ചരിത്രത്തിലെ ഏറ്റവും വലിയ വിമാനംവാങ്ങല്‍ കരാറില്‍ എയര്‍ ഇന്ത്യ ഒപ്പിട്ടു. പ്രശസ്ത ഫ്രഞ്ച് വിമാനനിര്‍മാതാക്കളായ എയര്‍ബസില്‍ നിന്ന് 250 വിമാനങ്ങളും അമേരിക്കയുടെ ബോയിങ് കമ്പനിയില്‍ നിന്ന് 220 ജെറ്റുകളും ഉള്‍പ്പെടെ 470 വിമാനങ്ങളാണ് എയര്‍ ഇന്ത്യ വാങ്ങാന്‍ തയ്യാറെടുക്കുന്നത്. ഖത്തര്‍ എയര്‍വെയ്‌സ്, സിങ്കപ്പൂര്‍ എയര്‍ലൈന്‍സ്, എമിറേറ്റ്‌സ് എന്നിവയാണ് ആദ്യ മൂന്നില്‍ നില്‍ക്കുന്ന എയര്‍ലൈനുകള്‍. വ്യോമയാന മേഖലയില്‍ ഇതോടെ ലോകത്തിലെ മൂന്നാമത്തെ വലിയ വിപണിയായി ഇന്ത്യ സമീപഭാവിയില്‍ മാറും. നിരവധി കണക്കുകള്‍ പ്രകാരം അടുത്ത 15 വര്‍ഷത്തില്‍ 2,500 വിമാനങ്ങള്‍ ആവശ്യമായി വരുമെന്നും ഈ ആവശ്യം നിറവേറ്റുന്നതിന് ചരിത്രപരമായ കരാര്‍ സഹായകമാകുമെന്നും മോദി വ്യക്തമാക്കി.സുരക്ഷ, ഉപഭോക്തൃ സേവനം, സാങ്കേതികവിദ്യ, എഞ്ചിനീയറിംഗ്, നെറ്റ്‌വര്‍ക്ക്, മാനവ വിഭവശേഷി എന്നിവയിലൂടെ എയര്‍ ഇന്ത്യ വലിയൊരു പരിവര്‍ത്തന യാത്രയിലാണെന്നും എയര്‍ ഇന്ത്യയുടെയും ടാറ്റ സണ്‍സിന്റെയും ചെയര്‍മാനായ എന്‍. ചന്ദ്രശേഖരന്‍ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോ, രത്തന്‍ ടാറ്റ തുടങ്ങിയവര്‍ പങ്കെടുത്ത വീഡിയോ കോണ്‍ഫറന്‍സിലാണ് എയര്‍ ഇന്ത്യ ഉടമകളായ ടാറ്റ ഗ്രൂപ്പ് ചെയര്‍മാന്‍ എന്‍. ചന്ദ്രശേഖരന്റെ പ്രഖ്യാപനം. ലോകത്തിലെ ഏറ്റവും വലിയ ഒറ്റത്തവണ വിമാന വാങ്ങല്‍ കരാര്‍ കൂടിയാണിത് എന്ന പ്രത്യേകതയും കരാറിനുണ്ട്.
80 കോടിയിലധികം ഡോളറിന്റെ മൂല്യമുള്ള വിമാനം വാങ്ങല്‍ കരാറില്‍ എയര്‍ ഇന്ത്യയും വിമാന നിര്‍മ്മാണ കമ്പനികളും കരാര്‍ ഒപ്പിട്ടതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് എന്‍. ചന്ദ്രശേഖരന്റെ പ്രഖ്യാപനം. പ്രധാനമന്ത്രി, ഫ്രഞ്ച് പ്രസിഡന്റ്, രത്തന്‍ ടാറ്റ എന്നിവര്‍ക്ക് പുറമേ വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, വ്യവസായ – വാണിജ്യമന്ത്രി പിയൂഷ് ഗോയല്‍, എയര്‍ ബസ് സി.ഇ.ഒ. എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു കരാര്‍ പ്രഖ്യാപനം. പുതിയ റൂട്ടുകളിലടക്കം വിമാന സര്‍വീസുകള്‍ ആരംഭിച്ച് പ്രവര്‍ത്തനം വിപുലീകരിക്കുന്നതിന്റെ ഭാഗമായിട്ടാണ് നടപടി. 17 വര്‍ഷത്തിനിടെ എയര്‍ ഇന്ത്യ ഇതാദ്യമായാണ് വിമാനങ്ങള്‍ക്കായി ഓര്‍ഡര്‍ നല്‍കുന്നത്. 2022 ജനുവരിയില്‍ സര്‍ക്കാരില്‍ നിന്ന് എയര്‍ ഇന്ത്യ ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലായതിന് ശേഷം നല്‍കുന്ന ആദ്യ ഓര്‍ഡര്‍ കൂടിയാണിതെന്ന പ്രത്യേകതയും ഉണ്ട്. 2005ലാണ് എയര്‍ ഇന്ത്യ അവസാനമായി ഓര്‍ഡര്‍ നല്‍കിയത്. അന്ന് 111 വിമാനങ്ങള്‍ക്കാണ് ഓര്‍ഡര്‍ നല്‍കിയിരുന്നത്.
എയര്‍ബസില്‍നിന്ന് എ350, എ320, ബോയിങ്ങില്‍നിന്ന് 737 മാക്‌സ്, 787 ഡ്രീംലൈനേഴ്‌സ്, 777 എക്‌സ് തുടങ്ങിയ വിമാനങ്ങളാണ് വാങ്ങുക. എയര്‍ബസില്‍ നിന്നും ബോയിംഗില്‍ നിന്നും ഓര്‍ഡര്‍ ചെയ്ത മൊത്തം വിമാനങ്ങളുടെ എണ്ണം 470 ആണ്. വാണിജ്യ വ്യോമയാന ചരിത്രത്തിലെ എക്കാലത്തെയും വലിയ ഒറ്റ ഓര്‍ഡറാണിത്. പുതിയ വിമാനങ്ങളില്‍ ആദ്യത്തേത് 2023 അവസാനത്തോടെയാണ് സര്‍വീസ് ആരംഭിക്കുക, 2025 പകുതിയോടെ ബാക്കിയുള്ളവയും സര്‍വീസ് ആരംഭിക്കും. ഇതിനിടെ, എയര്‍ ഇന്ത്യയെ പഴയ പ്രതാപത്തിലേക്ക് തിരിച്ചു കൊണ്ടുവരാനുള്ള തന്റെ പദ്ധതിയുടെ ഭാഗമായി എയര്‍ലൈനിന്റെ സിഇഒ കാംബെല്‍ വില്‍സണ്‍ പാട്ടത്തിനെടുത്ത 11 B777 വിമാനങ്ങളും 25 A320 വിമാനങ്ങളും എയര്‍ ഇന്ത്യ ഡെലിവറി ചെയ്യാന്‍ തുടങ്ങിയിട്ടുണ്ട്.