വിവിധ ചാരിറ്റികള്‍ക്കായി പണം സമാഹരിക്കുന്നതിന്റെ പേരില്‍ പലപ്പോളും ചാള്‍സ് രാജകുമാരന്‍ വിവാദങ്ങളില്‍ ചാടിയിട്ടുണ്ട്. എന്നാല്‍ ഏറ്റവും ഒടുവിലായി പുറത്തുവന്നിരിക്കുന്ന വിവാദം അപകടകരമായത് തന്നെ. ആഗോള ഭീകരനായിരുന്ന സാക്ഷാല്‍ ഒസാമ ബിന്‍ ലാദന്റെ കുടുംബത്തില്‍ നിന്നും 1 മില്ല്യണ്‍ പൗണ്ട് ചാരിറ്റിക്കായി ചാള്‍സ് സ്വീകരിച്ചുവെന്നാണ് ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്.
9/11 ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ഒസാമയുടെ അര്‍ദ്ധസഹോദരങ്ങളായ ബകര്‍, ഷഫീഖ് ബിന്‍ ലാദന്‍മാരുടെ പക്കല്‍ നിന്നാണ് പ്രിന്‍സ് ഓഫ് വെയില്‍സ് ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ വമ്പന്‍ തുക കൈപ്പറ്റിയത്. 2013ല്‍ ക്ലാരെന്‍സ് ഹൗസില്‍ 76-കാരനായ ബക്കറുമായി ചാള്‍സ് നടത്തിയ സ്വകാര്യ യോഗത്തിന് ശേഷമാണ് ശേഷമാണ് സംഭാവന എത്തിയത്.
ഇത് കഴിഞ്ഞ് രണ്ട് വര്‍ഷം തികയുമ്പോള്‍ യുഎസ് സ്‌പെഷ്യല്‍ ഫോഴ്‌സസ് ബിന്‍ ലാദനെ പാകിസ്ഥാനിലെ ഒളികേന്ദ്രത്തില്‍ കയറി വകവരുത്തി. വിവാദ കരാറിന് ചാള്‍സ് നേരിട്ട് ഇടനിലക്കാരനായെന്ന വാര്‍ത്തകള്‍ രാജകീയ വൃത്തങ്ങള്‍ തള്ളിയിട്ടുണ്ട്. ഉപദേശകരുടെ എതിര്‍പ്പ് അവഗണിച്ചാണ് പണം വാങ്ങിയതെന്ന റിപ്പോര്‍ട്ടും ഇവര്‍ അംഗീകരിക്കുന്നില്ല.
ലാദന്‍ കുടുംബത്തില്‍ നിന്നും സംഭാവന സ്വീകരിക്കുന്നത് ആര്‍ക്കും ഗുണം ചെയ്യില്ലെന്ന് ഒരു ഉപദേശകന്‍ രാജകുമാരന് മുന്നറിയിപ്പ് നല്‍കിയിരുന്നതായി റിപ്പോര്‍ട്ട് പറയുന്നു. അല്‍ഖ്വായ്ദാ സ്ഥാപകന്റെ കുടുംബത്തില്‍ നിന്നും ചാരിറ്റിക്കായി പണം സ്വീകരിച്ചുവെന്ന സണ്‍ഡേ ടൈംസ് റിപ്പോര്‍ട്ട് കൂടുതല്‍ ചോദ്യങ്ങളാണ് ഉയര്‍ത്തുന്നത്. ചാള്‍സിന്റെ ഫണ്ട്‌റെയ്‌സിംഗ് നടപടികളെ കുറിച്ച് സംശയങ്ങള്‍ക്കും ഇത് കാരണമാകുന്നു.
9/11 അക്രമങ്ങളില്‍ 67 ബ്രിട്ടീഷുകാര്‍ ഉള്‍പ്പെടെ 3000 പേരാണ് കൊല്ലപ്പെട്ടത്. ബിന്‍ ലാദന്‍ കുടുംബം ഒസാമയുടെ പ്രവര്‍ത്തനങ്ങളെ ദശകങ്ങള്‍ക്ക് മുന്‍പ് തന്നെ തള്ളിപ്പറഞ്ഞിട്ടുള്ളതാണ്. ആഴ്ചകള്‍ക്കിടെ ചാരിറ്റി പണത്തിന്റെ പേരില്‍ രണ്ടാം തവണയാണ് ചാള്‍സ് വിവാദത്തില്‍ കുരുങ്ങുന്നത്. മുന്‍ ഖത്തര്‍ പ്രധാനമന്ത്രിയുടെ പക്കല്‍ നിന്നും 2.5 മില്ല്യണ്‍ പൗണ്ടിലേറെ പണമായി വാങ്ഹിയെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.