ആശുപത്രിയിലെ നിയോനേറ്റല്‍ യൂണിറ്റില്‍ നിന്നും കുഞ്ഞിനെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ച് സ്റ്റുഡന്റ് നഴ്‌സ്. പ്ലേസ്‌മെന്റില്‍ ഇരിക്കവെയാണ് വിദ്യാര്‍ത്ഥി നഴ്‌സ് കുഞ്ഞുങ്ങളെ നിരീക്ഷിക്കുകയും തട്ടിക്കൊണ്ട് പോകാനുള്ള ശ്രമം നടത്തുകയും ചെയ്തതെന്ന് കോടതി വിചാരണയില്‍ വ്യക്തമാക്കി.
36-കാരി സഫിയാ ഇഹ്മെദിയാണ് നവജാതശിശുവില്‍ താല്‍പര്യം കാണിക്കുകയും, കുഞ്ഞിന്റെ അമ്മയോട് വംശപാരമ്പര്യത്തെ കുറിച്ച് ചോദിച്ചറിയുകയും ചെയ്തതെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു. വോള്‍വര്‍ഹാംപ്ടണിലെ ന്യൂ ക്രോസ് ആശുപത്രിയിലെ വാര്‍ഡിലേക്ക് ഇവര്‍ പല തവണ കയറിയിറങ്ങി. ഇവിടേക്ക് വരരുതെന്ന് പല തവണ നിര്‍ദ്ദേശിച്ചിട്ടും, സസ്‌പെന്‍ഡ് ചെയ്തിട്ടും ഇവര്‍ ഇത് ആവര്‍ത്തിച്ചു.
ഇതോടെ പോലീസില്‍ വിവരം അറിയിക്കുകയും, പരിശോധനയില്‍ നഴ്‌സ് കുഞ്ഞുങ്ങളുടെ വസ്ത്രങ്ങളും, കംഫോര്‍ട്ടറും സൂക്ഷിക്കുന്നതായി കണ്ടെത്തുകയുമായിരുന്നു. കാറില്‍ നിന്നും ടാഗ് നീക്കാത്ത കുട്ടികളുടെ വസ്തരങ്ങളും, പാസ്‌പോര്‍ട്ടും, 1500 പൗണ്ടും കണ്ടെത്തി. സഫിയാ ഇഹ്മെദിയ്ക്ക് കുഞ്ഞുങ്ങളുടെ വസ്ത്രം കൈയില്‍ വെയ്‌ക്കേണ്ട യാതൊരു ആവശ്യവുമില്ലെന്ന് പ്രോസിക്യൂട്ടര്‍ സിമ്രാന്‍ സന്ധു പറഞ്ഞു.
ഇത് കുഞ്ഞിനെ തട്ടിക്കൊണ്ട് പോകാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നാണ് ആരോപണം. നിയോനേറ്റല്‍ യൂണിറ്റില്‍ പല തവണ കയറിയിറങ്ങി കുഞ്ഞിനെ ലക്ഷ്യമിടുകയും, പുറത്തേക്ക് കൊണ്ടുപോകാനുള്ള വഴി തേടുകയും ചെയ്‌തെങ്കിലും നഴ്‌സുമാരുടെയും, രക്ഷിതാക്കളുടെയും സംയോജിതമായ ഇടപെടല്‍ ശ്രമങ്ങള്‍ തകര്‍ക്കുകയായിരുന്നു.
വോള്‍വര്‍ഹാംപ്ടണിലെ ആദ്യ വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്ന ഇഹ്മെദി ആശുപത്രിയില്‍ പ്ലേസ്‌മെന്റില്‍ എത്തിയതാണ്. മിഡ്‌വൈഫറി ഡിപ്പാര്‍ട്ട്‌മെന്റില്‍ അല്ലാത്തതിനാല്‍ ഇവര്‍ ഇവിടെ ഉണ്ടാകേണ്ട കാര്യമില്ലായിരുന്നു. തുടര്‍ച്ചയായി പല തവണ വാര്‍ഡില്‍ കയറിയതോടെ നഴ്‌സുമാര്‍ ഇവരെ ചോദ്യം ചെയ്യുകയും ഇറക്കിവിടുകയും ചെയ്തു. എന്നിട്ടും ഇഹ്മെദി വരവ് ആവര്‍ത്തിച്ചു. ഇതോടെ ഇവരെ സസ്‌പെന്‍ഡ് ചെയ്‌തെങ്കിലും പിന്നീട് പങ്കാളിയുമായി യൂണിറ്റില്‍ എത്തുകയായിരുന്നു. ഇത് ശ്രദ്ധിച്ച അമ്മ വിവരം നല്‍കിയതോടെ നഴ്‌സുമാര്‍ പോലീസിനെ വിളിക്കുകയായിരുന്നു.