രാജ്യത്തെ റെയില്‍, എനര്‍ജി, പ്ലാനിംഗ് സിസ്റ്റം എന്നിവയ്ക്ക് മേല്‍ നിയന്ത്രണം ഏറ്റെടുക്കുന്നതായി കിംഗ്‌സ് സ്പീച്ചില്‍ പ്രഖ്യാപിച്ച് ലേബറിന്റെ പുതിയ കാലത്തിന് നാന്ദി കുറിയ്ക്കുന്നതായി അറിയിച്ച് കീര്‍ സ്റ്റാര്‍മര്‍. 14 വര്‍ഷത്തിനിടെ ലേബറിനായി രാജാവിന്റെ ആദ്യ പ്രസംഗത്തില്‍ 40-ലേറെ ബില്ലുകളാണ് ഉള്‍പ്പെടുത്തിയത്. ജനപ്രിയ രാഷ്ട്രീയത്തെ പ്രതിരോധിക്കുകയും, ജീവിതങ്ങള്‍ മാറ്റിമറിക്കുകയും ചെയ്യുന്ന യഥാര്‍ത്ഥ മാറ്റം സമ്മാനിക്കുകയും ചെയ്യുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു.
രാജാവിന്റെ അഭിസംബോധനയ്ക്ക് ശേഷം കോമണ്‍സില്‍ ഋഷി സുനാകുമായി ഏറ്റുമുട്ടിയ പ്രധാനമന്ത്രി തങ്ങളുടെ ഉദ്ദേശലക്ഷ്യത്തിന്റെ രേഖപ്പെടുത്തലാണ് ഈ പാക്കേജെന്ന് വ്യക്തമാക്കി. കൂടാതെ അടിസ്ഥാനം ശക്തിപ്പെടുത്താനുള്ള ദീര്‍ഘകാല പദ്ധതിയാണ് ഇതെന്നും സ്റ്റാര്‍മര്‍ വ്യക്തമാക്കി.
പ്ലാനിംഗ് സിസ്റ്റം പരിഷ്‌കരിക്കല്‍, റെയില്‍വെയെ വീണ്ടും ദേശീയവത്കരിക്കല്‍, കേന്ദ്രീകൃത ജിപി എനര്‍ജി ബോഡി, ചാനല്‍ കുടിറ്റക്കാരെ മനുഷ്യക്കടത്ത് നടത്തുന്ന സംഘങ്ങള്‍ക്കെതിരെ തീവ്രവാദ നിയമങ്ങള്‍ പ്രയോഗിക്കുക എന്നിങ്ങനെയാണ് നടപടികളുടെ നിര. അതേസമയം വിവാദം ഉയര്‍ന്നെങ്കിലും പ്രൈവറ്റ് സ്‌കൂള്‍ ഫീസില്‍ വാറ്റ് ഏര്‍പ്പെടുത്താനുള്ള നയവുമായി മുന്നോട്ട് പോകുമെന്ന് രാജാവിന്റെ നയപ്രഖ്യാപനത്തില്‍ വ്യക്തമാക്കി.
ഗ്രീന്‍ ബെല്‍റ്റിന്റെ സംരക്ഷണം കുറച്ച് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള ലേബറിന്റെ പദ്ധതി ടോറികള്‍ക്ക് പുറമെ, ലിബറല്‍ ഡെമോക്രാറ്റ്, ഗ്രീന്‍സ് എന്നിവരുടെ എതിര്‍പ്പിന് ഇടയാക്കുന്നുണ്ട്. കൂടാതെ യൂണിയനുകള്‍ക്കും, ജോലിക്കാര്‍ക്ക് ആദ്യ ദിനം മുതല്‍ തന്നെ അവകാശങ്ങള്‍ ലഭ്യമാക്കാനുമുള്ള ലേബര്‍ നീക്കത്തെ ബിസിനസ്സുകളും എതിര്‍പ്പ് അറിയിച്ചിട്ടുണ്ട്.