‍ത്തനങ്ങളും പൂര്‍വ്വാധികം ഭംഗിയായി നടത്താന്‍ ഉറച്ച തീരുമാനം എടുത്തുകൊണ്ടാണ് യുവതയുടെ തുടിപ്പും ഓജസ്സും നിറഞ്ഞു നില്‍ക്കുന്ന  പുതിയ ഭരണസമിതി പ്രസിഡന്റ് ജോ വില്‍ട്ടന്‍ ആന്റണിയുടെയും സെക്രട്ടറി ദേവലാലിന്റെയും നേതൃത്വത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്.

ജോ വില്‍ട്ടനും ദേവലാലിനുമൊപ്പം മനോജ് വേണുഗോപാല്‍ (ട്രഷറര്‍ ) സന്തോഷ് ലൂക്കോസ് (വൈസ് പ്രസിഡന്റ്) സജി  വര്‍ഗീസ് (ജോയിന്റ് സെക്രട്ടറി) സ്റ്റീഫന്‍ അലക്‌സ് (ജോയിന്റ് ട്രഷറര്‍) എന്നിവരെയും ഇക്കഴിഞ്ഞ പൊതുയോഗത്തില്‍  അംഗങ്ങള്‍ തിരഞ്ഞെടുത്തു . ഇവരോടൊപ്പം ആര്‍ട്‌സ് വിഭാഗത്തിന്റെ നെടുതൂണുകളായി വിവിധ കലാസരണികളില്‍ വ്യക്തി മുദ്ര പതിപ്പിച്ച് മുന്നേറുന്ന പ്രതിഭാധനരായ   റോബി മേക്കര, സിബി ജോസഫ്, അപര്‍ണ കിരണ്‍, റിനി  റോയ്, അരുണ്‍ വിജയന്‍,  ജഡ്‌സണ്‍ ആലപ്പാട്ട് എന്നിവരും കായിക വിഭാഗത്തിന്റെ മേല്‌നോട്ടക്കാരായി പ്രജു ഗോപിനാഥ്, ജിസ്സോ , മാത്യൂ ഇടിക്കുള തുടങ്ങിയവരും കൈകോര്‍ത്തിരിക്കുന്നു. 

കേരളത്തിലെ മഹാപ്രളയകാലത്ത് മുപ്പത്തയ്യായിരം പൗണ്ടിലധികം ഗ്ലോസ്റ്ററില്‍ നിന്ന് തന്നെ സമാഹരിച്ച്  അശരണരായ ആറു  കുടുംബങ്ങള്‍ക്ക്  മനോഹരമായ വീടുകള്‍  നിര്‍മ്മിച്ച്  നല്കിയതടക്കം യൂക്കെ   മലയാളികള്‍ക്ക് ഒന്നാകെ അഭിമാനം നല്‍കുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ആണ് ഓരോ വര്‍ഷവും ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളി അസോസിയേഷന്‍ ഏറ്റെടുത്തു നടത്തുന്നത്. ജി എം എ യുടെ ഈ പ്രവര്‍ത്തന വര്‍ഷത്തിലെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത് വിനോദ് മാണി, ലോറന്‍സ് പെല്ലിശ്ശേരി, ജോളി ആല്‍വിന്‍ എന്നിവരായിരിക്കും. യൂക്കെയിലെ ആദ്യ വനിതാ ചെണ്ടമേള ഗ്രൂപ്പടക്കം വൈവിധ്യമാര്‍ന്ന പല പ്രവര്‍ത്തനങ്ങളും കാഴ്ചവച്ചിട്ടുള്ള ജി എം എ വിമന്‍സ് ഫോറം സാരത്ഥികളായി ആഷ്‌ലി സാവിയോ, നീന ജൂഡ് എന്നിവരും ഈ പ്രവര്‍ത്തന വര്‍ഷത്തിലെ പ്രോഗ്രാം കോര്‍ഡിനേറ്റേഴ്‌സ് ആയി ബോബന്‍ എലവുങ്കല്‍ സണ്ണി ലൂക്കോസ് എന്നിവരും മാഗസിന്‍ എഡിറ്റര്‍ ആയി ബിനു പീറ്ററിനെയും തിരഞ്ഞെടുത്തിട്ടുണ്ട്. യുക്മയുടെ അംഗ അസോസിയേഷനുകളില്‍ പങ്കാളിത്തം കൊണ്ടും പ്രവര്‍ത്തന മികവ് കൊണ്ടും എന്നും മുന്‍നിരയില്‍ തന്നെ സ്ഥാനം അലങ്കരിക്കുന്ന ജി എം എ  യുടെ ഈ വര്‍ഷത്തെ യുക്മ പ്രതിനിധിയായി തിരഞ്ഞെടുത്തിരിക്കുന്നത് ഇക്കഴിഞ്ഞ വര്‍ഷം പ്രസിഡന്റായി നല്ല പ്രവര്‍ത്തനം കാഴ്ച വച്ച സുനില്‍ ജോര്‍ജ്ജിനെയാണ്.

