തെക്കന്‍ ഗസയില്‍ അഭയാര്‍ത്ഥി ക്യാമ്പുകള്‍ക്ക് നേരെയുണ്ടായ ഇസ്രയേല്‍ ആക്രമണത്തില്‍ 40 പേര്‍ കൊല്ലപ്പെട്ടു. 60 പേര്‍ക്ക് പരിക്കേറ്റതായും ഗസയുടെ സിവില്‍ ഡിഫന്‍സ് ഏജന്‍സി അറിയിച്ചു.
ഖാന്‍ യൂനിസിലെ അല്‍ മവാസി മേഖലയിലെ ടെന്റുകളില്‍ കഴിഞ്ഞിരുന്നവര്‍ക്ക് നേരെയായിരുന്നു ആക്രമണം. ഹമാസ് കമാന്‍ഡ് സെന്റര്‍ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഇസ്രയേല്‍ സൈന്യം അറിയിച്ചു. ഇന്ന് പുലര്‍ച്ചെയുണ്ടായ ആക്രമണത്തില്‍ 20-ഓളം ടെന്റുകള്‍ തകര്‍ന്നിട്ടുണ്ട്. സുരക്ഷിത ഇടമായി കണക്കാക്കിയിരുന്നിടത്തായിരുന്നു ആക്രമണം. മധ്യഗാസയില്‍ ഇന്നലെയുണ്ടായ ഇസ്രയേല്‍ ബോംബാക്രമണത്തില്‍ കുട്ടികളടക്കം 20 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടിരുന്നു.
അതേസമയം, ഗസയില്‍ വെടിനിര്‍ത്തല്‍ വേണമെന്ന ആവശ്യത്തെ വിദേശകാര്യമന്ത്രി ജയശങ്കര്‍ പിന്തുണച്ചു. ഇന്ത്യ-ജിസിസി (ഇന്ത്യ-ഗള്‍ഫ് കോഓപ്പറേഷന്‍) വിദേശകാര്യമന്ത്രിമാരുടെ ആദ്യ യോഗത്തില്‍ സംസാരിക്കവെയാണ് ഇസ്രായേല്‍-ഗസ സംഘര്‍ഷത്തില്‍ ഇന്ത്യ നിലപാട് വിശദീകരിച്ചത്.