യുക്മ ദേശീയ കലാമേളയുടെ സമ്മാന ദാനം കവന്‍ട്രിയിലെ പോട്ടേഴ്‌സ് ഗ്രീനിലുള്ള കാര്‍ഡിനല്‍ വൈസ്മാന്‍ സ്‌കൂളില്‍ വച്ച് ബഹുമാന്യനായ കോട്ടയം എംപി ശ്രീ തോമസ് ചാഴിക്കാടന്‍ നിര്‍വഹിച്ചു.
യുകെയില്‍ എത്തിപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ ചതിക്കുഴിയില്‍ വീഴുന്നതായി നിരവധി വാര്‍ത്തകള്‍ കാണുന്നു. യുക്മ പോലുള്ള വലിയ സംഘടനകള്‍ക്ക് ഈ പ്രശ്‌നത്തില്‍ ഇടപെടാനും വലിയ മാറ്റം കൊണ്ടുവരാനും കഴിയുമെന്ന് തന്റെ പ്രസംഗത്തില്‍ തോമസ് ചാഴിക്കാടന്‍ എംപി പറഞ്ഞു.
നാട്ടിലെ പോലുള്ള കലോത്സവം, വള്ളംകളി, യുക്മയുടെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍, യുകെയിലുള്ള കുട്ടികളെ മലയാളം പഠിപ്പിക്കല്‍ തുടങ്ങി വിവധ പ്രവര്‍ത്തനങ്ങളെ എംപി തന്റെ പ്രസംഗത്തില്‍ പ്രശംസിച്ചു.
സെക്രട്ടറി കുര്യന്‍ ജോര്‍ജ് ഏവര്‍ക്കും സ്വാഗതം പറഞ്ഞു.
ചടങ്ങില്‍ യുക്മ പ്രസിഡന്റ് ഡോ ബിജു പെരിങ്ങത്തറ അധ്യക്ഷ പ്രസംഗം നടത്തി. യുക്മയുടെ കലാമേള ദിവസം മത്സരങ്ങള്‍ വൈകിയതിനാല്‍ സമ്മാനദാനം പൂര്‍ത്തിയാക്കാനായില്ല. അതിനാലാണ് ചടങ്ങ് മാറ്റിവച്ചത്. ഇതൊരു നിമിത്തവുമായി. അതിനാലാണ് ശ്രീ തോമസ് ചാഴിക്കാടനെ നമ്മുടെ പരിപാടിയില്‍ ലഭിക്കാന്‍ ഭാഗ്യമുണ്ടായതെന്ന് ഡോ ബിജു പെരിങ്ങത്തറ അദ്ധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു.
യുക്മ സെക്രട്ടറി, ജോയ്ന്റ് സെക്രട്ടറി, ട്രഷറര്‍, നാഷണല്‍ കോര്‍ഡിനേറ്റേഴ്‌സ്, യുക്മ ഭാരവാഹികള്‍ എന്നിവര്‍ വേദിയില്‍ അണിനിരന്നു
കലാമേള നടന്ന ഇന്നസെന്റ് നഗറില്‍ വെച്ച് വിതരണം ചെയ്യാന്‍ സാധിക്കാതിരുന്ന ഇനങ്ങളിലെ സമ്മാനങ്ങളും, ഓരോ ഗ്രൂപ്പിലെയും വ്യക്തിഗത ചാമ്പ്യന്‍മാര്‍, ഭാഷാകേസരി, നാട്യമയൂരം, കലാപ്രതിഭ, കലാതിലകം, ചാമ്പ്യന്‍ അസ്സോസ്സിയേഷന്‍, റണ്ണറപ് അസ്സോസ്സിയേഷന്‍, ചാമ്പ്യന്‍ റീജിയന്‍, റണ്ണറപ് റീജിയന്‍ എന്നിവര്‍ക്കുള്ള സമ്മാനങ്ങളുമാണ് വിതരണം ചെയ്തത്.
178 പോയിന്റുമായി മിഡ്‌ലാന്‍ഡ് റീജിയന്‍ കിരീടം നേടി.
148 പോയിന്റ് നേടി യോര്‍ക്ക്ഷയര്‍ ആന്റ് ഹംബര്‍ റീജിയന്‍ രണ്ടാം സ്ഥാനവും 88 പോയിന്റോടെ സൌത്ത് വെസ്റ്റ് റീജിയന്‍ മൂന്നാം സ്ഥാനവും നേടി സമ്മാനങ്ങള്‍ ഏറ്റുവാങ്ങി.
85 പോയിന്റോടെ ബര്‍മിംങ്ഹാം സിറ്റി മലയാളി കമ്യൂണിറ്റി ചാമ്പ്യന്‍ അസ്സോസ്സിയേഷന്‍ സ്ഥാനം കരസ്ഥമാക്കിയപ്പോള്‍ 72 പോയിന്റ്മായി ഷെഫീല്‍ഡ് കേരള കള്‍ച്ചറല്‍ അസ്സോസ്സിയേഷന്‍ രണ്ടാം സ്ഥാനവും 71 പോയിന്റോടെ ഈസ്റ്റ് യോര്‍ക്ക്ഷയര്‍ കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ലൂട്ടന്‍ കേരളൈറ്റ്‌സ് അസ്സോസ്സിയേഷനിലെ ടോണി അലോഷ്യസ് കലാപ്രതിഭ പട്ടം ഏറ്റുവാങ്ങി. വാര്‍വ്വിക് ആന്‍ഡ് ലമിംങ്ടണ്‍ അസ്സോസ്സിയേഷനിലെ അമേയ കൃഷ്ണ നിധീഷ് കലാതിലക പട്ടം സ്വന്തമാക്കി.
ഈസ്റ്റ് യോര്‍ക്ക്ഷയര്‍ കള്‍ച്ചറല്‍ ഓര്‍ഗനൈസേഷനില്‍ നിന്നുള്ള ഇവ മരിയ കുര്യാക്കോസ് നാട്യമയൂര പട്ടത്തിന് അര്‍ഹയായപ്പോള്‍ ഭാഷാകേസരി പട്ടത്തിന് അര്‍ഹയായത് ബര്‍മിംങ്ഹാം സിറ്റി മലയാളി കമ്മ്യൂണിറ്റിയിലെ സൈറ മരിയ ജിജോയാണ്.
ഗ്രൂപ്പ് ചാമ്പ്യന്‍മാരായി കിഡ്‌സ് വിഭാഗത്തില്‍ വാര്‍വ്വിക് ആന്‍ഡ് ലമിംങ്ടണ്‍ അസ്സോസ്സിയേഷനിലെ അമേയ കൃഷ്ണ നിധീഷ്, സബ്ബ് ജൂണിയര്‍ വിഭാഗത്തില്‍ ബി.സി.എം.സിയുടെ കൃഷ്ണരാഗ് പ്രവീണ്‍ ശേഖര്‍, ജൂണിയര്‍ വിഭാഗത്തില്‍ EYCO യുടെ ഇവ മരിയ കുര്യാക്കോസ്, സീനിയര്‍ വിഭാഗത്തില്‍ LUKA യിലെ ടോണി അലോഷ്യസ് എന്നിവര്‍ വിജയിച്ച് സമ്മാനങ്ങള്‍ സ്വന്തമാക്കി.
പ്രൗഢമായ പരിപാടികളാണ് വേദിയില്‍ അരങ്ങേറിയിരിക്കുന്നത്.
ചിത്രങ്ങള്‍ക്ക് കടപ്പാട് ; സാജു അത്താണി (ബെറ്റര്‍ ഫ്രെയിംസ് യുകെ)