മില്ലേനിയത്തിനോടടുപ്പിച്ച് യൂക്കെയിലേയ്ക്ക് പുതു തലമുറ മലയാളികളുടെ  ഒഴുക്ക് തുടങ്ങിയ കാലത്ത് തന്നെ രൂപം കൊണ്ട ഗ്ലോസ്റ്റര്‍ മലയാളി അസോസിയേഷന്‍  അതിന്റെ  ഇരുപതാമത്തെ പ്രവര്‍ത്തന വര്‍ഷത്തിലേക്കാണ് കാലെടുത്ത് വച്ചിരിക്കുന്നത്.  20  വര്‍ഷങ്ങള്‍ക്ക്  മുന്‍പ് അസോസിയേഷന്‍ പ്രസിഡന്റായി ചുമതലയേറ്റ ഡോക്ടര്‍ ഗബ്രിയേലിനെ    സ്‌നേഹത്തോടെ  സ്മരിച്ചുകൊണ്ടാണ്  ജി എം എ   അതിന്റെ ഇരുപതാം വാര്‍ഷികം ആഘോഷിക്കാന്‍ തയ്യാറെടുക്കുന്നത്. 2002  മുതല്‍ ഏഴു വര്‍ഷത്തോളം തുടര്‍ച്ചയായി അസോസിയേഷന്റെ പ്രസിഡന്റ് ആയും  അതിനുശേഷം  തന്റെ  മരണം വരെ അസോസിയേഷന്റെ പേട്രണ്‍  സ്ഥാനത്തു നിന്നുകൊണ്ടും   അസോസിയേഷന്റെയും ഗ്ലോസ്റ്റര്‍ മലയാളി സമൂഹത്തിന്റെയും  നന്മക്കായി പ്രവര്‍ത്തിച്ച ഡോ. ഗബ്രിയേലിന്റെ ശക്തമായ  ഇടപെടലുകള്‍ തന്നെ ആണ് ജി എം എ  യെ യൂക്കെ യില്‍ ഏറ്റവും അറിയപ്പെടുന്ന ഒരു അസോസിയേഷന്‍ ആക്കി മാറ്റിയത് .  അനന്തതയില്‍ നിന്ന് കൊണ്ട് അദ്ദേഹത്തിന്റെ  അനുഗ്രഹ ആശീര്‍വാദത്തോടെ  തന്നെയാണ്  ജി എം എ  യുടെ പുതിയ ഭരണസമിതിയും  ഭാരവാഹിത്വം  ഏറ്റെടുത്തിരിക്കുന്നത്.

