3000 പേരുടെ മരണത്തിന് ഇടയാക്കിയ ഭീകരാക്രമണങ്ങള്‍. മതത്തിന്റെ പേരില്‍ അല്‍ഖ്വായ്ദാ ഭീകരന്‍മാര്‍ നടത്തിയ മനുഷ്യത്വത്തിന് എതിരായ പോരാട്ടത്തിന്റെ പേരിലാണ് അവരുടെ സ്ഥാപകന്‍ ഒസാമ ബിന്‍ ലാദനെ പാകിസ്ഥാനിലെ അബോട്ടാബാദില്‍ കയറി സ്‌പെഷ്യല്‍ ഫോഴ്‌സുകള്‍ അവസാനിപ്പിച്ചത്. പിന്നീട് സെപ്റ്റംബര്‍ 11 ഭീകരാക്രമണത്തിലെ ഓരോ സൂത്രധാരന്‍മാരെയും അവസാനിപ്പിച്ചു. ഒടുവില്‍ ബാക്കിയായ അല്‍ഖ്വായ്ദാ നേതാവ് അയ്മാന്‍ അല്‍ സവാഹിരിയെ അഫ്ഗാനിസ്ഥാനിലെ സുരക്ഷിത വീട്ടില്‍ വെച്ച് വെയില്‍ ആസ്വദിക്കവെ വധിച്ചാണ് അമേരിക്കന്‍ സേന ആ പട്ടിക തുടച്ചുനീക്കിയത്.
ഞായറാഴ്ച രാവിലെ 6.18-ഓടെയാണ് പുലര്‍കാല പ്രാര്‍ത്ഥനകള്‍ കഴിഞ്ഞ് അല്‍ഖ്വായ്ദയുടെ പരമോന്നത നേതാവ് തനിക്ക് സുരക്ഷിതമെന്ന് വിശ്വസിച്ചിരുന്ന വീടിന്റെ ബാല്‍ക്കണിയില്‍ അല്‍പ്പം വെയിലും, ശുദ്ധവായുവും കൊള്ളാനായി എത്തിയത്. ചെയ്തുകൂട്ടിയ കുറ്റകൃത്യങ്ങളുടെ ഭാരം പേറുന്നതിനാല്‍ താലിബാന് കീഴിലുള്ള അഫ്ഗാനിലെ വീട്ടിലും ഒളിവിലാണ് സവാഹിരി കഴിഞ്ഞത്. ഇതിനിടയിലെ ചെറിയ ആശ്വാസമായിരുന്നു രാവിലെ സൂര്യന്‍ ഉദിച്ച് വരുന്നതിന് സാക്ഷിയാകുന്ന പതിവ്.
തന്റെ ബാല്‍ക്കണി ഏറ്റവും സുരക്ഷിതമെന്ന ചിന്തയിലാണ് സവാഹിരി ഈ ആശ്വാസം നേടിയിരുന്നത്. എന്നാല്‍ അമേരിക്കയും, ബ്രിട്ടനും പണംകൊടുത്ത് ഊട്ടുന്ന താലിബാന്‍ ചാരന്‍മാര്‍ മാസങ്ങളായി ഇയാളെ നിരീക്ഷിക്കുന്നുണ്ടായിരുന്നു. ഇതില്‍ നിന്നുമുള്ള വിവരങ്ങളടങ്ങിയ ഫയല്‍ പ്രസിഡന്റ് ബൈഡന്റെ വൈറ്റ് ഹൗസ് ഓഫീസിന്റെ മേശപ്പുറത്ത് ദിവസങ്ങളായി ഇരിപ്പുണ്ട്. ബാല്‍ക്കണിയില്‍ എത്തുന്ന സവാഹിരിയെ നിരീക്ഷിക്കുന്നതിന് പുറമെ നോര്‍ത്ത് യോര്‍ക്ക്ഷയറിലെ ഹാരോഗേറ്റില്‍ നിന്നും യുകെ ചാരന്‍മാര്‍ ഇയാളെ കേള്‍ക്കാനും തുടങ്ങി.
ഒസാമ ബിന്‍ ലാദന്റെ മുഖമായിരുന്നു അല്‍ഖ്വായ്ദയുടെ പോസ്റ്ററെങ്കിലും സവാഹിരിയുടെ ചോര നിറഞ്ഞ തലച്ചോറായിരുന്നു സംഘടനയുടെ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് പിന്നില്‍. 2011 ഭീകരാക്രമണത്തിന്റെ ശില്‍പ്പി ഇയാളാണെന്ന് വിദഗ്ധര്‍ കരുതുന്നു. 20.5 മില്ല്യണ്‍ പൗണ്ട് തലയ്ക്ക് വിലയിട്ടിരുന്ന 71-കാരനായ ഈജിപ്ത് സ്വദേശിക്ക് ഒടുവില്‍ അനിവാര്യമായ പതനം തേടിയെത്തുകയും ചെയ്തു.