ആന്ധ്രപ്രദേശില്‍ അജ്ഞാത രോഗം ബാധിച്ച് രണ്ട് മാസത്തിനിടെ 20 പേര്‍ മരിച്ച സാഹചര്യത്തില്‍ ഗുണ്ടൂര്‍ ജില്ലയിലെ തുരകപാലം ഗ്രാമത്തില്‍ ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവാണ് വെള്ളിയാഴ്ച സുപ്രധാന ഉത്തരവ് പുറത്തിറക്കിയത്. പിന്നാലെ പ്രദേശത്തെ ആരോഗ്യ സ്ഥിതി വിലയിരുത്താന്‍ വിദഗ്ദ്ധര്‍ അടങ്ങിയ ഉന്നതതല മെഡിക്കല്‍ സംഘത്തെ അയക്കാനും തീരുമാനിച്ചു. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. രഘുനന്ദന്റെ നേതൃത്വത്തിലുള്ള സംഘം രോഗബാധിത ഗ്രാമം സന്ദര്‍ശിച്ച് സമഗ്രമായ അന്വേഷണം നടത്തും.
മെലിയോയിഡോസിസ് എന്നറിയപ്പെടുന്ന ഒരു ബാക്ടീരിയല്‍ അണുബാധയാണ് ഇരുപത് പേരുടെ ജീവനെടുത്തതെന്ന് ആരോഗ്യ ഉദ്യോഗസ്ഥര്‍ പറഞ്ഞു. രണ്ട് പേര്‍ ഇപ്പോള്‍ ചികിത്സയിലാണ്. മഴക്കാലത്തും വെള്ളപ്പൊക്ക സമയങ്ങളിലും മണ്ണിലും കെട്ടിക്കിടക്കുന്ന വെള്ളത്തിലും കാണപ്പെടുന്ന ബര്‍ഖോള്‍ഡേറിയ സ്യൂഡോമല്ലി എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന രോഗമാണ് മെലിയോയിഡോസിസ്. ഗുരുതരമായ അണുബാധയാണിത്. ആന്റിബയോട്ടിക്കുകള്‍ സമയമെടുത്താണെങ്കിലും രോഗമുക്തി നല്‍കുമെങ്കിലും രോഗനിര്‍ണയം ഒരു വെല്ലുവിളിയാണ്.
പ്രമേഹബാധിതരടക്കം മറ്റ് രോഗങ്ങള്‍ അലട്ടുന്ന വ്യക്തികളിലാണ് മെലിയോയിഡോസിസ് ബാധിച്ചതെങ്കില്‍ സ്ഥിതി കൂടുതല്‍ ഗുരുതരമാകും. ഗ്രാമത്തിലെ 2,500 താമസക്കാരെയും പരിശോധിക്കാന്‍ ഉത്തരവിട്ടിട്ടുണ്ട്. ഇവരുടെ വൃക്കകളുടെ പ്രവര്‍ത്തനം, രക്തസമ്മര്‍ദ്ദം, രക്തത്തിലെ പഞ്ചസാരയുടെ അളവ് എന്നിവയടക്കം പരിശോധിക്കുമെന്നാണ് വിവരം.