ജി എം എ ചെല്‍റ്റനാം യൂണിറ്റിന്റെ പ്രസിഡന്റായി കഴിവ്  തെളിയിച്ചതിനു ശേഷമാണ് മാതൃ സംഘടനയുടെ അമരക്കാരനായി മികച്ച സംഘാടകനായ ജോ വില്‍ട്ടന്‍ ആന്റണി ചുമതലയേറ്റിരിക്കുന്നത്. പ്രശസ്ത സെലിബ്രിറ്റി ഷെഫായ   റെയ്മണ്ട് ബ്‌ളാങ്കിന്റെ കൂടെ   റീജിയണല്‍ ഷെഫ് ട്രെയിനര്‍ ആയ ജോ ഭാര്യയും മൂന്നു കുട്ടികളുമൊപ്പം ചെല്‍റ്റനാമില്‍ ആണ് താമസം. യൂക്കെ മലയാളികളുടെ സാമൂഹ്യ സാഹിത്യ രംഗങ്ങളില്‍ സജീവ സാന്നിദ്ധ്യവും യുക്മയുടെ സജീവ പ്രവര്‍ത്തകനുമായ   ജി  എം എ  സെക്രട്ടറി ദേവലാല്‍,  ബാത്തില്‍ നിന്ന് അടുത്തിടെ മാത്രമാണ്  ബാത് ഹോസ്പിറ്റലിലെ നേഴ്‌സ് പ്രാക്ടീഷണര്‍ ആയ ഭാര്യ ബിന്ദു ദേവലാലിനൊപ്പം ഗ്ലോസ്റ്റര്‍ റോയല്‍ ഹോസ്പിറ്റലിലെ ജോലി സ്വീകരിച്ച്  ഗ്ലോസ്റ്ററിലേക്ക് താമസം  മാറിയത്.

പുതിയ ഭരണസമിതിയില്‍ ട്രെഷറര്‍ ആയി സ്ഥാനമേറ്റെടുത്തിരിക്കുന്ന മനോജ് വീണുഗോപാല്‍   2009 ഇല്‍  യൂക്കെയില്‍ എത്തിയ കാലം മുതല്‍ ജി എം എ യുടെ അരങ്ങിലും അണിയറയിലും സജീവ സാന്നിദ്ധ്യമാണ് .  കമ്പ്യൂട്ടര്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍ ആയി ബ്രോഡ്‌കോം എന്ന പ്രശസ്ത കമ്പനിയില്‍ ജോലി നോക്കുന്ന മനോജ് കലാ കായിക ജീവകാരുണ്യ പ്രവര്‍ത്തന രംഗങ്ങളില്‍ എന്നും മുന്‍ നിരയില്‍ തന്നെയുള്ള വ്യക്തിത്വമാണ്.   ഭാര്യ രമ്യയോടും രണ്ട് കുഞ്ഞുങ്ങളുമൊപ്പം ഗ്ലോസ്റ്ററില്‍ താമസിക്കുന്ന മനോജ് ഈ ഭരണസമിതിക്കു മാത്രമല്ല അസോസിയേഷനു തന്നെ ഒരു മുതല്‍ക്കൂട്ടാണ്.

