വിട പറയാനൊരുങ്ങി ഗൂഗിളിന്റെ മെസേജിംഗ് സംവിധാനമായ ഹാംഗ്ഔട്ട്. ഒരുകാലത്ത് നിരവധി പേര്‍ ഉപയോഗിച്ചിരുന്ന ഹാംഗ്ഔട്ട് ഈ വര്‍ഷം നവംബറോടെയാണ് സേവനം അവസാനിപ്പിക്കുന്നത്. 2020 ഒക്ടോബര്‍ മാസത്തില്‍ സേവനം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ ഗൂഗിള്‍ അറിയിച്ചിരുന്നു. ഇതിനോടനുബന്ധിച്ചാണ് പുതിയ നിര്‍ദ്ദേശവുമായി ഗൂഗിള്‍ എത്തിയിരിക്കുന്നത്. നിലവില്‍, ഹാംഗ്ഔട്ട് ഉപയോഗിക്കുന്നവര്‍ ചാറ്റിലേക്ക് മാറാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. കൂടാതെ, ഹാംഗ്ഔട്ട് ഡാറ്റയുടെ പകര്‍പ്പ് ഡൗണ്‍ലോഡ് സൂക്ഷിക്കാന്‍ ടേക്ക്ഔട്ടിന്റെ സേവനം ഉപയോഗിക്കാമെന്നും അറിയിച്ചിട്ടുണ്ട്.
2022 നവംബറിന് മുന്‍പ് തന്നെ ഹാംഗ്ഔട്ട് ഡാറ്റ നിര്‍ബന്ധമായും ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കണം. അതേസമയം, ഇതുവരെ ചാറ്റിലേക്ക് മാറാത്ത ഉപയോക്താക്കളെ കണ്ടെത്തുകയും അവരെ ചാറ്റിലേക്ക് മാറ്റാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. ചാറ്റ് ചെയ്തു കൊണ്ടിരിക്കുമ്പോള്‍ തന്നെ നിരവധി സേവനങ്ങളാണ് ഹാംഗ്ഔട്ട് നല്‍കുന്നത്. ചാറ്റ് ചെയ്യുന്നതിനോടൊപ്പം ഡോക്‌സ്, സ്ലൈഡുകള്‍ അല്ലെങ്കില്‍ ഷീറ്റുകള്‍ എന്നിവ സൈഡ്‌ബൈസൈഡ് എഡിറ്റിംഗ് ഉപയോഗിച്ച് എഡിറ്റ് ചെയ്യാവുന്നതാണ്.