ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ചിരുന്ന വോട്ടില്‍ ചോര്‍ച്ചയുണ്ടായതിന്റെ ഞെട്ടലില്‍ പ്രതിപക്ഷം. വോട്ട് ചോര്‍ച്ചയുണ്ടായത് എഎപി, ശിവസേന ഉദ്ധവ് താക്കറേ പാര്‍ട്ടികളില്‍ നിന്നാണെന്നാണ് ഇന്‍ഡ്യ മുന്നണിയുടെ വിലയിരുത്തല്‍.
വിജയിക്കാന്‍ കഴിഞ്ഞില്ലെങ്കിലും 324 വോട്ട് നേടാന്‍ കഴിയുമെന്നായിരുന്നു ഇന്‍ഡ്യ മുന്നണി പ്രതീക്ഷിച്ചിരുന്നത്. ഇന്നലെ വൈകീട്ടും 315 വോട്ടുകള്‍ ലഭിക്കുമെന്ന് ഇന്‍ഡ്യ മുന്നണി നേതാക്കള്‍ പറഞ്ഞിരുന്നു. എന്നാല്‍ വോട്ടെണ്ണി കഴിഞ്ഞപ്പോള്‍ 300 വോട്ടുകളാണ് ലഭിച്ചത്.
നേരത്തെ തന്നെ ഇന്‍ഡ്യ മുന്നണി വിട്ട എഎപിയിലെ ചില എംപിമാര്‍ ബിജെപിയോട് മൃദുസമീപനം എടുത്തു. ശിവസേന ഉദ്ദവ് താക്കറേ വിഭാഗം എംപിമാരില്‍ ഒരു വിഭാഗം ഏക്നാഥ് ഷിന്‍ഡെ വിഭാഗവുമായി കൈകോര്‍ക്കാന്‍ ആഗ്രഹിക്കുന്നു. ഇതിനാല്‍ അവരും എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്തെന്നാണ് ഇന്‍ഡ്യ മുന്നണിയുടെ വിലയിരുത്തല്‍.
ആകെ പോള്‍ ചെയ്ത 767 വോട്ടുകളില്‍ 452 വോട്ടുകള്‍ നേടിയാണ് സി പി രാധാകൃഷ്ണന്റെ വിജയം. 152 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സി പി രാധാകൃഷ്ണന്‍ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.