2007 ല്‍ ചെല്‍റ്റനാമില്‍   താമസം തുടങ്ങിയ കാലം മുതല്‍  ജി എം എ  യില്‍  വൈസ് പ്രസിഡന്റ്, ജോയിന്റ് സെക്രട്ടറി,  യുക്മ പ്രതിനിധി,  ചാരിറ്റി കോര്‍ഡിനേറ്റര്‍, എക്‌സിക്യൂട്ടീവ് മെമ്പര്‍ എന്നിങ്ങനെ വിവിധ നിലകളില്‍  സജീവ സാന്നിദ്ധ്യമായ സന്തോഷ് ലൂക്കോസും  ഭാര്യ റിജു ലൂക്കോസും   ആരോഗ്യ രംഗത്ത് തന്നെയാണ് ജോലി ചെയ്യുന്നത്. ജോയിന്റെ സെക്രട്ടറി സജി വര്‍ഗീസും  ജി എം യുടെ സജീവ അംഗവും മുന്‍ ഭരണസമിതി അംഗവും ആണ്. ആരോഗ്യ രംഗത്ത് തന്നെ ജോലി ചെയ്യുന്ന സജി വര്‍ഗീസിന്റെ  ഭാര്യ മിനിയും  മക്കളായ ജോയലും  ജോവാനയും ജി എം യുടെ അരങ്ങിലും അണിയറയിലും എന്നും സജീവമാണ്.   ജോയിന്റ് ട്രഷറര്‍  ആയി ചുമതലയേറ്റിരിക്കുന്ന സ്റ്റീഫനും കഴിഞ്ഞ  പത്തു വര്‍ഷമായി   കായിക കലാ രംഗങ്ങളില്‍   നിറ സാന്നിധ്യവും യുക്മ ന്യൂസ് എഡിറ്റോറിയല്‍ ബോര്‍ഡ്  അംഗവുമാണ് .  ഗ്ലോസ്റ്റര്‍ ഹോസ്പിറ്റലില്‍ ജോലിചെയ്യുന്ന സ്റ്റീഫനും ഭാര്യ ബിബിയും മക്കളായ നിരഞ്ജന്‍; നയ്തന്‍ ;നിധി   എന്നിവരൊപ്പം ഗ്ലോസ്റ്ററില്‍ തന്നെയാണ് താമസം .   കേരളത്തിന് വേണ്ടി അണ്ടര്‍ 16 , അണ്ടര്‍ 19 ക്രിക്കറ്റ് ടീമുകളില്‍  കളിച്ചിട്ടുള്ള സ്റ്റീഫന്‍  യൂക്കെയിലും   അറിയപ്പെടുന്ന  ക്രിക്കറ്റ് പ്ലെയര്‍  ആണ്.

ഇക്കഴിഞ്ഞ ഞായറാഴ്ച ഇരുപതിലധികം ടീമുകള്‍ മത്സരത്തിനിറങ്ങിയ ,  റോട്ടറി ക്ലബ് ഗ്ലോസ്റ്റര്‍ ഡോക്‌സില്‍ സംഘടിപ്പിച്ച   വെസ്റ്റ് ഇംഗ്‌ളണ്ടിലെ പ്രശസ്തമായ ഡ്രാഗണ്‍ ബോട്ട് റെയിസില്‍  ഫസ്റ്റ് റണ്ണര്‍ അപ്പ് കപ്പ് നേടിക്കൊണ്ട് ജൈത്രയാത്ര തുടങ്ങിയിരിക്കുന്ന ടീം  ജി എം എ യുടെ അടുത്ത പരിപാടിയായ ബാര്‍ബിക്യൂ വിനുള്ള ഒരുക്കങ്ങളും തുടങ്ങി ക്കഴിഞ്ഞു. ജൂണ്‍  മാസം 25നു  പതിവ് പോലെ സ്വാളോ പാര്‍ക്കില്‍ തന്നെയാവും ഈ കുടുംബ മേളയും അരങ്ങേറുക. ഒട്ടേറെ പ്രതിഭാധനര്‍ തേര്‍ തെളിച്ച് വിളങ്ങിയ ഗ്ലോസ്റ്റര്‍ മലയാളി അസോസിയേഷന്റെ അങ്കണത്തിന്  കൂടുതല്‍ തിളക്കം  നല്‍കുവാനും  ജി എം എ യുടെ സാമൂഹ്യനന്മ മാത്രം ലക്ഷ്യമാക്കിയുള്ള  പ്രയാണത്തിന്  ആക്കം  കൂട്ടുന്നതിനും ഈ നവ നേതൃത്വത്തിനു കഴിയട്ടെ.

അജിമോന്‍ ഇടക്കര

 

 

 

 
കൂടുതല്‍വാര്‍ത്തകള്‍.