ഉത്തരകാശിയിലെ സില്‍ക്യാര ദന്തല്‍ഗാവ് തുരങ്കത്തിനുള്ളില്‍ നിന്ന് രക്ഷപ്പെടുത്തിയ 41 തൊഴിലാളികളെയും പ്രത്യേക ഹെലികോപ്ടറില്‍ ഋഷികേശിലേ എംയിസിലേക്ക് മാറ്റി. എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമായതോടെയാണ് വ്യോമമാര്‍ഗം ഇവരെ എയിംസിലേക്ക് മാറ്റിയത്. അതേസമയം, തുരങ്കത്തിലകപ്പെട്ട തൊഴിലാളികള്‍ക്കും രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടവര്‍ക്കും സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
രക്ഷപ്പെടുത്തിയ 41 തൊഴിലാളികളെയും എയിംസിലേക്ക് മാറ്റുന്നതിന് മുമ്പ് ചിന്യാലിസോറിലെ ആശുപത്രിയിലെത്തി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി സന്ദര്‍ശിച്ചു. ഓരോരുത്തര്‍ക്കും ഒരു ലക്ഷം രൂപയുടെ ചെക്ക് അദ്ദേഹം കൈമാറി. തുരങ്കത്തിനുള്ളില്‍ കുടുങ്ങിയ തൊഴിലാളികളെ പുറത്തെത്തിക്കാന്‍ സഹായിച്ച രക്ഷാപ്രവര്‍ത്തകര്‍ക്ക് 50,000 രൂപ പാരിതോഷികവും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.
തൊഴിലാളികള്‍ക്കാര്‍ക്കും പരിക്കുകളൊന്നുമില്ലെങ്കിലും മുന്‍കരുതലിന്റെ ഭാഗമായാണ് എയിംസിലേക്ക് മാറ്റിയത്. ഇവിടെ ഇവര്‍ 24 മണിക്കൂര്‍ നിരീക്ഷണത്തില്‍ കഴിയും. കൂടുതല്‍ ആരോഗ്യ പരിശോധനകള്‍ നടത്തുകയും ചെയ്യും. 17 ദിവസം സൂര്യപ്രകാശം തട്ടാത്തതിനെ തുടര്‍ന്നോ മറ്റോ എന്തെങ്കിലും ആരോഗ്യ പ്രശ്‌നങ്ങളുണ്ടോ എന്ന് നിരീക്ഷിക്കും. ചിന്യാലിസോറില്‍ നിന്ന് 150 കിലോമീറ്റര്‍ അകലെയാണ് ഋഷികേശ് എയിംസ്. എത്രയും വേഗം എത്തിക്കണമെന്നതിനാലാണ് ഹെലികോപ്റ്റര്‍ ഉപയോഗിച്ചത്. നേരത്തെ തന്നെ ഹെലികോപ്റ്റര്‍ സജ്ജമാക്കി നിര്‍ത്തിയിരുന്നു.