ഉത്തര്‍പ്രദേശിലെ മീററ്റില്‍ നഗ്‌നരായി സംഘം ചേര്‍ന്നെത്തി സ്ത്രീകളെ ആക്രമിക്കുന്ന സംഘത്തെ കണ്ടെത്താനാകാതെ പൊലീസ്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ഡ്രോണ്‍ പരിശോധന നടത്തിയെങ്കിലും ഫലം ഉണ്ടായില്ല
സ്ഥലത്ത് നിരീക്ഷണത്തിനായി സിസിടിവികള്‍ സ്ഥാപിച്ചു. സ്ത്രീകളുടെ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ വനിത കോണ്‍സ്റ്റബിള്‍മാരെ പ്രദേശത്ത് വിന്യസിച്ചു. നഗ്‌ന സംഘത്തില്‍ നിന്ന് നാലു പേര്‍ക്ക് ഇതുവരെ ആക്രമണം നേരിട്ടു.
അടുത്തിടെ ഭരാല ഗ്രാമത്തില്‍ ജോലിസ്ഥലത്തേക്ക് ഒറ്റയ്ക്ക് പോകുകയായിരുന്ന ഒരു സ്ത്രീയെ രണ്ട് പുരുഷന്മാര്‍ വയലിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോകാന്‍ ശ്രമിച്ചു. ആ സ്ത്രീ നിലവിളിച്ചുകൊണ്ട് അവരുടെ പിടിയില്‍ നിന്ന് സ്വയം മോചിതയായി.
ഗ്രാമവാസികള്‍ ഉടന്‍ തന്നെ സ്ഥലത്തെത്തി എല്ലാ വശങ്ങളില്‍ നിന്നും വയലുകള്‍ വളഞ്ഞു. പക്ഷേ ആരെയും കണ്ടെത്തിയില്ല. അവര്‍ എങ്ങനെയിരിക്കുന്നുവെന്ന് ചോദിച്ചപ്പോള്‍, പ്രതികള്‍ വസ്ത്രങ്ങളൊന്നും ധരിച്ചിട്ടില്ലെന്ന് സ്ത്രീ കുടുംബാംഗങ്ങളോട് പറഞ്ഞു.
''ആദ്യം ഗ്രാമവാസികള്‍ ഇത് ഗൗരവമായി എടുത്തില്ല. എന്നാല്‍ ഇപ്പോള്‍ ഭയത്തിന്റെ അന്തരീക്ഷമാണ് നിലനില്‍ക്കുന്നത്. ഈ സംഘം ഇതുവരെ സ്ത്രീകളെ മാത്രമേ ലക്ഷ്യമിട്ടിട്ടുള്ളൂ,'' ഗ്രാമത്തലവന്‍ രാജേന്ദ്ര കുമാര്‍ പറഞ്ഞു.