ഹമാസ് മേധാവിയെ വധിച്ചതിന് പകരം ചോദിക്കുമെന്ന് ഇറാന്‍ വ്യക്തമാക്കിയതിന് പിന്നാലെ പൗരന്‍മാര്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കി ഇസ്രയേല്‍. ഹമാസ് നേതാവ് ഇസ്മാഈല്‍ ഹനിയ്യയുടെ വധത്തില്‍ തിരച്ചടി ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട് ഇസ്രയേലിന് ലഭിച്ചിരുന്നു.40 രാജ്യങ്ങളിലേക്കുള്ള യാത്ര സുരക്ഷിതമല്ലെന്ന് പൗരന്മാര്‍ക്ക് ഇസ്രായേല്‍ ദേശീയ സുരക്ഷാ കൗണ്‍സില്‍ മുന്നറിയിപ്പ് നല്‍കി. വിദേശത്തുള്ള പൗരന്മാര്‍ തങ്ങളുടെ ഇസ്രായേല്‍, ജൂത വ്യക്തിത്വം പ്രദര്‍ശിപ്പിക്കുന്നത് ഒഴിവാക്കുന്നത് ഉള്‍പ്പെടെയുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും കൗണ്‍സില്‍ നിര്‍ദേശിച്ചു.
ഹമാസ് രാഷ്ട്രീയ മേധാവി ഇസ്മാഈല്‍ ഹനിയ്യയുടെയും ഹിസ്ബുല്ലയുടെ നേതാവ് ഫുആദ് ഷുക്കറിന്റെയും കൊലപാതകത്തിന് പ്രതികാരം ചെയ്യുമെന്ന് ഇറാനും ഹിസ്ബുല്ലയും ഹമാസും പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് മുന്നറിയിപ്പെന്ന് കൗണ്‍സില്‍ വ്യക്തമാക്കി. പ്രാദേശിക അധികാരികള്‍ സുരക്ഷിതമെന്ന് പ്രഖ്യാപിക്കാത്ത വലിയ പരിപാടികള്‍ ഒഴിവാക്കുക. പ്രകടനങ്ങളില്‍ നിന്നും പ്രതിഷേധങ്ങളില്‍ നിന്നും വിട്ടുനില്‍ക്കണമെന്നും ഹിബ്രു ഇംഗ്ലീഷ് ഭാഷകളില്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.
ഇറാന്‍ ഇസ്രയേലിനെ ആക്രമിച്ചാല്‍ തിരിച്ചടിക്കാന്‍ മിഡില്‍ ഈസ്റ്റില്‍ സൈനിക സാന്നിധ്യം വര്‍ധിപ്പിപ്പിച്ച് അമേരിക്ക. ഇസ്രായേലിനെ സഹായിക്കാന്‍ മിഡില്‍ ഈസ്റ്റിലേക്ക് അമേരിക്ക നീങ്ങിയിരിക്കുന്നത്. യു.എസിന്റെ തിയോഡര്‍ റൂസ്വെല്‍റ്റ് കാരിയര്‍ സ്ട്രൈക്ക് ഗ്രൂപ്പിന്റെ സാന്നിധ്യമാണ് ഉണ്ടാക്കിയിരിക്കുന്നത്. യു.എസ്.എസ് എബ്രഹാം ലിങ്കണ്‍ പടക്കപ്പലിനെ കൊണ്ടുവരുമെന്ന് അറിയിച്ചിട്ടുണ്ട്. നാല് യുദ്ധവിമാനങ്ങളേയും മേഖലയില്‍ വിന്യസിക്കും.
കഴിഞ്ഞ ദിവസം ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹുവുമായി യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ ഫോണില്‍ സംസാരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സൈന്യത്തെ വിന്യസിച്ചിരിക്കുന്നത്.